Image courtesy: x.com/khamenei_ir, Canva
Econopolitics

പശ്ചിമേഷ്യ യുദ്ധഭീതിയിൽ: ഖമേനിയെ തൊട്ടാൽ കളി മാറും! ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ

അമേരിക്കയുടെ സൈനിക താവളങ്ങൾ തങ്ങളുടെ പരിധിയിലാണെന്നും ആവശ്യമെങ്കിൽ ആക്രമിക്കാൻ മടിക്കില്ലെന്നും ഇറാൻ

Dhanam News Desk

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കുനേരെയുള്ള ഏത് തരത്തിലുള്ള ആക്രമണവും അമേരിക്കയുമായുള്ള സമ്പൂർണ യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന മുന്നറിയിപ്പ് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളിൽ പ്രതിഷേധക്കാർ കൊല്ലപ്പെടുകയോ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയോ ചെയ്താൽ അമേരിക്ക ഇടപെടുമെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇറാനിൽ പുതിയ ഭരണനേതൃത്വം വരേണ്ട സമയമായെന്നും, ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് തങ്ങൾക്കറിയാമെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു. ഇതിനുള്ള ശക്തമായ തിരിച്ചടിയായാണ് ഇറാന്റെ പുതിയ പ്രസ്താവനയെ കാണുന്നത്.

സാമ്പത്തിക ഉപരോധവും പ്രതിസന്ധിയും

ഇറാനിലെ ജനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്കും കഷ്ടപ്പാടുകൾക്കും പ്രധാന കാരണം അമേരിക്ക ഏർപ്പെടുത്തിയ മനുഷ്യത്വരഹിതമായ ഉപരോധങ്ങളാണെന്ന് പെസെഷ്കിയാൻ കുറ്റപ്പെടുത്തി. ഒബാമയുടെ കാലത്ത് നീക്കം ചെയ്ത ഉപരോധങ്ങൾ ട്രംപ് വീണ്ടും അടിച്ചേൽപ്പിച്ചത് ഇറാനില്‍ വിലക്കയറ്റത്തിനും സാമ്പത്തിക അസ്ഥിരതാവസ്ഥക്കും കാരണമായിട്ടുണ്ട്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയാണ് ജനങ്ങള്‍ പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങിയത്. പൗരോഹിത്യ ഭരണം അവസാനിപ്പിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

ആഭ്യന്തര പ്രക്ഷോഭങ്ങൾ

ഇറാനിൽ ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഈ പ്രക്ഷോഭങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായും നിരവധിയാളുകൾ അറസ്റ്റിലായതായും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചും മറ്റും ഈ വിവരങ്ങൾ പുറംലോകം അറിയുന്നത് തടയാൻ ഇറാൻ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. രാജ്യവ്യാപകമായുണ്ടായ പ്രതിഷേധങ്ങളിൽ ഏകദേശം 500 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ കുറഞ്ഞത് 5,000 പേരെങ്കിലും കൊല്ലപ്പെട്ടതായി ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മേഖലയിലെ സംഘർഷാവസ്ഥ

അമേരിക്കയുടെ സൈനിക താവളങ്ങൾ തങ്ങളുടെ പരിധിയിലാണെന്നും ആവശ്യമെങ്കിൽ ആക്രമിക്കാൻ മടിക്കില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ ഇടപെടൽ മേഖലയെ ഒരു സമ്പൂർണ യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്കയും ഇതോടൊപ്പം ശക്തമാകുകയാണ്. ട്രംപിന്റെ ഭീഷണികളും ഇറാന്റെ തിരിച്ചടിയും പശ്ചിമേഷ്യയിൽ മറ്റൊരു വലിയ യുദ്ധത്തിനുള്ള സാധ്യതകളാണ് തുറന്നിടുന്നത്. പരമോന്നത നേതാവ് ആയത്തുള്ള ഖമേനിക്കെതിരെയുളള നീക്കങ്ങള്‍ തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായാണ് ഇറാൻ കാണുന്നത്.

Iran warns U.S. that any attack on Ayatollah Khamenei will be treated as a declaration of full-scale war.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT