Econopolitics

റഷ്യന്‍ ക്രൂഡ്ഓയില്‍ വാങ്ങിക്കൂട്ടി സൗദിയും യു.എ.ഇയും! എണ്ണയ്ക്കു നടുവില്‍ കഴിയുന്ന ഗള്‍ഫ് രാജ്യങ്ങളുടെ നീക്കത്തിന് പിന്നിലെന്ത്?

ആവശ്യത്തിലധികം എണ്ണ ഉത്പാദിപ്പിക്കുന്ന സൗദി എന്തിനാണ് റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്? ഉത്തരം സിംപിളാണ്

Dhanam News Desk

ലോകത്തിന്റെ എണ്ണ തലസ്ഥാനമാണ് ഗള്‍ഫ് രാജ്യങ്ങള്‍. അടുത്ത കാലം വരെ ആഗോള എണ്ണവില നിയന്ത്രണം സൗദി അറേബ്യ ഉള്‍പ്പെടുന്ന എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്കായിരുന്നു. റഷ്യ ആഗോള വിപണിയിലേക്ക് എണ്ണ വിലകുറച്ച് വില്ക്കാന്‍ തുടങ്ങിയതോടെ എണ്ണവില കൂപ്പുകുത്തിയിരുന്നു.

ഡിസ്‌കൗണ്ട് നിരക്കില്‍ റഷ്യ വില്ക്കുന്ന എണ്ണയുടെ വലിയ വാങ്ങലുകാര്‍ ഇന്ത്യയും ചൈനയുമാണ്. ഇതിന്റെ പേരില്‍ ഇന്ത്യയ്ക്കുമേല്‍ 50 ശതമാനം തീരുവയും യു.എസ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും പിന്നില്‍ റഷ്യന്‍ ക്രൂഡ്ഓയിലിന്റെ ഏറ്റവും വലിയ വാങ്ങലുകാരിലൊന്ന് സൗദി അറേബ്യയും യു.എ.ഇയുമാണെന്നതാണ് സത്യം.

ആവശ്യത്തിലധികം എണ്ണ ഉത്പാദിപ്പിക്കുന്ന സൗദി എന്തിനാണ് റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്? ഉത്തരം സിംപിളാണ്. വൈദ്യുതി അടക്കമുള്ള ആവശ്യങ്ങള്‍ക്കായി എണ്ണയാണ് സൗദി ഉപയോഗിക്കുന്നത്. സോളാര്‍ എനര്‍ജി പോലെ പ്രകൃതിദത്ത സ്രോതസുകളെ അവര്‍ ആശ്രയിച്ചു തുടങ്ങുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ എണ്ണ ഉപഭോഗം വളരെ കൂടുതലാണ് സൗദിയില്‍. കയറ്റുമതിയിലൂടെ വലിയ വരുമാനം ഉണ്ടാക്കാവുന്ന എണ്ണ സ്വദേശത്ത് ഉപയോഗിക്കുന്നതിന് പകരമാണ് അവര്‍ റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നത്.

സൗദിയുടെ എണ്ണയേക്കാള്‍ 30 ശതമാനത്തോളം വിലക്കുറവില്‍ റഷ്യന്‍ എണ്ണ ലഭിക്കും. ഈ എണ്ണയാണ് വൈദ്യുതി ആവശ്യങ്ങള്‍ക്കായി അവര്‍ ഉപയോഗിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ വിലകുറഞ്ഞ റഷ്യന്‍ എണ്ണ ഉപയോഗിച്ച് സ്വന്തം രാജ്യത്തെ ആവശ്യങ്ങള്‍ നിറവേറ്റുകയും വിലകൂടിയ തങ്ങളുടെ എണ്ണ മറ്റ് രാജ്യങ്ങള്‍ക്കു വില്ക്കുകയുമാണ് സൗദിയും യു.എ.ഇയും ചെയ്യുന്നത്.

ഇന്ത്യയോട് ഒരു നീതി, സൗദിക്ക് വേറൊന്ന്

ഇന്ത്യയ്ക്കുമേല്‍ 50 ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ യു.എസ് പറഞ്ഞ ന്യായം റഷ്യന്‍ എണ്ണ വാങ്ങി അവരെ സഹായിക്കുന്നുവെന്നതാണ്. ഇതേ കാര്യം തന്നെയാണ് സൗദിയും യു.എ.ഇയും ചെയ്യുന്നത്. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണവാങ്ങി ഉപയോഗിക്കുന്നു. സൗദിയും യു.എ.ഇയും കൂടിയ വിലയ്ക്ക് തങ്ങളുടെ എണ്ണ യൂറോപ്പിന് വില്ക്കുകയും ചെയ്യുന്നു.

പ്രതിദിനം ഒരു ലക്ഷം ബാരല്‍ എണ്ണയാണ് റഷ്യയില്‍ നിന്ന് സൗദി അറേബ്യ വാങ്ങുന്നത്. റഷ്യ-യുക്രൈയ്ന്‍ യുദ്ധം തുടങ്ങും മുമ്പ് ഒരു ബാരല്‍ എണ്ണപോലും സൗദി റഷ്യയില്‍ നിന്ന് വാങ്ങിയിരുന്നില്ല. യു.എ.ഇയുടെ കാര്യവും സമാനമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ധനയാണ് റഷ്യന്‍ ക്രൂഡ് വാങ്ങലിന്റെ കാര്യത്തില്‍ യു.എ.ഇയില്‍ നിന്നുണ്ടായത്. കഴിഞ്ഞ വര്‍ഷം 60 മില്യണ്‍ ബാരല്‍ എണ്ണയാണ് മോസ്‌കോയില്‍ നിന്ന് യു.എ.ഇയിലെത്തിയത്.

റഷ്യ-യുക്രൈയ്ന്‍ യുദ്ധം ഇന്ത്യയ്ക്ക് മാത്രമല്ല സൗദിക്കും യു.എ.ഇയ്ക്കും ഗുണം ചെയ്തുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മുമ്പ് റഷ്യയില്‍ നിന്നായിരുന്നു യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതലായി എണ്ണ വാങ്ങിയിരുന്നത്. എന്നാല്‍ ഈ സ്ഥാനത്തേക്ക് ഗള്‍ഫ് രാജ്യങ്ങള്‍ വന്നു. ഫ്രാന്‍സിനും ഇറ്റലിക്കും ഡീസല്‍ വില്ക്കുന്നതില്‍ സൗദിയുടെ പങ്ക് വലിയതോതില്‍ ഉയര്‍ന്നു.

യു.എസിനെ പേടിക്കാതെ സൗദിയും

സൗദി അറേബ്യയെയും റഷ്യയുമായുള്ള യുഎഇയുടെ എണ്ണ വ്യാപാരത്തെക്കുറിച്ച് യു.എസ് ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ട്. റഷ്യന്‍ എണ്ണയ്ക്കെതിരായ പാശ്ചാത്യ ഉപരോധങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യത്തെ ദുര്‍ബലപ്പെടുത്തുന്ന നീക്കമാണിതെന്ന് യു.എസ് കരുതുന്നു. മിഡില്‍ ഈസ്റ്റിലെ പ്രധാന സഖ്യരാഷ്ട്രമായ സൗദിയോട് കടുത്ത നിലപാടെടുക്കാന്‍ യു.എസിന് സാധിക്കുകയുമില്ല.

ജി 7, യൂറോപ്യന്‍ യൂണിയന്‍, ഓസ്ട്രേലിയ എന്നിവ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 5 മുതല്‍ റഷ്യന്‍ അസംസ്‌കൃത എണ്ണയ്ക്ക് ബാരലിന് 60 ഡോളര്‍ വില പരിധി ഏര്‍പ്പെടുത്തി. അതേ സമയം തന്നെ യൂറോപ്യന്‍ യൂണിയന്‍ റഷ്യന്‍ കടല്‍ വഴിയുള്ള എണ്ണ ഇറക്കുമതി നിരോധിക്കുകയും ചെയ്തു. റഷ്യ എണ്ണ വിറ്റുകിട്ടുന്ന പണം യുക്രൈയ്‌നെതിരായ യുദ്ധത്തിന് ഉപയോഗിക്കാതിരിക്കാന്‍ വേണ്ടിയാണിത്. എന്നാല്‍ ഈ ലക്ഷ്യം ഫലം കാണുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Saudi Arabia and UAE buy discounted Russian crude oil to meet domestic needs and export their own oil at premium prices

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT