Econopolitics

ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ നിരാശ: പുതുമുഖഭരണം നേട്ടമാകുമോ, കോട്ടമാകുമോ?

ഇതാദ്യമായി കേരളത്തിലെ മന്ത്രിസഭയില്‍ മൂന്ന് വനിതകള്‍

Dhanam News Desk

പുതുനേതൃനിരയെന്ന പിണറായി വിജയന്റെ കാഴ്ചപ്പാട് മന്ത്രിസഭയിലും നടപ്പായി. തെരഞ്ഞെടുപ്പില്‍ പ്രമുഖരെ ഒഴിവാക്കിയതുപോലെ മന്ത്രിസഭയിലും പുതുമുഖങ്ങള്‍. നിപ്പ, കോവിഡ് പോരാട്ട വേദിയില്‍ കേരളത്തെ മുന്നില്‍ നിന്ന് നയിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജയെ നിലനിര്‍ത്തി ബാക്കി പുതുമുഖങ്ങള്‍ വരുമെന്ന ധാരണയുണ്ടായെങ്കിലും രണ്ടാം പിണറായി മന്ത്രിസഭയില്‍ എല്ലാവരും പുതുമുഖങ്ങളാകട്ടേയെന്ന തീരുമാനമാണ് ഇന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ശൈലജ ടീച്ചര്‍ ഇനി പാര്‍ട്ടി വിപ്പായി പ്രവര്‍ത്തിക്കും.

സി പി എം കേന്ദ്ര കമ്മിറ്റിയില്‍ സീനിയോരിറ്റിയുള്ള നേതാവായ, ഭരണമികവ് തെളിയിച്ച ശൈലജ ടീച്ചര്‍ ഒഴിവാക്കപ്പെട്ടതില്‍ പരക്കെ നിരാശയുണ്ട്. കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് ശൈലജ ടീച്ചര്‍ ഇത്തവണ വിജയിച്ചത്. ഇതുവരെ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാകാത്ത കേരളത്തില്‍ ശൈലജ ടീച്ചറെ മുഖ്യമന്ത്രി ആക്കണമെന്നുവരെ ഇതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നിരുന്നു.

നിപ്പ വ്യാപന കാലത്തും ആദ്യ കോവിഡ് കേസ് തൃശൂരില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാള്‍ മുതലും മഹാമാരിയില്‍ കേരളീയ പൊതുസമൂഹത്തിന്റെ ആത്മവിശ്വാസം കെടാതെ കാത്തുസൂക്ഷിക്കുന്നതില്‍ ആര്‍ജ്ജവത്തോടെയുള്ള നേതൃമികവാണ് ശൈലജ ടീച്ചര്‍ പ്രദര്‍ശിപ്പിച്ചത്. രാജ്യാന്തര മാധ്യമങ്ങള്‍ വരെ കരുത്തുറ്റ ഭരണസാരഥിയായി ശൈലജ ടീച്ചറെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ശൈലജ ടീച്ചര്‍ക്ക്, രണ്ടാംമന്ത്രിസഭയിലും ഇടം കിട്ടുമെന്നും, പരക്കെ വിശ്വാസമുണ്ടായിരുന്നു. പാര്‍ട്ടിയിലും മന്ത്രിസഭയിലും കരുത്തുറ്റ വ്യക്തിത്വമായി ഉയര്‍ന്നുവന്ന ശൈലജ ടീച്ചറെ ഒതുക്കുന്നതിന്റെ സൂചനയാണ് ഈ ഒഴിവാക്കലെന്നും രാഷ്ട്രീയ നിരീക്ഷകരില്‍ ഒരു വിഭാഗം പറയുന്നുണ്ട്.

ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ഉയര്‍ന്നുകഴിഞ്ഞു. പുരുഷകേന്ദ്രീകൃതമായ ഭരണ വ്യവസ്ഥയെ വിമര്‍ശിച്ച് 'പെണ്ണ് അങ്ങനെ ബല്യ ആളാവണ്ട' എന്ന പോസ്റ്ററുകളും #weWantTeacherAmmaBack പോലുള്ള ക്യാംപെയ്‌നുകളും തുടങ്ങിക്കഴിഞ്ഞു.

'പൊന്നുകായ്ക്കണ മരമാണെങ്കിലും വീടിനു മുകളില്‍ വന്നാല്‍ വെട്ടണം, വെട്ടി. അല്ലെങ്കിലും വെട്ടാന്‍ ആരും പഠിപ്പിക്കേണ്ടല്ലോ' എന്നിങ്ങനെ നിരാശയും രോഷവും പലരുടെയും പോസ്റ്റുകളില്‍ പുകയുന്നുണ്ട്്.

ഗൗരിയമ്മയും ശൈലജ ടീച്ചറും ചേര്‍ന്നുള്ള ഫോട്ടോകള്‍ക്കൊപ്പം ചരിത്രം ആവര്‍ത്തിക്കുന്നുവെന്ന വിധത്തിലും പലരും കമന്റ് ചെയ്യുന്നുണ്ട്. 'ചരിത്രം കുറിക്കേണ്ടത് അവനാണ്, അവളല്ല. അതുകൊണ്ട് ടീച്ചര്‍ വിശ്രമിക്കട്ടേ,'' എന്നിങ്ങനെ കുറിക്കു കൊള്ളുന്ന അഭിപ്രായപ്രകടനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നി്‌റഞ്ഞുകഴിഞ്ഞു.

പുതുമുഖ ഭരണം നേട്ടമോ, കോട്ടമോ?

മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരെല്ലാം പുതുമുഖങ്ങള്‍ എന്ന തീരുമാനം ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചുണ്ട്. എം ബി രാജേഷാകും സ്പീക്കര്‍. പി എ മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, സജി ചെറിയാന്‍, കെ എന്‍ ബാലഗോപാല്‍, വി. അബ്ദുറഹ്മാന്‍, കെ. രാധാകൃഷ്ണന്‍, ആര്‍. ബിന്ദു, വീണാ ജോര്‍ജ്, വി എന്‍ വാസവന്‍, പി. രാജീവ്, എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ മന്ത്രിമാരാകും.

സിപിഐയ്ക്കും നാല് പുതുമുഖ മന്ത്രിമാരാണ്. ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറാകും. പി പ്രസാദ്, കെ. രാജന്‍, ജെ, ചിഞ്ചുറാണി, ജി ആര്‍ അനില്‍ എന്നിവരാണ് സി പി ഐയുടെ മന്ത്രിമാര്‍.

ഇതാദ്യമായാണ് മന്ത്രിസഭയില്‍ മൂന്ന് വനിതകള്‍ ഇടം നേടുന്നതെന്നതും ശ്രദ്ധേയമാണ്.

പുതിയ നേതൃനിര വളര്‍ത്തിയെടുക്കുക എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള പുതുമുഖ മന്ത്രിസഭയുടെ പ്രവര്‍ത്തനമാണ് ഇനി കേരളം ഉറ്റുനോക്കുക.

പ്രവര്‍ത്തന രംഗത്ത് തഴക്കവും പഴക്കവുമുള്ള നേതാക്കള്‍ ഒഴിവാക്കപ്പെട്ടെങ്കില്‍ പോലും പുതുതായി ഉയര്‍ന്നുവന്നിരിക്കുന്നവരും മികച്ച പ്രവര്‍ത്തന പശ്ചാത്തലവും വീക്ഷണങ്ങളും ഉള്ളവരാണ്. സമൂഹത്തിന്റെ താഴെ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച്, ജനങ്ങളെ അടുത്തറിയുന്നവര്‍ തന്നെയാണ് പുതിയ മന്ത്രിസഭയിലും ഇടം നേടിയിരിക്കുന്നത്.

മന്ത്രി എന്ന നിലയിലുള്ള അനുഭവ സമ്പത്തില്ലെന്നതൊഴിച്ചാല്‍ പുതുമുഖങ്ങള്‍ എല്ലാം തന്നെ ജനസമ്മതി ആര്‍ജ്ജിച്ച വ്യക്തിത്വങ്ങളാണ്. സിപിഎം പോലുള്ള പ്രസ്ഥാനത്തിന്റെ സംഘടനാ സംവിധാനവും കെട്ടുറപ്പും പരിഗണിക്കുമ്പോള്‍ മന്ത്രിപദത്തില്‍ ആദ്യമായെത്തുന്നവര്‍ പോലും മികവുറ്റ പ്രകടനം കാഴ്ചവെയ്ക്കാന്‍ കെല്‍പ്പുള്ളവരാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT