Image : Canva 
Econopolitics

ഇന്ത്യന്‍ വിപണി തിരിച്ചു പിടിച്ച് റഷ്യന്‍ എണ്ണ, സെപ്തംബറിൽ 11.5% ഇറക്കുമതി വർധന

പ്രതിദിനം 4.70 ദശലക്ഷം എണ്ണയാണ് ഇന്ത്യ സെപ്റ്റംബറില്‍ ഇറക്കുമതി ചെയ്തത്

Dhanam News Desk

ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ എണ്ണ വിതരണക്കാരെന്ന സ്ഥാനം തിരിച്ചുപിടിച്ച് റഷ്യ. സെപ്തംബറിൽ ഇന്ത്യയിലേക്കുള്ള പ്രതിദിന എണ്ണ കയറ്റുമതി 11.5 ശതമാനം വര്‍ധനയോടെ 1.79 ദശലക്ഷം ബാരലായി. ഓഗസ്റ്റില്‍ ഇത് 1.61 ദശലക്ഷം ബാരലായിരുന്നുവെന്ന് വോര്‍ട്ടെക്‌സയുടെ കണക്കുകള്‍ കാണിക്കുന്നു. ഓഗസ്റ്റില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി 17 ശതമാനം കുറഞ്ഞിരുന്നു. രാജ്യത്തെ പല റിഫൈനറികളും അറ്റകുറ്റപണികളിലായതും ഡിമാന്‍ഡ് കുറഞ്ഞതുമാണ് ഇറക്കുമതിയെ ബാധിച്ചത്.

48 ശതമാനം വിപണി വിഹിതം 

സെപ്റ്റംബറില്‍ ഇന്ത്യന്‍ റിഫൈനറികള്‍ ഇറാഖില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും കൂടുതലായി ക്രൂഡ് ഓയില്‍ ഇറക്കമതി ചെയ്തു. എന്നാലും 48 ശതമാനം വിപണി വിഹിതവുമായി റഷ്യയാണ് വിതരണത്തില്‍ മുന്നില്‍. ഇറാഖില്‍ നിന്നുള്ള ഇറക്കുമതി 16 ശതമാനം ഉയര്‍ന്ന് പ്രതിദിനം 8.94 ലക്ഷം ബാരലായി. ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണം ഇറക്കുമതിയുടെ 19 ശതമാനമാണ് ഇറാഖിന്റെ സംഭാവന. ഓഗസ്റ്റില്‍ ഇത് 18.5 ശതമാനമായിരുന്നു.

സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ മാസം 37 ശതമാനം വര്‍ധിച്ച് പ്രതിദിനം 6.88 ലക്ഷം ബാരലായി. ഓഗസ്റ്റിലിത് 5.01 ലക്ഷം ബാരലായിരുന്നു.

ചൈനയും തുര്‍ക്കിയും റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി കുറച്ചതാണ് ഇന്ത്യയിലേക്ക് കൂടുതല്‍ വിതരണം നടത്താന്‍ സാധിച്ചത്. റിഫൈനറികള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതോടെയുള്ള കൂടുതല്‍ ആവശ്യകത നിറവേറ്റാനായി ഇന്ത്യ മിഡില്‍ ഈസ്റ്റില്‍ നിന്നും കാര്യമായി എണ്ണ ഇറക്കുമതി ചെയ്തു.

.

റഷ്യയുമായി കരാറിന് നീക്കം

പ്രതിദിനം 4.70 ദശലക്ഷം എണ്ണയാണ് ഇന്ത്യ  സെപ്റ്റംബറില്‍ ഇറക്കുമതി ചെയ്തത്. ഓഗസ്റ്റില്‍ ഇത് 4.17 ദശലക്ഷം ബാരലായിരുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വിലക്കുറവില്‍ ലഭിക്കുന്നതിനാലും ആവശ്യം ഉയര്‍ന്നതിനാലും പുതിയ പാദത്തിന്റെ ആദ്യമാസമായ ഒക്ടോബറില്‍ റഷ്യന്‍ ക്രൂഡിന്റെ വിതരണം ഉയര്‍ന്ന് നില്‍ക്കാന്‍ തന്നെയാണ് സാധ്യതയെന്നാണ് കരുതുന്നത്.

ഇന്ത്യയിലെ സ്വകാര്യ റിഫൈനറികള്‍ സെപ്റ്റംബറില്‍ പ്രതിദിനം 1.80 ദശലക്ഷം ബാരല്‍ എണ്ണ ഇറക്കുമതി ചെയ്തപ്പോള്‍ പൊതുമേഖല റിഫൈനറികള്‍ 2.9 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇറക്കുമതി ചെയ്തത്.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ പൊതുമേഖലാ കമ്പനികള്‍ കരാര്‍ വയ്ക്കാന്‍ ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യന്‍ കമ്പനിയായ റിലയന്‍സ് പ്രതിമാസം 30 ലക്ഷം ബാരല്‍ എണ്ണ വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടിരുന്നു. ഒരു വര്‍ഷത്തേക്കാണ് റഷ്യന്‍ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റുമായി റിലയന്‍സ് കരാര്‍ ഒപ്പുവച്ചത്.

റഷ്യ എണ്ണയുടെ വരവ് 

2022ലെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് പാശ്ചാത്യന്‍ രാജ്യങ്ങള്‍ നിറുത്തിയിരുന്നു. ഇതോടെയാണ് ഇന്ത്യ ഡിസ്‌കൊണ്ട് നിരക്കില്‍ റഷ്യന്‍ എണ്ണ ഇറക്കുമതി തുടങ്ങിയത്. റഷ്യന്‍ എണ്ണയുടെ വരവ് കൂടിയതോടെ മറ്റ് രാജ്യങ്ങളെ എണ്ണയ്ക്കായി ആശ്രയിക്കുന്നത് ഇന്ത്യ കുറയ്ക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ രൂപ, ദിര്‍ഹം, ചൈനീസ് യുവാന്‍ എന്നീ കറന്‍സികളില്‍ ഇന്ത്യ റഷ്യയുമായി ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. റിലയന്‍സ് കരാര്‍ ഒപ്പുവച്ചത് ററഷ്യൻ കറൻസിയായ റൂബിളില്‍ എണ്ണ വാങ്ങാനാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT