ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാരക്കരാറിന്റെ ഗുണഫലങ്ങള്‍ ലഭിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. അമേരിക്കയുമായുള്ള വാണിജ്യക്കരാര്‍ സംബന്ധിച്ച് അന്തിമ ധാരണ ഇനിയും ആകാത്ത സാഹചര്യത്തില്‍ ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ ഒരു പിടിവള്ളിയാകുമെന്ന നിരീക്ഷണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും, കരാറിന്റെ ഗുണഫലം ബിസിനസുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കും ലഭിക്കാന്‍ വര്‍ഷങ്ങള്‍ കഴിയണം. കരാര്‍ പ്രാബല്യത്തില്‍ വരാന്‍ തന്നെ ഒരു വര്‍ഷമെടുക്കും. തീരുവ ഇളവ് പൂര്‍ണതോതില്‍ ലഭിക്കാന്‍ പത്ത് വര്‍ഷത്തോളം വേണ്ടിവരും. പലതിന്റെയും തീരുവ ഇളവ് അതേപടി ഉപഭോക്താക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടാനും സാധ്യത വളരെ കുറവാണ്.
$ സ്വതന്ത്ര വ്യാപാരക്കരാര്‍ വരുന്നതോടെ നിരവധി മേഖലകളില്‍, പ്രത്യേകിച്ച് ഒട്ടേറെ പേര്‍ തൊഴിലെടുക്കുന്ന ടെക്സ്റ്റെല്‍സ്, ലെതര്‍, ഫുട്‌വെയര്‍, എന്‍ജിനീയറിംഗ് ഗുഡ്സ്, കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ രംഗങ്ങളിലുള്ളവര്‍ക്ക് ബ്രിട്ടന്റെ വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ തുറന്നുകിട്ടും.
$ കര്‍ഷകര്‍ക്ക് തിരിച്ചടിയുണ്ടാകാതിരിക്കാന്‍ ചില മേഖലകളെ കരാറില്‍ നിന്ന് ഇന്ത്യ ഒഴിച്ചുനിര്‍ത്തിയിട്ടുണ്ട്.
$ ഇന്ത്യന്‍ കമ്പനിയിലെ ജീവനക്കാരെ അതേ കമ്പനിയുടെ ബ്രിട്ടീഷ് ശാഖയിലേക്ക് മാറ്റുമ്പോള്‍ മൂന്ന് വര്‍ഷത്തെ വിസ ലഭിക്കും. ജീവനക്കാര്‍ക്ക് പുറമേ അവരുടെ ജീവിതപങ്കാളിക്കും ബ്രിട്ടനില്‍ തൊഴില്‍ വിസ ലഭിക്കും. അതോടെ ഇരുവര്‍ക്കും ബ്രിട്ടനില്‍ ജോലി ചെയ്യാനാകും.
$ നഴ്സുമാര്‍, ഡോക്ടര്‍മാര്‍ അടക്കമുള്ള പ്രൊഫഷണല്‍ യോഗ്യതകള്‍ പരസ്പരം അംഗീകാരം നല്‍കാനുള്ള ഉടമ്പടി മൂന്ന് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകും. ബ്രിട്ടനില്‍ ചെല്ലുന്ന ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് അവിടത്തെ യോഗ്യതാ പരിശോധനകള്‍ക്ക് വിധേയമാകേണ്ട സാഹചര്യം പൂര്‍ണമായും ഒഴിവാകും.
$ മൂന്ന് വര്‍ഷത്തില്‍ താഴെയുള്ള കാലയളവിലേക്ക് ജോലി ആവശ്യത്തിനായി ബ്രിട്ടനിലേക്ക് പോകുന്നവര്‍ ഇതുവരെ അവരുടെ ശമ്പളത്തിന്റെ 20 ശതമാനത്തിലേറെ അവിടത്തെ സാമൂഹിക സുരക്ഷാ സംവിധാനത്തിലേക്ക് നികുതിയായി നല്‍കണമായിരുന്നു. വ്യാപാരക്കരാറിലെ പുതിയ വ്യവസ്ഥ അനുസരിച്ച് ഈ നികുതി ഒഴിവായി.
$ ബ്രിട്ടനില്‍ നിന്നുള്ള സ്‌കോച്ച് വിസ്‌കിക്കും ജിന്നിനും മാത്രമാണ് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ തീരുവ 150 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറയ്ക്കുന്നത്. ബ്രാണ്ടി, ടെക്കീല, റം, വോഡ്ക തുടങ്ങിയവയുടെ തീരുവ 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി മാത്രമേ കുറയുള്ളൂ.
$ സ്‌കോച്ച് വിസ്‌കിയുടെ തീരുവ കരാര്‍ പ്രാബല്യത്തില്‍ വരുന്ന ദിവസം 75 ശതമാനമായി കുറയും. ബാക്കിയുള്ളവയുടേത് 110 ശതമാനമായാണ് കുറയുക. പിന്നീടുള്ള പത്ത് വര്‍ഷം കൊണ്ടാണ് സ്‌കോച്ച് വിസ്‌കിയുടെ തീരുവ 40 ശതമാനവും മറ്റുള്ളവയുടേത് 75 ശതമാനവുമാകുന്നത്. സ്വതന്ത്ര വ്യാപാരക്കരാര്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ സ്‌കോച്ചിന്റെ തീരുവ കുറയുമെങ്കിലും ഉപഭോക്താവിന് ഒരു ബോട്ടിലില്‍ കിട്ടുന്ന വിലക്കുറവ് 200-300 രൂപയൊക്കെ മാത്രമായിരിക്കുമെന്നാണ് സൂചന.
$ ബ്രിട്ടനില്‍ നിന്നുള്ള ആഡംബര വാഹന ഇറക്കുമതി തീരുവ പരിമിതമായ ക്വോട്ട അടിസ്ഥാനത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ശതമാനമായി ഇന്ത്യ കുറയ്ക്കും. ആദ്യവര്‍ഷം ബ്രിട്ടനില്‍ നിന്നുള്ള 20,000 കാറുകളുടെ ഇറക്കുമതിക്ക് മാത്രമാകും 30 മുതല്‍ 50 ശതമാനം വരെ തീരുവ. അഞ്ചാം വര്‍ഷത്തില്‍ ക്വോട്ട 37,000 ആകും. തീരുവ 10 ശതമാനമായി കുറയും. പിന്നീട് ക്വോട്ട ഘട്ടം ഘട്ടമായി കുറയും. 15-ാം വര്‍ഷം 15,000മായിരിക്കും ക്വോട്ട.
$ സ്വതന്ത്ര വ്യാപാരക്കരാറിനെ തുടര്‍ന്ന് ബ്രിട്ടനില്‍ നിന്നുള്ള ചോക്ലേറ്റ്, ജിഞ്ചര്‍ ബ്രഡ്, സ്വീറ്റ് ബിസ്‌കറ്റ്, സോഫ്റ്റ്ഡ്രിങ്ക്സ്, നോണ്‍ ആല്‍ക്കഹോളിക് ബിയര്‍ എന്നിവ തീരുവ രഹിതമായി ഇന്ത്യയിലേക്ക് വരും. ഉയര്‍ന്ന തോതില്‍ കൊഴുപ്പും മധുരവും ഉപ്പും എല്ലാം അടങ്ങിയ ബ്രിട്ടന്‍ നിര്‍മിത ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഇതോടെ യഥേഷ്ടം ഇന്ത്യന്‍ വിപണിയിലൊഴുകിയെത്തും. അതായത് അനാരോഗ്യകരമായ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഉപഭോഗം രാജ്യത്ത് കൂടാനിടയുണ്ട്.
(Originally published in Dhanam Magazine 1 August 2025 issue.)
India-UK free trade agreement: We must wait to reap the benefits.
Read DhanamOnline in English
Subscribe to Dhanam Magazine