Image courtesy: x.com/narendramodi, Canva
Econopolitics

ട്രംപിന്റെ താരിഫ് ബോംബിനെ നിഷ്പ്രഭമാക്കാന്‍ ഇന്ത്യ-ചൈന തന്ത്രം, ബന്ധം ഊഷ്മളമാക്കാന്‍ ഇരുരാജ്യങ്ങളും

ഈ മാസം അവസാനം ഷാങ്ഹായ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്

Dhanam News Desk

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ പ്രകോപിതനായ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യക്കെതിരെ കടുത്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. ട്രംപ് ഭരണകൂടം 25 ശതമാനം അധിക ചുങ്കം ചുമത്തിയതോടെ ഇന്ത്യക്ക് മേലുളള താരിഫ് ആകെ 50 ശതമാനമായി. ഈ അവസരത്തില്‍ ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നത് ശ്രദ്ധേയമാകുകയാണ്. ഇന്ത്യയിലേക്കുള്ള വളങ്ങൾ, അപൂർവ ധാതുക്കൾ, ടണൽ ബോറിംഗ് മെഷീനുകൾ എന്നിവയുടെ കയറ്റുമതിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി ചൈന അറിയിച്ചു.

രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ഇതുസംബന്ധിച്ച ഉറപ്പ് നൽകിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയില്‍ നിന്ന് ഡൈ-അമോണിയം ഫോസ്ഫേറ്റ് അടക്കമുളള വളങ്ങളില്‍ പെട്ടെന്ന് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയത് റാബി സീസണിൽ കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

അതുപോലെ, വിദേശ കമ്പനികള്‍ അവരുടെ ചൈന ആസ്ഥാനമായുള്ള യൂണിറ്റുകളിൽ നിർമ്മിക്കുന്നവ ഉൾപ്പെടെയുളള ടണൽ ബോറിംഗ് മെഷീനുകളുടെ കയറ്റുമതിയും ചൈന നിർത്തിവച്ചിരുന്നു. ഇന്ത്യയിലെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളില്‍ ഈ മെഷിനുകള്‍ ഉപയോഗിക്കുന്നുണ്ട്. ഓട്ടോ, ഇലക്ട്രോണിക്സ് വ്യവസായങ്ങളിലെ പ്രധാന ഘടകമായ അപൂർവ ധാതുക്കളിലുളള നിയന്ത്രണങ്ങള്‍ ആഭ്യന്തര ഉൽ‌പാദനത്തെ ദുർബലപ്പെടുത്തുന്ന സാഹചര്യവും സൃഷ്ടിച്ചിരുന്നു.

ഇന്ത്യയും ചൈനയും തമ്മിലുളള രാഷ്ട്രീയ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി വാങ്ങും ജയ്ശങ്കറും കഴിഞ്ഞ മാസം രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. സാമ്പത്തിക നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് അടക്കം ബന്ധങ്ങളിൽ സാധാരണ നില പുനഃസ്ഥാപിക്കാനുളള നടപടികളിലാണ് ഇരുപക്ഷവും. ഈ മാസം അവസാനം ഷാങ്ഹായ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഏഴ് വർഷത്തിനിടെ മോദിയുടെ ആദ്യ ചൈന സന്ദർശനമാണിത്.

India and China to strengthen economic ties to counter Trump’s tariff hike and US trade restrictions.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT