പിണറായി വിജയന്‍ നയിക്കുന്ന മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ കേരളത്തിലെ ബിസിനസ് നായകര്‍ പറയുന്ന സര്‍ക്കാരിന്റെ ആ മൂന്ന് നല്ല കാര്യങ്ങളും ഇനി ചെയ്യേണ്ട മൂന്ന് കാര്യങ്ങളും വായിക്കാം. ഇന്ന് പീകെ സ്റ്റീല്‍സ് കാസ്റ്റിംഗ്‌സ് (പ്രൈവറ്റ്) ലിമിറ്റഡ് ജോയ്ന്റ് മാനേജിംഗ് ഡയറക്റ്റര്‍ കെ. ഇ. ഷാനവാസ്.
മുഖ്യമന്ത്രി ചെയ്ത 3 നല്ലകാര്യങ്ങള്‍
- ഗള്‍ഫ് പണത്തെ അമിതമായി ആശ്രയിച്ചിരുന്ന സമ്പദ് വ്യവസ്ഥയാണ് കേരളത്തിന്റേത്. എന്നാല്‍ ഇവിടെ സംരംഭകത്വം വളര്‍ന്നാലേ തൊഴിലും സമ്പത്തും സൃഷ്ടിക്കപ്പെടൂവെന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടില്‍ ചെയ്ത കാര്യങ്ങളാണ് സുപ്രധാന നേട്ടം. ഡോ. സജി ഗോപിനാഥിനെ പോലുള്ള മികവുറ്റ പ്രൊഫഷണലിന്റെ നേതൃത്വത്തില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ഇന്ത്യയില്‍ തന്നെ ആദ്യമായി കേരളത്തില്‍ ഫാബ് ലാബ് ആരംഭിച്ചതുമെല്ലാം എടുത്തുപറയേണ്ട നേട്ടമാണ്.
ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഓണ്‍ലൈനിലൂടെ മിനിട്ടുകള്‍ക്കുള്ളില്‍ അനുമതികള്‍ നല്‍കുന്ന സംവിധാനം കേരളം നടപ്പാക്കിയതും ശ്രദ്ധേയമായ നേട്ടമാണ്.
- അടിസ്ഥാന സൗകര്യ വികസന രംഗത്ത് ഗെയ്ല്‍ പൈപ്പ് ലൈന്‍ നിര്‍മാണ പൂര്‍ത്തീകരണത്തിന് കാണിച്ച ഇച്ഛാശക്തിയും കണ്ണൂര്‍ വിമാനത്താവളനിര്‍മാണം ഭംഗിയായി നിര്‍വഹിച്ചതുമാണ് മറ്റൊരു നേട്ടം.
- 2018ലെ വെള്ളപ്പൊക്കം, കോവിഡ് മഹാമാരിക്കാലത്ത് കിടയറ്റ നേതൃശേഷിയോടെ ദുരന്തമുഖത്ത് നിന്ന് കേരളത്തെ നയിച്ചതാണ് എടുത്തുപറയേണ്ട ഒന്നാണ്. കോവിഡ് 19 നെ ചെറുക്കാനും ജനങ്ങളിലേക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കാനും കേരളം പിന്തുടര്‍ന്ന രീതി ഇതര സംസ്ഥാനങ്ങള്‍ക്ക് തന്നെ മാതൃകയായിരുന്നു. അതൊടൊപ്പം സാമൂഹ്യഘടനയില്‍ ഉള്‍ചേര്‍ന്നിട്ടുള്ള മതേതരത്വം, ഏകത്വം എന്നിവ കാത്തുസൂക്ഷിക്കാനും സര്‍ക്കാരിന് സാധിച്ചു.
ഉടനടി ചെയ്യേണ്ട 3 കാര്യങ്ങള്‍
- ഗെയ്ല്‍ പൈപ്പ് ലൈന്‍ പോലുള്ളവ പൂര്‍ത്തീകരിച്ചെങ്കിലും റോഡ് വികസനത്തിന്റെ കാര്യത്തില്‍ നാം ഇപ്പോഴും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പിറകിലാണ്. നമ്മുടെ റോഡുകളിലെ ശരാശരി വേഗത മണിക്കൂറില്‍ 30 കിലോമീറ്ററാണ്. ഇവിടത്തെ ഉല്‍പ്പാദന ക്ഷമത കൂടണമെങ്കില്‍ റോഡ് വികസനം സാധ്യമാക്കിയേ പറ്റൂ.
- ആത്മനിര്‍ഭര്‍ ഭാരത് എന്ന് പറയും പോലെ കേരളവും സാധ്യമായത്ര സ്വയം പര്യാപ്തമാകണം. ഇവിടെ ടെക്, വിവരാധിഷ്ഠിത വ്യവസായങ്ങള്‍ കൂടുതല്‍ വരണം. ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ഫാം എന്നിവയുടെ കാര്യത്തിലും കേരളം പരമാവധി ഇവിടെ ചെയ്യാന്‍ പറ്റുന്നത് ചെയ്യണം.
- കേരളത്തില്‍ ടെക് അധിഷ്ഠിത, മൂല്യവര്‍ധന നടത്തുന്ന വ്യവസായങ്ങള്‍ക്കാണ് സാധ്യത. അവ ഇവിടേക്ക് വരാനും സംസ്ഥാനത്തെ ബിസിനസ് സൗഹൃദ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടാനും അത്തരം വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണം.