കഴിഞ്ഞ ദിവസം ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ, ലോകത്തെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി) കയറ്റുമതി സമുച്ചയമായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിക്ക് കനത്ത നാശമുണ്ടായതോടെ ഖത്തറിന് 2,000 കോടി ഡോളറിന്റെ (ഏകദേശം 1,86,000 കോടി രൂപ) വരുമാന നഷ്ടം ഉണ്ടാകുമെന്ന് റിപ്പോർട്ട്. പ്രതിവർഷം 1.28 കോടി ടൺ ഉത്പദാന ശേഷിയുള്ള റാസ് ലഫാനിലെ എൽ.എൻ.ജി കേന്ദ്രത്തിലെ 4-ഉം 6-ഉം എണ്ണപ്പാടങ്ങൾ തകർന്നതിനെ തുടർന്നാണിത്.
നേരത്തെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഈ എൽ.എൻ.ജി കേന്ദ്രത്തിന്റെ പ്രവർത്തനം ഇതിനകം തന്നെ ഭാഗികമായി നിർത്തിവെച്ചിരുന്നതാണ്. വ്യാഴാഴ്ച നടന്ന പുതിയ മിസൈൽ ആക്രമണത്തിൽ റാസ് ലഫാനിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഇതിന്റെ പ്രത്യാഘാതം എങ്ങനെ വരുമെന്ന് ആഗോള ഊർജ വിപണിയും ഉറ്റുനോക്കുന്നു.
ഇറാന്റെ ആക്രമണത്തിൽ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയുടെ പ്രവർത്തനം തടസ്സപ്പെട്ടതോടെ, ഖത്തറിന്റെ മൊത്തം വാർഷിക എൽ.എൻ.ജി കയറ്റുമതിയിൽ നിന്നും 17% വെട്ടിച്ചുരുക്കപ്പെടുമെന്ന്, സർക്കാർ ഉടമസ്ഥതയിലുള്ള വമ്പൻ ഊർജ കമ്പനിയായ ഖത്തർ എനർജിയുടെ സി.ഇ.ഒ. ആയ സഅദ് അൽ-കാബി പറഞ്ഞു. ഇവിടെ തകരാറിലായ 4-ഉം, 6-ഉം എണ്ണപ്പാടങ്ങൾ വീണ്ടും പ്രവർത്തനക്ഷമമാക്കുന്നതിന് മൂന്ന് മുതൽ അഞ്ച് വർഷം വരെ വേണ്ടിവന്നേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തെ ഏറ്റവും ആശ്രയിക്കാവുന്ന ദീർഘകാല എൽ.എൻ.ജി വിതരണക്കാരിലൊന്നാണ് ഖത്തർ. റാസ് ലഫാനിൽ നിന്നുള്ള ഉത്പാദനവും വിതരണവും ഒറ്റ രാത്രികൊണ്ട് വെട്ടിച്ചുരുക്കിയതോടെ ആഗോള തലത്തിലെ ആവശ്യകത എങ്ങനെ നേരിടുമെന്നതാണ് മുന്നിലുള്ള ചോദ്യം. ഇതിന്റെ പ്രത്യാഘാതം കൂടുതൽ നേരിടേണ്ടി വരുന്നത് ഏഷ്യയും യൂറോപ്പും ആയിരിക്കും. ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ബെൽജിയം എന്നീ രാജ്യങ്ങളുമായുള്ള ചില ദീർഘകാല കരാറുകളിൽ സാഹചര്യങ്ങളുടെ സമ്മർദം മൂലം അഞ്ച് വർഷം വരെ ചുരുക്കിയേക്കുമെന്ന് (Force Majeure) സഅദ് അൽ-കാബി പറഞ്ഞു.
അതേസമയം റാസ് ലഫാനിലെ ആക്രമണത്തിന്റെ പ്രത്യാഘാതം എൽ.എൻ.ജിയിൽ മാത്രമായി ഒതുങ്ങുന്നില്ല. കഴിഞ്ഞ ദിവസം ഇറാന്റെ മിസൈൽ ആക്രമണം യു.എസ് കമ്പനിയായ എക്സോൺ മൊബീൽ കോർപറേഷനുമായി ഖത്തറിന് സംയുക്ത സംരംഭമുള്ള എണ്ണപ്പാടങ്ങൾക്ക് നേരെയായിരുന്നു. എന്നാൽ ഇതിന് സമീപം ബ്രിട്ടീഷ് കമ്പനിയായ ഷെൽ പ്രവർത്തിപ്പിക്കുന്ന പേൾ ഗ്യാസ്-ടു-ലിക്വിഡ് കേന്ദ്രത്തിനും നാശനഷ്ടമുണ്ടായിട്ടുണ്ട്.
ഇവിടെ പ്രകൃതി വാതകത്തിൽ നിന്നും എൻജിൻ ഓയിൽ, നാഫ്ത, എൽ.പി.ജി, ഹീലിയം, സൾഫർ, കണ്ടൻസേറ്റുകളും അനുബന്ധ ഉത്പന്നങ്ങളും നിർമിക്കുന്നുണ്ട്. അതിനാൽ റാസ് ലഫാനിലെ ആക്രമണത്തിന്റെ വ്യാപ്തി മറ്റ് വ്യാവസായിക മേഖലകളിലേക്കും പടരുന്നതാണ്. ഷെൽ കമ്പനിയുടെ കീഴിലുള്ള പ്രകൃതി വാതക സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനം ഭാഗികമായി ഒരു വർഷത്തേക്ക് വരെ തടസ്സപ്പെടാം എന്നാണ് ഖത്തറിന്റെ വിലയിരുത്തൽ.
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് പ്രകൃതി വാതക ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് ഖത്തറിലെ റാസ് ലഫാൻ എൽ.എൻ.ജി കയറ്റുമതി കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണം വീണ്ടും പ്രതിസന്ധി വർധിപ്പിക്കാം. കൂടാതെ ആഗോള എൽ.എൻ.ജി വിതരണം കുറയുമ്പോൾ, ഉടനടി വിപണി വിലയിൽ വാങ്ങുന്ന (സ്പോട്ട് മാർക്കറ്റ്) പ്രകൃതി വാതകത്തിന്റെ വിലയും ഉയരും. ഇത് ഇന്ത്യയുടെ ഊർജ ഇറക്കുമതി ചെലവ് വർധിപ്പിക്കും.
ഇതിന്റെ നേരിട്ടുള്ള പ്രതിഫലനം സിറ്റി ഗ്യാസ് വിതരണം, വൈദ്യുതി, പെട്രോകെമിക്കൽസ്, രാസവളം തുടങ്ങിയ മേഖലകളിൽ തെളിയാം. ഇവിടെ ഉത്പാദന ചെലവ് കൂടിയാൽ അതിന്റെ ആഘാതം ക്രമേണ സാധാരണ ഉപഭോക്താവിലേക്കും വന്നുചേരും. അതിലൂടെ പണപ്പെരുപ്പം വർധിക്കാം. ക്രൂഡോയിലിനൊപ്പം എൽ.എൻ.ജിയുടെ വില കൂടി ഉയരുന്നത്, രാജ്യത്തിന്റെ ഇറക്കുമതി ചെലവ് വർധിപ്പിക്കാം എന്നതിനാൽ രൂപയ്ക്കുമേൽ സമ്മർദമേറുകയും വ്യാപാരക്കമ്മി കൂട്ടുകയും ചെയ്യാം. എന്തായാലും പശ്ചിമേഷ്യയിലെ യുദ്ധം വിചാരിച്ചതിലും നീളുകയാണെങ്കിൽ, അതിന്റെ പ്രത്യാഘാതം ലോകമൊന്നാകെ അനുഭവിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.
Read DhanamOnline in English
Subscribe to Dhanam Magazine