Image : Canva 
Econopolitics

ജര്‍മ്മനിയില്‍ നഴ്‌സുമാര്‍ക്ക് കടുത്ത ക്ഷാമം, ഇന്ത്യയില്‍ നിന്നടക്കം 40,000 ത്തോളം നഴ്‌സുമാരെ നിയമിക്കാന്‍ നീക്കം; പ്രതിമാസ ശമ്പളം ₹3.5 ലക്ഷം വരെ

നോര്‍ക്ക റൂട്‌സ് വഴി ജര്‍മ്മനിയില്‍ സ്‌റ്റൈപ്പന്റോടെ നഴ്‌സിംഗ് പഠനത്തിന് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്‌, വിശദവിവരങ്ങള്‍ അറിയാം

Dhanam News Desk

ആരോഗ്യമേഖലയില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന ജര്‍മ്മനി, വിദേശ നഴ്‌സുമാരെ തേടുന്നു. നിലവില്‍ 40,000-ത്തോളം നഴ്‌സുമാരുടെ കുറവാണ് രാജ്യത്തുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ ഒഴിവുകളിലേക്ക് ഇന്ത്യന്‍ പ്രൊഫഷണലുകളെ, പ്രത്യേകിച്ച് മലയാളി നഴ്‌സുമാരെയാണ് ജര്‍മ്മനി പ്രധാനമായും ലക്ഷ്യമിടുന്നത്.

പ്രതിമാസം ശരാശരി 4,000 യൂറോ (ഏകദേശം 3.5 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ ജര്‍മ്മനിയിലെ വിദേശ നഴ്‌സുമാരില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യക്കാര്‍.'എംപ്ലോയര്‍ പേയ്സ്' (Employer Pays) മാതൃകയില്‍ റിക്രൂട്ട്മെന്റ് ചിലവുകള്‍ തൊഴിലുടമ തന്നെ വഹിക്കുന്ന രീതിയിലാകും നിയമനം.

ഒരു നഴ്‌സിനെ റിക്രൂട്ട് ചെയ്യുന്നതിനായി ഏകദേശം 8,000 മുതല്‍ 18,000 യൂറോ വരെയാണ് ജര്‍മ്മന്‍ തൊഴിലുടമകള്‍ ചിലവാക്കുന്നത്. ഇതില്‍ വിസ നടപടികള്‍, യാത്രാ ചിലവ്, ജര്‍മ്മനിയിലെ താമസസൗകര്യം ഒരുക്കല്‍ തുടങ്ങിയവ ഉള്‍പ്പെടും.

എന്തുകൊണ്ട് ഇന്ത്യക്കാര്‍?

ജര്‍മ്മനിയിലെ പ്രായമേറിവരുന്ന ജനസംഖ്യയും മികച്ച ആരോഗ്യപരിരക്ഷാ സംവിധാനങ്ങളുമാണ് നഴ്‌സുമാരുടെ ആവശ്യകത വര്‍ധിപ്പിക്കുന്നത്. മുന്‍പ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെയാണ് ജര്‍മ്മനി ആശ്രയിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യന്‍ നഴ്‌സുമാരുടെ മികച്ച ക്ലിനിക്കല്‍ പരിശീലനവും ഇംഗ്ലീഷ് ഭാഷാ നൈപുണ്യവുമാണ് അവരെ മുന്‍നിരയില്‍ എത്തിക്കുന്നത്.

ജര്‍മ്മന്‍ ഭാഷയില്‍ കുറഞ്ഞത് B2 ലെവല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കാണ് അവസരം. ഇന്ത്യയിലെ നഴ്‌സിംഗ് ബിരുദം ജര്‍മ്മന്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് 'അനര്‍ക്കെനുങ്' (Anerkennung/Recognition) പ്രക്രിയയിലൂടെ അംഗീകാരം നേടണം. 24 നും 27 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് കൂടുതല്‍ മുന്‍ഗണന ലഭിക്കുന്നത്.

ഇന്ത്യ-ജര്‍മ്മനി സഹകരണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജര്‍മ്മന്‍ ചാന്‍സലറും തമ്മിലുള്ള ചര്‍ച്ചകളുടെ ഭാഗമായി കുടിയേറ്റ-തൊഴില്‍ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രതിവര്‍ഷം 90,000 ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് വര്‍ക്ക് വിസ നല്‍കാനും ജര്‍മ്മനി പദ്ധതിയിടുന്നു.

നഴ്‌സിംഗ് മേഖലയില്‍ കരിയര്‍ വളര്‍ച്ച ആഗ്രഹിക്കുന്ന മലയാളി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ അവസരം വലിയൊരു വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജര്‍മ്മനിയില്‍ സ്‌റ്റൈപ്പന്റോടെ നഴ്‌സിംഗ് പഠനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

പ്ലസ്ടു വിനുശേഷം ജര്‍മ്മനിയില്‍ സൗജന്യവും സ്‌റ്റൈപ്പന്റോടെയുമുളള നഴ്‌സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) മൂന്നാമത്തെ ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിലവില്‍ ജര്‍മ്മനിയിലെ കെയര്‍ ഹോമുകളിലും ആശുപത്രികളിലുമുളള 20 ഒഴിവുകളിലേയ്ക്കാണ് അവസരം.

ജര്‍മ്മനിയില്‍ രജിസ്‌ട്രേഡ് നഴ്‌സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്‌സിംഗ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്. ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം. ഇതോടൊപ്പം ജര്‍മ്മന്‍ ഭാഷയില്‍ B1, B2 ലെവല്‍ പാസായവരുമാകണം (ഗോയ്ഥേ, ടെല്‍ക്, OSD, TestDaf എന്നിവിടങ്ങളില്‍ നിന്നും) അപേക്ഷകര്‍. താല്‍പര്യമുള്ളവര്‍ക്ക് www.norkaroots.kerala.gov.in, www.nifl.norkaroots.org എന്നീ വെബ്ബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച്, മാര്‍ച്ച് ഏഴിനകം അപേക്ഷ നല്‍കാവുന്നതാണ്.

ഇതിനായുളള അഭിമുഖം മാര്‍ച്ച് അവസാന ആഴ്ച നടക്കും. ജര്‍മ്മന്‍ ഭാഷ പരിശീലനം (ബി2 ലെവല്‍ വരെ), നിയമന പ്രക്രിയയിലുടനീളമുളള പിന്തുണ, ജര്‍മ്മനിയുടെ ആരോഗ്യ പരിപാലന മേഖലയില്‍ തൊഴില്‍ സാധ്യത, ജര്‍മ്മനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്‌റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി.

ആരോഗ്യ മേഖലയിലെ മുന്‍പരിചയം (ഉദാ. ജൂനിയര്‍ റെഡ്‌ക്രോസ് അംഗത്വം) അധികയോഗ്യതയായി പരിഗണിക്കും. 18 നും 27 നും ( as on March 1 st, 2026) ഇടയില്‍ പ്രായമുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2770577, 2770536, 2770540, 2770539, 2770566 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളില്‍) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Germany seeks 40,000 nurses with salaries up to ₹3.5 lakh per month, targeting Indian professionals as NORKA Roots opens stipend-based training opportunities.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT