canva,Facebook / Narendra Modi, Donald Trump
Econopolitics

50% കടന്ന് റഷ്യന്‍ വിഹിതം! യുഎസിന്റെ 100% താരിഫ് ഭീഷണി നിലനില്‍ക്കെ ഇന്ത്യ എന്തുകൊണ്ട് റഷ്യന്‍ എണ്ണ വാങ്ങല്‍ കൂട്ടി?

ജൂലൈയില്‍ ഇന്ത്യ പ്രതിദിനം 27.8 ലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് ഇറക്കുമതി ചെയ്തു. ആകെ ഇറക്കുമതിയുടെ പകുതിയിലേറെ റഷ്യയില്‍നിന്നായിരുന്നുവെന്നാണ് കെപ്ലര്‍ കണക്ക്

Dhanam News Desk

ഇന്ത്യയുടെ ക്രൂഡ്ഓയില്‍ ഇറക്കുമതിയില്‍ പുതിയ റെക്കോഡിട്ട് റഷ്യന്‍ എണ്ണ. ജൂലൈയില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ പകുതിയിലേറെയും റഷ്യയില്‍ നിന്നായി. കമ്മോഡിറ്റി അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ലറിന്റെ (Kpler) കണക്കുകള്‍ പ്രകാരം, പ്രതിദിനം 2.78 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.

ജൂലൈയില്‍ പ്രതിദിനം 2.78 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് ഇന്ത്യ വാങ്ങിയത്. ജൂണിനെ അപേക്ഷിച്ച് 1.5 ശതമാനം വര്‍ധന. ഇന്ത്യയുടെ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതി ജൂലൈയില്‍ പ്രതിദിനം 4.96 ദശലക്ഷം ബാരലായിരുന്നു. യുഎഇയും സൗദി അറേബ്യയുമാണ് ഇന്ത്യയുടെ മറ്റ് പ്രധാന എണ്ണ വിതരണക്കാര്‍. എന്നാല്‍ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള സംയുക്ത ഇറക്കുമതിയേക്കാള്‍ ഏറെ മുന്നിലാണ് റഷ്യ.

താരിഫ് ഭീഷണി ഏശിയില്ല

റഷ്യയില്‍ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്താന്‍ യുഎസ് പ്രസിഡന്റിന് അധികാരം നല്‍കുന്ന നിയമനിര്‍മാണം യുഎസില്‍ ചര്‍ച്ചയിലാണ്. നിയമം നടപ്പായാല്‍ റഷ്യന്‍ എണ്ണയുടെ പ്രധാന ഉപയോക്താക്കളായ ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടിയായേക്കാം.

നിര്‍ദിഷ്ട നിയമം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ത്യന്‍ റിഫൈനറികള്‍ നിലവിലെ വാങ്ങല്‍ രീതിയില്‍ മാറ്റം വരുത്തിയിട്ടുമില്ല. തീരുവയില്‍ പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്കുന്നതിനെതിരേ യുഎസില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

ഉയര്‍ന്ന താരിഫ് അമേരിക്കയില്‍ ഇറക്കുമതി ചെലവും പണപ്പെരുപ്പവും വര്‍ധിപ്പിക്കുമെന്നതാണ് കാരണം. നിയമത്തിന്റെ അന്തിമരൂപത്തില്‍ വ്യക്തത വരുംവരെ റഷ്യന്‍ എണ്ണ വാങ്ങല്‍ തുടരാനാണ് ഇന്ത്യന്‍ കമ്പനികളുടെ തീരുമാനം.

2022ല്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി ഗണ്യമായി ഉയര്‍ത്തിയത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ റഷ്യന്‍ എണ്ണ ലഭിക്കുന്നത് ഇന്ത്യന്‍ റിഫൈനറികളുടെ ചെലവ് കുറയ്ക്കാന്‍ സഹായിച്ചു.

റഷ്യന്‍ എണ്ണ ശുദ്ധീകരിച്ച് പെട്രോള്‍, ഡീസല്‍, വ്യോമയാന ഇന്ധനം തുടങ്ങിയ ഉല്‍പന്നങ്ങളാക്കി ആഭ്യന്തര വിപണിയിലും വിദേശ വിപണികളിലും വില്‍ക്കുന്നത് ഇന്ത്യന്‍ റിഫൈനറികള്‍ക്ക് മെച്ചമാണ്.

വിലക്കുറവ് ഇന്ത്യയ്ക്ക് നേട്ടം

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നത് ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് അനുകൂലമാണ്. ഇറക്കുമതി ചെലവ് കുറയ്ക്കാനും കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കാനും രൂപയുടെ മൂല്യത്തിനുമേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാനും താഴ്ന്ന എണ്ണവില സഹായിക്കും.

എന്നാല്‍ ദിവസേനയുള്ള വിലമാറ്റങ്ങളുടെ അടിസ്ഥാനത്തിലല്ല റിഫൈനറികള്‍ എണ്ണ വാങ്ങല്‍ തീരുമാനിക്കുന്നത്. ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും മുന്‍പ് ഉറപ്പിക്കുന്ന കരാറുകളാണ് ഭൂരിഭാഗവും. അതിനാല്‍ ആഗോള വിലയില്‍ താല്‍ക്കാലികമായുണ്ടാകുന്ന ഇടിവ് ആശ്വാസം വേഗത്തിലാക്കില്ല.

റഷ്യയെ കൂടാതെ ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ, വെനസ്വേല, യുഎസ്, ബ്രസീല്‍, നൈജീരിയ, അംഗോള, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് കഴിഞ്ഞ മാസങ്ങളില്‍ ഇന്ത്യ പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്തത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT