ഇറാന്‍-യുഎസ് യുദ്ധം രണ്ടാംഘട്ടത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ക്കിടയില്‍ പാക്കിസ്ഥാന്‍ സൈന്യം സൗദി അറേബ്യയില്‍. ഇറാനില്‍ നിന്നുള്ള ആക്രമണങ്ങള്‍ നേരിടാനാണ് 8,000 സൈനികരെയും 16 ജെഎഫ് യുദ്ധവിമാനങ്ങളെയും വിന്യസിച്ചിരിക്കുന്നത്. ഇതിനൊപ്പം ചൈനീസ് നിര്‍മിത എച്ച്ക്യു9 വ്യോമ പ്രതിരോധ സംവിധാനവും സൗദിയില്‍ എത്തിച്ചിട്ടുണ്ട്.
സൗദിയും പാക്കിസ്ഥാനും തമ്മില്‍ ഒപ്പിട്ട സൈനിക കരാറിന്റെ ഭാഗമായാണ് പാക് സൈന്യത്തിന്റെ വരവ്. ആവശ്യം വന്നാല്‍ 80,000 സൈനികരെ വരെ സൗദിയില്‍ എത്തിക്കുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ മധ്യസ്ഥ റോളിലായിരുന്ന പാക്കിസ്ഥാന്‍ സൗദിയുടെ സഖ്യകക്ഷിയായി മാറുന്നതിനോട് ഇറാന്റെ പ്രതികരണം ഏതുരീതിയിലാകുമെന്നതില്‍ വ്യക്തത വന്നിട്ടില്ല.
പാക്കിസ്ഥാന്‍ സൈന്യം അമേരിക്കന്‍ പക്ഷം പിടിക്കുന്നത് ഇറാന്റെ നിലപാട് മാറ്റത്തിന് വഴിയൊരുക്കിയേക്കുമെന്നാണ് വിലയിരുത്തല്‍. ക്രൂഡ്ഓയില്‍ ലഭ്യത കുറഞ്ഞതോടെ പാക്കിസ്ഥാന്‍ വലിയ പ്രശ്‌നത്തിലാണ്. എണ്ണവില അടിക്കടി വര്‍ധിച്ചതോടെ അവശ്യസാധനങ്ങളുടെ വിലയും കുത്തനെ ഉയര്‍ന്നു. ഇറാനില്‍ നിന്ന് കള്ളക്കടത്തായി വരുന്ന എണ്ണയാണ് ഇപ്പോള്‍ പാക്കിസ്ഥാന്റെ പ്രധാന പിടിവള്ളി.
സൗദിയില്‍ സൈന്യത്തെ വിന്യസിച്ചതോടെ ഇറാന്‍ പാക്കിസ്ഥാനെതിരായ നിലപാട് എടുക്കാനുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. ഫലത്തില്‍ മധ്യസ്ഥ റോളില്‍ നിന്ന് യുദ്ധത്തില്‍ നേരിട്ടുള്ള ഇടപെടലിലേക്ക് പാക്കിസ്ഥാന്‍ മാറുകയാണ്.
അടുത്ത കാലത്ത് പാക്കിസ്ഥാന്‍-ഇറാന്‍ ബന്ധം അത്ര മെച്ചപ്പെട്ട നിലയിലല്ല. അതിര്‍ത്തിയില്‍ ഇരുസൈന്യങ്ങളും തമ്മില്‍ ഈ വര്‍ഷം പലപ്പോഴായി വെടിവയ്പ് നടന്നിരുന്നു. പാക്കിസ്ഥാന്‍ അതിര്‍ത്തിക്കടുത്ത് പ്രവര്‍ത്തിക്കുന്ന തീവ്രവാദ ക്യാംപുകളില്‍ ഇറാന്‍ വ്യോമാക്രമണം നടത്തിയതും അടുത്തിടെയാണ്.
തങ്ങളുടെ എണ്ണയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാന്‍ യുഎസ് സമ്മതിച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാന്‍ അവകാശവാദത്തോട് യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വര്‍ഷങ്ങളായുള്ള ഇറാന്‍ എണ്ണ ഉപരോധത്തില്‍ മാറ്റമുണ്ടായാല്‍ ആഗോള എണ്ണവില വലിയതോതില്‍ ഇടിയും. ഇന്ത്യ ഉള്‍പ്പെടെ എണ്ണ ഇറക്കുമതി നടത്തുന്ന രാജ്യങ്ങള്‍ക്ക് ഇതു ഗുണകരമാകും.
യുഎസിന്റെ നിയന്ത്രണത്തിലായതോടെ വെനസ്വേലയില്‍ നിന്നുള്ള എണ്ണ കൂടുതലായി വിപണിയില്‍ എത്തുന്നുണ്ട്. ഇറാഖ്, ലിബിയ എന്നീ രാജ്യങ്ങളും എണ്ണ ഉത്പാദനം പൂര്‍ണതോതിലേക്ക് മാറ്റുകയാണ്. ഇതിനൊപ്പം ഇറാന്‍ എണ്ണ കൂടി വിപണിയിലെത്തിയാല്‍ വില വലിയതോതില്‍ കുറയും. യുദ്ധം മാറി സമാധാനം പുലരുന്ന സാഹചര്യമുണ്ടായാല്‍ ആഗോള എണ്ണവില 70 ഡോളറില്‍ താഴേക്ക് വന്നേക്കും.
110 ഡോളറിന് മുകളിലേക്ക് പോയ ക്രൂഡ്ഓയില്‍ വില നിലവില്‍ 100-106 ഡോളര്‍ റേഞ്ചിലാണ്. യുഎസും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ ഫലപ്രദമായാല്‍ അധികം വൈകാതെ തന്നെ 90 ഡോളറുകളിലേക്ക് എണ്ണവില എത്തും. ചര്‍ച്ചയുടെ ഭാവി എന്താകുമെന്നതിനെ ആശ്രയിച്ചായിരിക്കും മാറ്റങ്ങള്‍.
Read DhanamOnline in English
Subscribe to Dhanam Magazine