Econopolitics

അനൗദ്യോഗിക, അന്യ സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാൻ കേന്ദ്രം

രാജ്യത്ത് അനൗദ്യോഗിക മേഖലയിലെ തൊഴിലാളികളുടേയും അന്യ സംസ്ഥാന തൊഴിലാളികുടേയും എണ്ണം 25 കോടി വരുമെന്നാണ് കരുതപ്പെടുന്നത്. ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് സര്‍ക്കാര്‍

Dhanam News Desk

കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടമായി കാല്‍നടയായി സ്വന്തം നാടുകളിലേക്ക് മടങ്ങേണ്ടി വന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കുകള്‍ കൈവശമില്ലാത്തതിന് ഏറെ വിമര്‍ശനം കേട്ട കേന്ദ്ര സര്‍ക്കാര്‍ 2021 ലെ ബജറ്റില്‍ അനൗദ്യോഗിക മേഖലയില്‍ ജോലി ചെയ്യുന്നവരുടേയും അന്യ സംസ്ഥാന തൊഴിലാളികളുടേയും വിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം പ്രഖ്യാപിച്ചേക്കും.

രാജ്യത്ത് അനൗദ്യോഗിക മേഖലയിലെ തൊഴിലാളികളുടേയും അന്യ സംസ്ഥാന തൊഴിലാളികുടേയും എണ്ണം 25 കോടി വരുമെന്നാണ് കരുതപ്പെടുന്നത്. ഇവരുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇവര്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്താനാണ് ശ്രമം.

തൊഴില്‍ ക്ഷേമ ഡയറക്ടറേറ്റിനാകും പദ്ധതിയുടെ നടത്തിപ്പ് ചുമതല. തൊഴിലാളികള്‍ക്കായി ക്ഷേമ പദ്ധതികള്‍, പെന്‍ഷന്‍, മറ്റു സാമൂഹിക സുരക്ഷാ പദ്ധതികള്‍ എന്നിവ പ്രഖ്യാപിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഈ വിവര ശേഖരം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കും.

760 കോടി രൂപയാണ് പദ്ധതി ചെലവ്. എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍ (ഇ എസ് ഐ സി) തൊഴിലാളികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാനാകും. ഇതുവഴി അവര്‍ക്ക് തൃതല ആരോഗ്യ സുരക്ഷാ സൗകര്യങ്ങള്‍ ലഭിക്കും.

ഔദ്യോഗിക മേഖലയിലെ തൊഴിലാളികള്‍ക്കാണ് ഇപ്പോള്‍ ഇ എസ് ഐ സിയുടെ ആനൂകൂല്യങ്ങള്‍ ലഭിക്കുന്നത്. പ്രത്യേകിച്ച് പത്തോ അതിലധികമോ തൊഴിലാളികളുള്ള വ്യവസായിക സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക്.

കോവിഡ് രാജ്യത്തെ പഠിപ്പിച്ച പാഠങ്ങള്‍ അടുത്ത ബജറ്റില്‍ പ്രതിഫലിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. അനൗദ്യോഗിക മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിന് ദേശീയ തലത്തില്‍ ഒരു വിവര ശേഖരം അത്യാവശ്യമാണ്.

16 മുതല്‍ 59 വരെ വയസ്സുള്ള തൊഴിലാളികളുടെ വിവരങ്ങളാണ് ഈ വിവര ശേഖരത്തില്‍ ഉണ്ടാകുക.

രാജ്യത്തെമ്പാടുമായുള്ള 2,50,000 കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴിയും പോസ്റ്റ് ഓഫീസുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അഞ്ച് ലക്ഷത്തില്‍ പരം ബിസിനസ് കറസ്‌പോണ്ടെന്റുകള്‍ വഴിയും തൊഴിലാളികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം.

കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചു പോക്ക്, അനൗദ്യോഗിക മേഖലയിലെ തൊഴിലാളികളെ സഹായിക്കുന്നതിന് സംവിധാനം ഇല്ല എന്നീ രണ്ട് പ്രധാന പ്രശ്‌നങ്ങള്‍ കോവിഡ് വെളിച്ചത്ത് കൊണ്ടു വന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ തൊഴിലാളികളിലേക്ക് എത്തിച്ചേരാന്‍ ഒരു സംവിധാനവും ഇല്ലായിരുന്നു.

സ്വന്തം സംസ്ഥാനത്തിലും ജോലി ചെയ്യുന്ന സംസ്ഥാനത്തിലും അവര്‍ അനാഥരായിരുന്നു. അതിനാല്‍, ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തടസ്സം നേരിട്ടിരുന്നു.

നിലവില്‍ അര ഡസന്‍ പദ്ധതികളാണ് ഇത്തരം തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ചിരുന്നത്. വിവര ശേഖരണം പൂര്‍ത്തിയാകുന്നതോടെ ഈ പദ്ധതികളുമായി തൊഴിലാളികള്‍ ബന്ധിപ്പിക്കപ്പെടും. ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങളും തൊഴിലാളികള്‍ നല്‍കണം.

പ്രധാനമന്ത്രി ശ്രം യോഗി മന്ദന്‍, ചെറുകിട കച്ചവടക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമുള്ള പെന്‍ഷന്‍ പദ്ധതി, അടല്‍ ബിമ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബിമ യോജന തുടങ്ങിയ പദ്ധതികളുടെ പ്രയോജനം തൊഴിലാളികള്‍ക്ക് ലഭിക്കും. ഇ എസ് ഐയെ കൂടാതെ ഇ പി എഫ് ഒ അംഗത്വവും ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT