FCRA ഭേദഗതി ബില്‍ 2026 പ്രകാരം വിദേശ ഫണ്ടുപയോഗിച്ച് നിര്‍മിച്ച ആശുപത്രി, സ്‌കൂള്‍ പോലുള്ള ആസ്തികള്‍ വരെ രജിസ്‌ട്രേഷന്‍ നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാകാം. Designated Authorityക്ക് ആസ്തി കൈകാര്യം ചെയ്യാനും വില്‍ക്കാനും അധികാരം ലഭിക്കും. ശിക്ഷാവിധി അഞ്ച് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി കുറയ്ക്കുന്നുണ്ടെങ്കിലും, അപ്പീല്‍ സംവിധാനത്തിലെ അപാകതയും സന്നദ്ധസംഘടനകളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടലും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.
വിദേശത്തു നിന്ന് ഫണ്ട് സ്വീകരിക്കുന്ന എന്‍ജിഒകള്‍ക്കും ട്രസ്റ്റുകള്‍ക്കും വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങള്‍ക്കും മേല്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള ഒരു നിയമഭേദഗതിയാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയാകുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി ബില്‍ (Foreign Contribution (Regulation) Amendment Bill, 2026) സുതാര്യതയും ഉത്തരവാദിത്തവും വര്‍ധിപ്പിക്കാനുള്ള നിയമമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പ്രതിപക്ഷവും നിരവധി പൗരസമൂഹ സംഘടനകളും പറയുന്നതനുസരിച്ചാണെങ്കില്‍ ഈ നിയമ ഭേദഗതി സര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണാധികാരം നല്‍കും. എന്താണ് ഈ ബില്‍? എന്തൊക്കെയാണ് പ്രധാന മാറ്റങ്ങള്‍? എന്തുകൊണ്ടാണ് ഇത്രയും വിവാദമായത്? നമുക്ക് നോക്കാം.
Foreign Contribution Regulation Act അഥവാ FCRA ഇന്ത്യയിലെ വ്യക്തികള്‍ക്കും എന്‍ജിഒകള്‍ക്കും ട്രസ്റ്റുകള്‍ക്കും മത-വിദ്യാഭ്യാസ-സാമൂഹിക സംഘടനകള്‍ക്കും വിദേശത്തു നിന്ന് സംഭാവന സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ മുന്നോട്ടു വെക്കുന്ന നിയമമാണ്. ഈ നിയമ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് ആഭ്യന്തര മന്ത്രാലയമാണ്. ലക്ഷ്യം രണ്ട് കാര്യങ്ങളാണ്: വിദേശ ഫണ്ടിന്റെ ഉപയോഗത്തില്‍ സുതാര്യത ഉറപ്പാക്കുക. രാജ്യസുരക്ഷയ്‌ക്കോ ദേശീയ താല്‍പര്യത്തിനോ വിരുദ്ധമായി വിദേശ പണം ഉപയോഗിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുക. 2010-ലാണ് നിലവിലെ നിയമം വന്നത്. പിന്നീട് 2020-ല്‍ കര്‍ശന ഭേദഗതികളും നടപ്പാക്കി. ഇപ്പോള്‍ 2026-ലെ പുതിയ ഭേദഗതിയാണ് ചര്‍ച്ചയാകുന്നത്.
ഒരു സംഘടനയുടെ FCRA രജിസ്‌ട്രേഷന്‍ ഇല്ലാതായാല്‍, അതിന്റെ വിദേശ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ആസ്തികള്‍ക്ക് എന്ത് സംഭവിക്കും? ഇതുവരെ ഇക്കാര്യത്തില്‍ വ്യക്തമായ വ്യവസ്ഥയില്ലായിരുന്നു. പുതിയ ബില്‍ ഒരു Designated Authority രൂപീകരിക്കാനാണ് നിര്‍ദേശിക്കുന്നത്. വിദേശ ഫണ്ട്, അതിലൂടെ വാങ്ങിയ സ്വത്ത്, അതുപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍, മറ്റ് ആസ്തികള്‍ എന്നിവയെല്ലാം ഏറ്റെടുത്ത് നിയന്ത്രിക്കാനും പിന്നീട് നിയമപ്രകാരം കൈകാര്യം ചെയ്യാനും ഈ അതോറിട്ടിക്ക് അധികാരമുണ്ടാവും.
അഞ്ച് സാഹചര്യങ്ങളിലാണ് ആസ്തികള്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലാവുക. ഒന്ന്, രജിസ്‌ട്രേഷന്‍ റദ്ദാക്കിയാല്‍. രണ്ട്, FCRA ലംഘനം നടന്നെന്ന് സര്‍ക്കാര്‍ കണ്ടെത്തിയാല്‍. മൂന്ന്, സംഘടന തന്നെ FCRA രജിസ്‌ട്രേഷന്‍ സറണ്ടര്‍ ചെയ്താല്‍. നാല്, ഇനി വിദേശ ഫണ്ട് വേണ്ടെന്ന് തീരുമാനിച്ചാല്‍. അഞ്ച്, രജിസ്‌ട്രേഷന്‍ പുതുക്കിയില്ലെങ്കില്‍, അല്ലെങ്കില്‍ പുതുക്കല്‍ അപേക്ഷ സര്‍ക്കാര്‍ നിരസിച്ചാല്‍. ഈ സാഹചര്യങ്ങളില്‍ ആദ്യം ആസ്തികള്‍ അതോറിട്ടിയുടെ താത്കാലിക നിയന്ത്രണത്തിലാകും. പിന്നീട് പുതിയ രജിസ്‌ട്രേഷന്‍ ലഭിക്കുകയോ രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിക്കപ്പെടുകയോ ചെയ്താല്‍ അവ തിരികെ നല്‍കാം. അല്ലെങ്കില്‍ നിശ്ചിത സമയത്തിനുശേഷം ആസ്തികള്‍ സ്ഥിരമായി സര്‍ക്കാരിന്റെ നിയന്ത്രണത്തിലേക്ക് പോകാം. സ്ഥിരമായി സര്‍ക്കാരിന് കൈമാറിയ ആസ്തികള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നല്‍കാം. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈമാറാം. അല്ലെങ്കില്‍ വില്‍ക്കാം. വില്‍പനയില്‍ നിന്ന് ലഭിക്കുന്ന തുക സര്‍ക്കാര്‍ ഖജനാവിലേക്ക് പോകും.
നിലവിലെ നിയമത്തില്‍ ചില ലംഘനങ്ങള്‍ക്ക് പരമാവധി അഞ്ച് വര്‍ഷം വരെ തടവു ശിക്ഷയുണ്ട്. പുതിയ ബില്‍ ഇത് ഒരു വര്‍ഷമാക്കി കുറക്കാന്‍ നിര്‍ദേശിക്കുന്നു. അതായത് ആസ്തി നിയന്ത്രണം കര്‍ശനമാക്കുന്നതിനൊപ്പം ചില ക്രിമിനല്‍ ശിക്ഷകളില്‍ ഇളവും നിര്‍ദേശിക്കുന്നുണ്ട്.
ഈ ബില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതല്ലെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. നിലവിലുള്ള നിയമത്തില്‍ ഉണ്ടായിരുന്ന ഭരണപരമായ വിടവുകള്‍ നികത്തുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് വിദേശ ഫണ്ട് എവിടെ പോയി, ആസ്തികള്‍ എങ്ങനെ കൈകാര്യം ചെയ്യണം, നിയമലംഘനം നടന്നാല്‍ എന്ത് ചെയ്യണം എന്നതില്‍ വ്യക്തത വരുത്തുകയാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ഈ ബില്‍ ബാധിക്കില്ലെന്നും സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു.
വിമര്‍ശകര്‍ക്ക് ചില പ്രധാന ആശങ്കകളുണ്ട്. ഒരു എന്‍ജിഒ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദേശ ഫണ്ട് ഉപയോഗിച്ച് ഒരു ആശുപത്രിയോ സ്‌കൂളോ നിര്‍മിച്ചെന്നിരിക്കട്ടെ. പിന്നീട് വര്‍ഷങ്ങളായി ആഭ്യന്തരമായ ഫണ്ടുപയോഗിച്ചാണ് അത് പ്രവര്‍ത്തിക്കുന്നത്. എന്നാലും FCRA പുതുക്കിയില്ലെങ്കില്‍ ആ കെട്ടിടം പോലും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകുമെന്നതാണ് ഒരാശങ്ക. രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചാല്‍, ആ തീരുമാനത്തിനെതിരെ പ്രത്യേക അപ്പീല്‍ സംവിധാനം ബില്ലില്‍ ഇല്ലെന്നതാണ് മറ്റൊരു വിമര്‍ശനം. സന്നദ്ധസംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം കുറയുമെന്നും സര്‍ക്കാരിന് അധിക നിയന്ത്രണാധികാരം ലഭിക്കുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ഈ നിയമം സാധാരണ ബാങ്ക് അക്കൗണ്ടുള്ള ജനങ്ങളെ ബാധിക്കുന്നതല്ല. വിദേശ സംഭാവന സ്വീകരിക്കുന്ന എന്‍ജിഒകള്‍, ട്രസ്റ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സാമൂഹിക സേവന സംഘടനകള്‍, ചില മതസ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരും. അതിനാല്‍, FCRA ഭേദഗതി ബില്‍ ഒരു സാധാരണ നിയമഭേദഗതിയല്ല. വിദേശ ഫണ്ടിന്റെ നിയന്ത്രണവും ദേശീയ സുരക്ഷയും തമ്മിലുള്ള ബാലന്‍സ് എവിടെയാകണം എന്ന വലിയ ചര്‍ച്ചയാണിത്. ബില്‍ എന്തെല്ലാം മാറ്റങ്ങളോടെയാണ് പാസാകുന്നത് എന്നതും, അത് രാജ്യത്തെ ആയിരക്കണക്കിന് സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കും എന്നതുമാണ് ഇനി ശ്രദ്ധിക്കേണ്ട പ്രധാന വിഷയം.
Read DhanamOnline in English
Subscribe to Dhanam Magazine