Image : Rakesh Jhunjhunwala 
Econopolitics

തിരഞ്ഞെടുപ്പിനെ നിക്ഷേപകര്‍ എങ്ങനെ കൈകാര്യം ചെയ്യണം; വൈറലായി ജുന്‍ജുന്‍വാലയുടെ പഴയ വീഡിയോ

2024 തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നതോടെയാണ് അന്തരിച്ച ജുന്‍ജുന്‍വാലയുടെ വീഡിയോ പ്രചരിച്ച് തുടങ്ങിയത്‌

Dhanam News Desk

അന്തരിച്ച പ്രമുഖ നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ വാക്കുകള്‍ക്കെപ്പോഴും നിക്ഷേപകര്‍ പ്രാധാന്യം കൊടുത്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷവും അവയ്ക്ക് പ്രസക്തിയുണ്ടെന്നാണ് ഇപ്പോള്‍ സാമൂഹ്യമധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോകള്‍ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പു കാലത്ത് നിക്ഷേപകര്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ചാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നുത്.

മഹത്തരമാണ് ഇന്ത്യ

രാഷ്ട്രിയ പാര്‍ട്ടികളേക്കാളും തിരഞ്ഞെടുപ്പുകളേക്കാളും മഹത്തരമാണ് ഇന്ത്യയെന്നാണ് ഓഹരി വിപണിയിലെ തിരഞ്ഞെടുപ്പിന്റെ പ്രതിഫലനം എന്തായിരിക്കുമെന്ന ചോദ്യത്തിന് രാകേഷ് ജുന്‍ജിന്‍വാല മറുപടി നല്‍കുന്നത്.

''തിരഞ്ഞടുപ്പിനെ കുറിച്ച് ആളുകള്‍ക്ക് എന്തിനാണ് ഈ അഭിനിവേശം എന്ന് എനിക്കറിയില്ല. രാഷ്ട്രീയ പാര്‍ട്ടികളേക്കാളും വ്യക്തികളേക്കാളും തിരഞ്ഞെടുപ്പുകളേക്കാളും വലുതാണ് ഇന്ത്യയെന്ന തിരിച്ചറിവില്ലാത്തതാകും ഇതിനു കാരണം. ഇന്ത്യ വളരുന്നത് രാഷ്ട്രീയക്കാർ കാരണമല്ലരാഷ്ട്രീയക്കാര്‍ ഉണ്ടായിട്ടും വളരുന്നുണ്ടെന്നാണ് എനിക്ക് പറയാനുള്ളത്.'' വിപണികളുടെ ദീര്‍ഘകാല വളര്‍ച്ച തിരഞ്ഞെടുപ്പിനെ ആശ്രയിച്ചല്ലെന്നും അദ്ദേഹം ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നുണ്ട്.

ഹ്രസ്വകാലത്തെ ചലനം 

എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് വിപണിക്ക് പ്രധാനമല്ല എന്നതിനും  അദ്ദേഹം ഉദാഹരണം പറയുന്നുണ്ട്. 2004ല്‍ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെടുമ്പോള്‍ 6,400 പോയിന്റായിരുന്നു സെന്‍സെക്‌സ്. ഒരാഴ്ചയ്ക്കകം അത് 4,400 പോയിന്റിലേക്ക് താഴുകയും ചെയ്തു. കാരണം ബി.ജെ.പി തിരിച്ചു വരുമെന്നായിരുന്നു വിപണി പ്രതീക്ഷിച്ചത്. പക്ഷെ ഹ്രസ്വകാലത്തേക്ക് മാത്രമാണ് വിപണി ഈ ട്രെന്‍ഡ് കാണിച്ചത്. തിരഞ്ഞെടുപ്പ് ജയിച്ച ഇതേ സര്‍ക്കാരിന്റെ കാലത്ത് തന്നെ സെന്‍സെക്‌സ് 20,000 പോയിന്റിലെത്തി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയില്ലാതെ മന്‍മോഹന്‍ സിംഗ് വീണ്ടും 2009ല്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന് 200ലധികം സീറ്റുകളാണ് ലഭിച്ചത്. നിഫ്റ്റി അന്ന് 40 ശതമാനമാണ് രണ്ട് ദിവസത്ത ട്രേഡിംഗില്‍ നേടിയത്. പിന്നീട് ഒരിക്കലും അത് ഈ നിലവാരത്തിനപ്പുറത്തേക്ക് പോയില്ലെങ്കിലും അഞ്ച് വര്‍ഷവും അതിനടുത്ത് തന്നെ നിലനില്‍ക്കുകയും ചെയ്തു. അതായത് പാര്‍ട്ടികള്‍ അധികാരത്തില്‍ വരുന്നതും പോകുന്നതും വളരെ ചെറിയ കാലയളവില്‍ മാത്രമാണ് വിപണിയില്‍ സ്വാധീനം ചെലുത്തുന്നതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ആവര്‍ത്തനമായി 2024

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണി വന്‍ ഇടിവിലേക്ക് പോയിരുന്നു. എന്നാല്‍ പിന്നീടുള്ള രണ്ടു ദിവസം ശക്തമായി തിരിച്ചു കയറുന്നതാണ് കണ്ടത്. ബി.ജെ.പിക്ക് തനിച്ച് അധികാരത്തില്‍ തുടരാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതീക്ഷിച്ചയിടത്ത് കാര്യങ്ങള്‍ മറിച്ചായതാണ് വിപണിയില്‍ പെട്ടെന്ന് തിരിച്ചടിയായത്. എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ മുന്നണി ഭരണത്തിലേക്ക് തിരിച്ചുമെന്ന് ഉറപ്പായതോടെ വിപണി വീണ്ടും ഉന്മേഷത്തിലാകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് എന്തുകൊണ്ട്  നിക്ഷേപകർ തിരഞ്ഞെടുപ്പിന് അമിത പ്രാധാന്യം നൽകരുതെന്ന്  ചൂണ്ടിക്കാട്ടുന്ന ജുന്‍ജുന്‍വാലയുടെ പഴയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT