Image courtesy: x.com/CMShehbaz, Canva
Econopolitics

ബംഗ്ലാദേശിനെ പിന്തുണയ്ക്കാൻ പാക്കിസ്ഥാന് നൽകേണ്ടി വരിക വലിയ വില; ഇന്ത്യയുമായുള്ള മത്സരം വേണ്ടെന്നു വെച്ചാൽ നഷ്ടമാകുക ₹ 348 കോടി

അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നുള്ള വായ്പകളെയാണ് രാജ്യം ഇപ്പോൾ പ്രധാനമായും ആശ്രയിക്കുന്നത്

Dhanam News Desk

2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചാൽ അവർക്ക് സാമ്പത്തികവും നിയമപരവുമായ വലിയ തിരിച്ചടിയായിരിക്കും നേരിടേണ്ടി വരിക. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ, അവർക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് പാക്കിസ്ഥാൻ ഇത്തരമൊരു നീക്കത്തിന് ആലോചിക്കുന്നത്. എന്നാൽ ഈ ബഹിഷ്കരണം വഴി ഏകദേശം 3.8 കോടി ഡോളറാണ് (ഏകദേശം 348 കോടി രൂപ) പാക്കിസ്ഥാന് നഷ്ടമാകാൻ സാധ്യത.

പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയിട്ടുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം വരാനിരിക്കുന്ന വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ ആയിരിക്കും പാക്കിസ്ഥാന്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

തകരുന്ന സമ്പദ്‌വ്യവസ്ഥയും ജനജീവിതവും

നിലവിൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാക്കിസ്ഥാൻ കടന്നുപോകുന്നത്. അനിയന്ത്രിതമായ പണപ്പെരുപ്പം, വിദേശനാണ്യ കരുതൽ ശേഖരത്തിലെ ഇടിവ്, വർധിച്ചുവരുന്ന വിദേശകടം എന്നിവ രാജ്യത്തെ തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വില സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്.

അസ്ഥിരമായ രാഷ്ട്രീയ സാഹചര്യങ്ങളും പ്രകൃതിക്ഷോഭങ്ങളും പ്രതിസന്ധിയുടെ ആക്കം കൂട്ടുകയാണ്. അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) നിന്നുള്ള വായ്പകളെയാണ് രാജ്യം ഇപ്പോൾ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ കടുത്ത നിബന്ധനകൾ നടപ്പിലാക്കുന്നത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. വ്യവസായ ശാലകൾ അടച്ചുപൂട്ടുന്നതും തൊഴിലില്ലായ്മയും രാജ്യത്തെ സാമൂഹിക അരക്ഷിതാവസ്ഥയിലേക്കും നയിക്കുന്നു. അടിയന്തരമായ സാമ്പത്തിക പരിഷ്കാരങ്ങളും വിദേശ സഹായവുമാണ് പാക്കിസ്ഥാന് ഈ ഗർത്തത്തിൽ നിന്ന് കരകയറാനുളള മാര്‍ഗങ്ങള്‍.

വലിയ സാമ്പത്തിക ഭാരം

സ്പോൺസർഷിപ്പ് ഇൻ്റഗ്രേഷൻ, ബ്രാൻഡഡ് പ്രോഗ്രാമിംഗ്, പരസ്യങ്ങൾ എന്നിവയിലൂടെ ആ പ്രത്യേക മത്സരത്തിൽ നിന്ന് മാത്രം ലഭിക്കേണ്ട തുകയാണ് 3.8 കോടി ഡോളര്‍. പാക്കിസ്ഥാൻ മത്സരം ഉപേക്ഷിച്ചാൽ, സംപ്രേക്ഷണ അവകാശം നേടിയിട്ടുളള മാധ്യമം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ (PCB) നിയമനടപടി സ്വീകരിക്കാനും വലിയ തുക നഷ്ടപരിഹാരമായി ആവശ്യപ്പെടാനും സാധ്യതയുണ്ട്. കൂടാതെ, ഐസിസിയുമായുള്ള (ICC) 'മെമ്പർ പാർട്ടിസിപ്പേഷൻ എഗ്രിമെൻ്റ്' ലംഘിക്കുന്നത് വഴി കടുത്ത പിഴകളും പാക്കിസ്ഥാൻ നേരിടേണ്ടി വരും. ഇത്തരം കടുത്ത തീരുമാനങ്ങൾ പാക്കിസ്ഥാന് സാമ്പത്തിക ദുരന്തം മാത്രമായിരിക്കും വരുത്തിവെക്കുക.

Pakistan may lose ₹348 crore and face legal trouble if it boycotts the T20 World Cup match against India.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT