ഇന്ത്യയുമായുളള ദീർഘകാല സൗഹൃദം പുതിയ സാമ്പത്തിക ഘട്ടത്തിലേക്ക് വികസിപ്പിക്കാന്‍ തയാറായി റഷ്യ. പരമ്പരാഗതമായി നിലനിൽക്കുന്ന ഊർജ, പ്രതിരോധ മേഖലകളിലെ സഹകരണത്തിനപ്പുറം ഊർജേതര മേഖലകളിൽ വലിയ നിക്ഷേപങ്ങൾക്കും സംയുക്ത സംരംഭങ്ങൾക്കുമായി (Joint Ventures) റഷ്യ പദ്ധതിയിടുന്നു. സാമ്പത്തിക രംഗത്ത് വൈവിധ്യവൽക്കരണം ലക്ഷ്യമിട്ടുള്ള ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.
എൻജിനീയറിംഗ്, കപ്പൽ നിർമ്മാണം, ഐ.ടി (IT), പുനരുപയോഗ ഊർജ്ജം, ലോഹ സംസ്കരണം (Metallurgy) തുടങ്ങിയ മേഖലകളിൽ ഉൽപ്പന്നങ്ങളുടെ പ്രാദേശിക ഉൽപ്പാദനത്തിനായി റഷ്യൻ കമ്പനികൾ ഇന്ത്യയുമായി ചർച്ച നടത്തിവരികയാണെന്ന് റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമ ഏജൻസിയായ ടാസിനോട് (TASS) ഇന്ത്യയിലെ റഷ്യയുടെ വ്യാപാര പ്രതിനിധി ആൻഡ്രി സോബോലെവ് പറഞ്ഞു. റഷ്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യ അവരുടെ വിദേശ സാമ്പത്തിക അജണ്ടയിലെ പ്രമുഖ രാജ്യമാണ്. കേവലം അസംസ്കൃത വസ്തുക്കളുടെ വ്യാപാരത്തിന് പകരം, അത്യാധുനിക സാങ്കേതികവിദ്യകൾ പങ്കുവെക്കാനും ഉൽപ്പാദന കേന്ദ്രങ്ങൾ ഇന്ത്യയിൽ തുടങ്ങാനുമാണ് റഷ്യ ആഗ്രഹിക്കുന്നത്.
ഇന്ത്യയെ ഒരു ഉൽപ്പാദന കേന്ദ്രമായി കണ്ട്, ഇവിടെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കും മറ്റ് അന്താരാഷ്ട്ര വിപണികളിലേക്കും കയറ്റുമതി ചെയ്യാനാണ് റഷ്യൻ കമ്പനികൾ ലക്ഷ്യമിടുന്നത്. നിലവിൽ റഷ്യയിൽ നിന്നുള്ള ഇറക്കുമതിയാണ് കൂടുതലെങ്കിലും, ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 10 ബില്യൺ ഡോളറിലേക്ക് ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ കയറ്റുമതി സംഘടനകൾ. ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രോണിക്സ്, ഡിജിറ്റൽ പേയ്മെന്റുകൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യയ്ക്കുള്ള കരുത്ത് ഈ വളർച്ചയ്ക്ക് വേഗത കൂട്ടും.
അതേസമയം, റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നതില്‍ അസ്വസ്ഥനാണ് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. റഷ്യയുമായി വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളെ ഉയര്‍ന്ന താരിഫുകള്‍ അടക്കമുളള ഉപരോധങ്ങള്‍ ചുമത്തിയാണ് ട്രംപ് ഭരണകൂടം നേരിടുന്നത്. ഈ പശ്ചാത്തലത്തില്‍ യു.എസിനെ വലിയ തോതില്‍ പിണക്കുന്ന നിലപാടുകള്‍ ഇന്ത്യ സ്വീകരിക്കുമോ എന്നതും സംശയമാണ്. എന്നാല്‍ ഉപരോധങ്ങളുടെയും ആഗോള രാഷ്ട്രീയ മാറ്റങ്ങളുടെയും പശ്ചാത്തലത്തിൽ, ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ദൃഢമാക്കാനുളള നീക്കങ്ങളിലാണ് റഷ്യ.
Russia plans diversified joint ventures with India amid concerns over U.S. sanctions and trade tensions under Trump.
Read DhanamOnline in English
Subscribe to Dhanam Magazine