Econopolitics

ക്രൂഡ് എണ്ണ വില വീണ്ടും ഉയരെ ; ഭീതിയില്‍ ഇന്ത്യന്‍ സമ്പദ് ഘടന

Dhanam News Desk

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതിലുള്ള ആശങ്കയില്‍ ഇന്ത്യന്‍ സമ്പദ് ഘടന.ബാരലിന് 10 ഡോളര്‍ എണ്ണവില വര്‍ദ്ധിക്കുന്നപക്ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 0.2-0.3 ശതമാനം പോയിന്റ് ഇനിയും താഴുമെന്നും കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) 9-10 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിക്കുമെന്നും കണക്കാക്കപ്പെടുന്നു.

ജിഡിപി വളര്‍ച്ചാ നിരക്കില്‍ ആറ് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവിലാണിപ്പോള്‍ ഇന്ത്യ. 2019-20 സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ പാദത്തില്‍ വളര്‍ച്ച 4.5% ആയി കുറഞ്ഞു നില്‍ക്കവേ ഇനിയും ഉണ്ടാകാവുന്ന അധോഗതി ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു.

ലോകത്തെ എണ്ണ ശേഖരത്തിന്റെ പത്ത് ശതമാനത്തോളം കൈവശമുള്ള ഇറാനെതിരെ, ബാഗ്ദാദില്‍ അമേരിക്ക നടത്തിയ സൈനിക നീക്കങ്ങളെ തുടര്‍ന്നാണ് ഇപ്പോഴത്തെ വര്‍ധന. ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ ബാരലിന് 4 ശതമാനത്തോളം വില ഉയര്‍ന്ന് 68.60 ഡോളറില്‍ എത്തി.

ഒപെകിലെ രണ്ടാമത്തെ വലിയ എണ്ണ ഉത്പാദകരാണ് ഇറാന്‍. ഇറാനും ഇറാഖും കഴിഞ്ഞ ഒരുമാസം പ്രതിദിനം 6.7 ദശലക്ഷം ബാരല്‍ ക്രൂഡ്ഓയിലാണ് ഉത്പാദിപ്പിച്ചുകൊണ്ടിരുന്നത്. ഒപെകിന്റെ ആകെ ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് വരുമിത്.ഇറാഖ്, സൗദി അറേബ്യ, ഇറാന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണ വിതരണക്കാരാണ്.

ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 3 ഡോളര്‍ ഉയര്‍ന്ന് 69.16 ഡോളറിലെത്തി. സെപ്റ്റംബര്‍ 17 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 1.76 ഡോളര്‍ അഥവാ 2.9 ശതമാനം ഉയര്‍ന്ന് 62.94 ഡോളറിലുമെത്തി. കേരളത്തില്‍ ഇന്ന് പെട്രോളിന് 10 പൈസയാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് ഇതോടെ വില 77.47 ആയി. ഡീസലിന് 16 പൈസ ഉയര്‍ന്ന് 72.12 ആയി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT