Econopolitics

വളര്‍ച്ചാ നിരക്ക് കുറയുമ്പോഴും 5 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യമോ?: ഡോ. മന്‍മോഹന്‍ സിങ്

Dhanam News Desk

വളര്‍ച്ചാനിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ 2024-ഓടെ അഞ്ചു ലക്ഷം കോടി (5 ട്രില്യണ്‍) ഡോളറിന്റെ സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ മാറ്റുന്നതെങ്ങനെയെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം പഴയ സര്‍ക്കാരാണെന്നു പറഞ്ഞുകൊണ്ടിരിക്കാതെ അവ പരിഹരിച്ചുകാണിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച് 'വേഡ്സ് ഓഫ് വിസ്ഡം ഓണ്‍ ഇന്ത്യന്‍ എക്കോണമി' എന്ന പരിപാടിയില്‍

അദ്ദേഹം പറഞ്ഞു.

സമ്പദ്വ്യവസ്ഥ വികസിക്കാതെ മറ്റു പോംവഴികളില്ല. അഞ്ചു വര്‍ഷത്തിനകം അഞ്ചു ലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയായി രാജ്യം മാറണമെങ്കില്‍ 10 - 12  ശതമാനം വളര്‍ച്ചയുണ്ടാകണം.അതേസമയം ബി.ജെ.പി. നേതൃത്വത്തിലെ ഭരണത്തില്‍ വളര്‍ച്ചാനിരക്ക് കുറഞ്ഞുവരികയാണ്. ഐ.എം.എഫിന്റെ പുതിയ കണക്കുപ്രകാരം വളര്‍ച്ച 6.1 ശതമാനം മാത്രമാണുള്ളത്. ഈ സ്ഥിതിയില്‍ ലക്ഷ്യം കൈവരിക്കുക ബുദ്ധിമുട്ടാണ്. രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും മറ്റുമുള്ള വാഗ്ദാനങ്ങളുടെയും സ്ഥിതി ഇതുതന്നെ. നഗര മേഖലയില്‍ മൂന്നിലൊരാള്‍ക്ക് ജോലിയില്ല. യുവാക്കള്‍ക്ക് വരുമാനം കുറഞ്ഞ ജോലികളാണ് കൂടുതലും ലഭിക്കുന്നത്.

വാര്‍ത്താ തലക്കെട്ടുകള്‍ ഉണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ എപ്പോഴും ശ്രദ്ധിക്കുന്നത്. പ്രശ്‌നങ്ങള്‍ക്ക് സ്ഥിരമായ പരിഹാരം കാണാന്‍ തയ്യാറാകുന്നില്ല.

കോര്‍പ്പറേറ്റ് നികുതി കുറച്ചതിനെ അനുകൂലിക്കുന്നു. പക്ഷേ, ഉപഭോക്തൃ ഡിമാന്‍ഡ് കുറയുന്നതാണ് യഥാര്‍ഥ പ്രശ്‌നം. അതാണ് ആദ്യം പരിഹരിക്കപ്പെടേണ്ടത്. പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്നതിന് പരോക്ഷ നികുതി കുറയ്ക്കുകയാണ് ശരിയായ മാര്‍ഗം. കേന്ദ്രസര്‍ക്കാരിന്റെ കയറ്റുമതി-ഇറക്കുമതി നയങ്ങള്‍ കര്‍ഷകരെ ബാധിച്ചതായും മന്‍മോഹന്‍സിങ് പറഞ്ഞു.

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയും രഘുറാംരാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായിരുന്ന കാലഘട്ടമാണ് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ ഏറ്റവും മോശം സമയമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബുധനാഴ്ച പറഞ്ഞിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ മന്‍മോഹന്‍ സിങ് തയ്യാറായില്ല. താന്‍ പ്രധാനമന്ത്രിയായിരുന്നപ്പോഴും ധനമന്ത്രിയായിരുന്നപ്പോഴും സംഭവിക്കാനുള്ളത് സംഭവിച്ചുകഴിഞ്ഞു. ചില പിഴവുകളുണ്ട്. അഞ്ചര വര്‍ഷമായി അധികാരത്തിലിരിക്കുന്നവര്‍ക്ക്് പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ കഴിയണമായിരുന്നു. അതുകൊണ്ട് കുറ്റങ്ങള്‍ മുഴുവന്‍ യു.പി.എ.യുടെ തലയില്‍ ചുമത്തുന്നതില്‍ അര്‍ഥമില്ലെന്നും മന്‍മോഹന്‍ പറഞ്ഞു.സമ്പദ്വ്യവസ്ഥയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ ആദ്യം എന്താണ് യഥാര്‍ഥപ്രശ്‌നങ്ങളെന്നും അതിന് കാരണങ്ങളെന്തെന്നും കണ്ടെത്തണം. ഇതു കണ്ടെത്തി അംഗീകരിക്കാതെ പരിഹാരമുണ്ടാക്കാനാകില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT