Image courtesy: canva  
Econopolitics

പശ്ചിമേഷ്യ തിളച്ചു മറിഞ്ഞിട്ടും ക്രൂഡ്ഓയില്‍ വില കുത്തനെ ഉയര്‍ന്നില്ല, പ്ലാന്‍ ബി വെനസ്വേല; ഇന്ത്യയെ കാത്തിരിക്കുന്നത് എണ്ണ സൗഭാഗ്യം?

ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണ വിതരണം ഇറാന്‍ തടസപ്പെടുത്തിയാല്‍ പോലും ആഗോളതലത്തില്‍ ക്രൂഡ് ലഭ്യതയില്‍ വലിയ കുറവുണ്ടാകില്ലെന്നാണ് അനുമാനം

Dhanam News Desk

ഇറാനുമേല്‍ യുഎസും ഇസ്രയേലും കടുത്ത ആക്രമണം തുടങ്ങുമ്പോള്‍ വാണിജ്യ ലോകം വലിയ ആശങ്കയിലായിരുന്നു. ക്രൂഡ് ഓയില്‍ വില മുതല്‍ ആഗോള വിപണി വരെ കൂപ്പുകുത്തുമെന്ന് ഏവരും പ്രതീക്ഷിച്ചു. തങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ മുമ്പ് തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്കില്‍ തടസങ്ങള്‍ സൃഷ്ടിച്ച് എണ്ണ ലഭ്യത കുറയ്ക്കുകയായിരുന്നു ഇറാന്റെ രീതി. ഇത്തവണ പക്ഷേ ഇത്തരത്തിലൊരു സാഹസത്തിന് ടെഹ്‌റാന്‍ തയാറായില്ല.

പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് മുമ്പത്തെ പോലെ എണ്ണവിപണിയില്‍ വലിയ സ്വാധീനമില്ലെന്നതാണ് സത്യം. ഇറാന്‍ മാത്രം വിചാരിച്ചാല്‍ ആഗോള എണ്ണവിപണിയെ തകിടം മറിക്കാന്‍ ഇപ്പോള്‍ സാധിക്കില്ല. മുമ്പ് അത് സാധ്യമായിരുന്നു. കൂടുതല്‍ രാജ്യങ്ങള്‍ ക്രൂഡ്ഓയില്‍ ഉത്പാദിപ്പിച്ച് തുടങ്ങിയതും എണ്ണയിതര ഊര്‍ജ്ജസ്‌ത്രോസുകള്‍ ഉയര്‍ന്നുവന്നതുമെല്ലാം ഗള്‍ഫ് രാജ്യങ്ങളുടെ മേധാവിത്വത്തിന് കോട്ടമുണ്ടാക്കി.

വെനസ്വേല നിര്‍ണായകമായോ ?

ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ വെനസ്വേലയിലെ രാഷ്ട്രീയ മാറ്റങ്ങളെ ഇപ്പോഴത്തെ സംഘര്‍ഷങ്ങളുമായി കൂട്ടിവായിക്കണം. യുഎസിന്റെ എതിര്‍ചേരിയിലായിരുന്നു മുമ്പ് ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തിന്റെ നില്പ്. യുഎസ്, പാശ്ചാത്യ ഉപരോധം മൂലം ചൈന മാത്രമായിരുന്നു വെനസ്വേലന്‍ എണ്ണ വാങ്ങിയിരുന്നത്. എന്നാല്‍, പ്രസിഡന്റ് നിക്കോളസ് മഡ്യൂറോയെ രായ്ക്കുരാമനം യുഎസ് തടങ്കലിലാക്കി തങ്ങളുടെ ഇംഗിതം നടപ്പിലാക്കിയതോടെ കഥമാറി.

ഇപ്പോള്‍ വെനസ്വേലന്‍ എണ്ണയുടെ ഇടപാട് മുഴുവന്‍ തന്നെ അമേരിക്കയുമായിട്ടാണ്. മുമ്പ് വിപണിയിലേക്ക് എത്താതിരുന്ന വെനസ്വേലന്‍ എണ്ണ കൂടി വന്നതോടെ ആഗോള വിപണിയില്‍ എണ്ണലഭ്യത കൂടി. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണ വിതരണം ഇറാന്‍ തടസപ്പെടുത്തിയാല്‍ പോലും ആഗോളതലത്തില്‍ ക്രൂഡ് ലഭ്യതയില്‍ വലിയ കുറവുണ്ടാകില്ലെന്നാണ് അനുമാനം.

ഇറാനും വെനസ്വേല വഴിയില്‍?

യുഎസിനെ വെല്ലുവിളിച്ചിരുന്ന രണ്ട് രാജ്യങ്ങളായിരുന്നു വെനസ്വേലയും ഇറാനും. രണ്ടു മാസത്തിനിടെ ഇരുരാജ്യങ്ങളും വലിയ രാഷ്ട്രീയ മാറ്റത്തിനാകും സാക്ഷ്യംവഹിക്കാന്‍ പോകുന്നത്. യുഎസ് അനുകൂല നിലപാടെടുക്കുന്ന ഭരണകൂടം ഇറാനിലും വരുമെന്നു തന്നെയാണ് വിലയിരുത്തല്‍.

യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണത്തിനു മുന്നില്‍ ഒരുപരിധിയില്‍ കൂടുതല്‍ പിടിച്ചുനില്‍ക്കാന്‍ ഇറാന് സാധിക്കില്ല. മാത്രമല്ല, നിലവിലെ ഭരണകൂടത്തോട് രാജ്യത്തെ ജനങ്ങള്‍ക്ക് വലിയ എതിര്‍പ്പാണുള്ളത്. കൂടുതല്‍ സ്വാതന്ത്രം നല്കുന്ന ജനാധിപത്യ ഭരണകൂടത്തോടാണ് ജനങ്ങള്‍ക്ക് താല്പര്യം.

ഇറാനില്‍ യുഎസിന്റെ നിഴല്‍ ഭരണകൂടം വന്നാല്‍ എന്തു സംഭവിക്കും? തീര്‍ച്ചയായും ആഗോള എണ്ണ വിപണിക്ക് അതു ഗുണം ചെയ്യുമെന്നുറപ്പാണ്. നിലവില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ചൈന മാത്രമാണ് കാര്യമായി വാങ്ങുന്നത്. പുതിയ ഭരണകൂടം വരുകയും ഉപരോധം മാറ്റപ്പെടുകയും ചെയ്യുന്നതോടെ ഇറാന്‍ എണ്ണ ആഗോള മാര്‍ക്കറ്റിലേക്ക് എത്തും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വലിയ സന്തോഷം പകരുന്നതാകും ഈ വാര്‍ത്ത.

നേട്ടം ഇന്ത്യയ്ക്കും?

ഇറാന്‍ എണ്ണയ്ക്കു മേലുള്ള ഉപരോധം നീക്കപ്പെട്ടാല്‍ ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്ന് ഇന്ത്യയാകും. കാരണം, ഇന്ത്യയ്ക്ക് ഏറ്റവും അടുത്തു നിന്ന് വാങ്ങാവുന്ന എണ്ണയാണ് ഇറാനിലേത്. ഗതാഗത ചെലവ് തീര്‍ത്തും കുറവ്. മാത്രമല്ല, ആഗോള എണ്ണ ഉത്പാദനത്തില്‍ ആദ്യ പത്തിലുള്ള ഇറാന്‍ എണ്ണ കൂടി വിപണിയിലേക്ക് വരുന്നതോടെ വിലയും കുറയും. സ്ഥിതിഗതികള്‍ മാറി ഇറാന്‍ എണ്ണ കൂടി വിപണിയിലേക്ക് എത്തിയാല്‍ ക്രൂഡ് വില 50 ഡോളറുകളിലേക്ക് വീഴുമെന്നാണ് വിദഗ്ധ വിലയിരുത്തല്‍.

SCROLL FOR NEXT