Canva
Econopolitics

ട്രംപിന്റെ താരിഫ് യുദ്ധത്തിന് ചൈനയുടെ 'സോയാബീന്‍' പ്രഹരം; ഒരൊറ്റ അടിയില്‍ മൂക്കുകുത്തി വീണ് യുഎസ് വിപണി

സാധാരണയായി വാങ്ങുന്ന ബ്രസീലില്‍ നിന്നുള്ള അളവ് കൂട്ടിയും അര്‍ജന്റീനയില്‍ നിന്ന് കൂടുതല്‍ വാങ്ങിയുമാണ് യുഎസിനെ വെള്ളംകുടിപ്പിച്ചത്

Dhanam News Desk

ലോകരാജ്യങ്ങള്‍ക്കു മേല്‍ തോന്നിയപോലെ ഇറക്കുമതി തീരുവ ചുമത്തി അസ്വസ്ഥമാക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് ചൈനയില്‍ നിന്നൊരു വലിയ തിരിച്ചടി. യുഎസില്‍ ഉത്പാദിപ്പിക്കുന്ന സോയാബീന്റെ ഏറ്റവും വലിയ വിപണിയാണ് ചൈന. അമേരിക്കയിലെ കര്‍ഷകര്‍ പിടിച്ചുനില്‍ക്കുന്നത് തന്നെ ചൈന ഇവരുടെ സോയാബീന്‍ വാങ്ങിക്കൂട്ടുന്നതു മൂലമാണ്.

ചൈനയ്ക്കുമേലുള്ള തീരുവ 155 ശതമാനമാക്കി വര്‍ധിപ്പിക്കുമെന്ന് ട്രംപ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് യുഎസില്‍ നിന്നുള്ള സോയാബീന്‍ ഒട്ടും വാങ്ങേണ്ടതില്ലെന്ന് ചൈന തീരുമാനമെടുത്തത്. സെപ്റ്റംബറില്‍ അവര്‍ യുഎസില്‍ നിന്ന് ഒരുതരി സോയാബീന്‍ പോലും ഇറക്കുമതി ചെയ്തില്ല. സാധാരണയായി വാങ്ങുന്ന ബ്രസീലില്‍ നിന്നുള്ള അളവ് കൂട്ടിയും അര്‍ജന്റീനയില്‍ നിന്ന് കൂടുതല്‍ വാങ്ങിയുമാണ് യുഎസിനെ വെള്ളംകുടിപ്പിച്ചത്. 2018ന് ശേഷം ആദ്യമായാണ് ചൈനയുടെ യുഎസില്‍ നിന്നുള്ള സോയാബീന്‍ വാങ്ങല്‍ പൂജ്യത്തിലെത്തുന്നത്.

ഇറക്കുമതി കുരുക്ക്

കഴിഞ്ഞ മാസം ബ്രസീലില്‍ നിന്നുള്ള ഇറക്കുമതി മുന്‍ വര്‍ഷം സെപ്റ്റംബറിനെ അപേക്ഷിച്ച് 29.9 ശതമാനം വര്‍ധിച്ച് 1.096 കോടി ടണ്ണായി ഉയര്‍ന്നു. ചൈനീസ് സോയാബീന്‍ ഇറക്കുമതിയുടെ 85.2 ശതമാനം വരുമിത്. യുഎസിന് പകരമായി കണ്ടെത്തിയ അര്‍ജന്റീനയില്‍ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ മാസം കുത്തനെ കൂടി. 91.5 ശതമാനം വര്‍ധനയോടെ 11.7 ലക്ഷം ടണ്ണായി. സെപ്റ്റംബറില്‍ മാത്രം ചൈനയുടെ സോയാബീന്‍ ഇറക്കുമതി 1.287 കോടി മെട്രിക് ടണ്‍ ആയി ഉയര്‍ന്നു.

ഭക്ഷ്യ സുരക്ഷയില്‍ പൂര്‍ണമായും യുഎസിനെ മാത്രം ആശ്രയിക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന വിലയിരുത്തലിലാണ് ചൈനീസ് നേതൃത്വം. ഇതുകൂടി ഉള്‍ക്കൊണ്ടാണ് യുഎസില്‍ നിന്നുള്ള വാങ്ങല്‍ നിര്‍ത്തിവച്ചത്.

ചൈനയൂടെ നീക്കത്തിനൊരു മറുവശം കൂടിയുണ്ട്. യുഎസിലെ കര്‍ഷകര്‍ക്കിടയില്‍ അനിശ്ചിതാവസ്ഥ സൃഷ്ടിക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണ് അത്. ചൈന സോയാബീന്‍ വാങ്ങാതായതോടെ യുഎസില്‍ ഇതിന്റെ വില കുത്തനെ ഇടിഞ്ഞു. വാങ്ങാനാളില്ലാതെ സോയാബീന്‍ കെട്ടിക്കിടക്കുകയാണ്. കര്‍ഷകരോഷം സ്വഭാവികമായും ട്രംപിലേക്ക് എത്തും. ട്രംപിന് മേല്‍ സമ്മര്‍ദം ചൊലുത്തി താരിഫുകള്‍ കുറപ്പിക്കാനാണ് ചൈനീസ് ശ്രമം.

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതോടെ വളങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് യുഎസില്‍ വില വര്‍ധിച്ചിരുന്നു. ഇത് കര്‍ഷകരുടെ വരുമാനത്തെ ബാധിക്കുകയും ചെയ്തു. വിളകള്‍ കെട്ടിക്കിടക്കുക കൂടി ചെയ്യുന്നതോടെ ട്രംപ് ഭരണകൂടം മുട്ടുമടക്കുമെന്നാണ് ചൈനീസ് പ്രതീക്ഷ. അതേസമയം, കര്‍ഷകര്‍ക്കായി ഒരു സാമ്പത്തിക പാക്കേജ് യുഎസ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT