Econopolitics

മാന്ദ്യം വരുത്തിവച്ചത് മോദിയെന്ന് ശിവസേന

Dhanam News Desk

രാജ്യത്ത് തുടരുന്ന സാമ്പത്തിക മാന്ദ്യത്തിന് ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും നിശിതമായി കുറ്റപ്പെടുത്തി ശിവസേന. മഹാരാഷ്ട്രയിലെ 'അധികാരത്തിന്റെ വിദൂര നിയന്ത്രണം' തങ്ങള്‍ക്കാണെന്ന് മുഖപത്രത്തില്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് മോദി സര്‍ക്കാരിനെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശനം.

ഹരിയാനയിലും മഹാരാഷ്ട്രയിലും ലഭിച്ച സീറ്റിന്റെ എണ്ണവുമായി ബന്ധപ്പെട്ട് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള  ശിവസേന ബി.ജെ.പിയുമായി കൊമ്പു കോര്‍ത്തുവരുന്നതിനിടെയാണ് മോദിയെ പ്രതിക്കൂട്ടിലാക്കുന്ന വാക്ശരങ്ങള്‍ തൊടുത്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ സഖ്യകക്ഷികളായ ശിവസേനയും ബി.ജെ.പിയും സംസ്ഥാനത്ത് അധികാരം പങ്കിടുന്നത് സംബന്ധിച്ച് തര്‍ക്കത്തിലാണ്.

മുഖ്യമന്ത്രി സ്ഥാനം രണ്ട് പാര്‍ട്ടികള്‍ക്കിടയില്‍ രണ്ടര വര്‍ഷം വീതമായിരിക്കണമെന്നാണ് സേനയുടെ ആവശ്യം. പകുതി മന്ത്രിമാരും ശിവസേനയുടേതായിരിക്കണമെന്ന ശാഠ്യവും ഉയര്‍ത്തിയിരുന്നു.288 അംഗ നിയമസഭയില്‍ 105 സീറ്റുകളാണ് ബിജെപി നേടിയത്. 2014 ലേക്കാള്‍ 17 സീറ്റുകളുടെ നഷ്ടം. 2014 ലെ 63 ല്‍ നിന്ന് 60 സീറ്റുകളിലേക്ക് സേനയുടെ എണ്ണം കുറഞ്ഞു.

നോട്ട് നിരോധനം, ജി.എസ്.ടി പോലുള്ള ബി.ജെ.പിയുടെ അസ്വാഭാവിക നീക്കങ്ങളാണ് നിലവിലെ മാന്ദ്യത്തിന് കാരണമെന്ന് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് പാര്‍ട്ടിയുടെ മുഖപത്രമായ 'സാമ്‌ന'യിലെ  മുഖലേഖനത്തിലൂടെ ശിവസേന ആരോപിച്ചു. രാജ്യത്തെ ചില്ലറ വില്‍പ്പന വ്യാപാര മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ വിദേശ രാജ്യങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ രാജ്യത്ത് നിന്ന് വന്‍ ലാഭം കൊയ്യുകയാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക മേഖലയില്‍ നിലനില്‍ക്കുന്ന മാന്ദ്യം ഭാവിയിലേക്കുള്ള ചൂണ്ടുപലകയാകുമോയെന്ന ആശങ്കയും ശിവസേന പങ്കുവയ്ക്കുന്നു. ദീപാവലി ഉല്‍സവ കാലം ആരവമില്ലാതെയാണ് കടന്നുപോകുന്നത്. ഇതുമായി ബന്ധപ്പെട്ട് 'ഷോളെ' സിനിമയിലെ ശോകസാന്ദ്ര രംഗത്തില്‍ ഹംഗല്‍ പറയുന്ന പ്രസിദ്ധമായ ഡയലോഗ് ആവര്‍ത്തിച്ചിരിക്കുന്നു ലേഖനത്തില്‍:' ഇത്‌നാ സനാതാ ക്യോം ഹേ ഭായീ? ' (എന്തേ, ഇത്രയധികം നിശ്ശബ്ദത)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ജി.എസ്.ടി, നോട്ട് നിരോധനം തുടങ്ങിയ സാമ്പത്തിക നയങ്ങള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വിപരീത ഫലമാണുണ്ടാക്കിയതെന്നു ശിവസേന ചൂണ്ടിക്കാട്ടുന്നു. സമ്പദ്വ്യവസ്ഥയില്‍ ഇപ്പോള്‍ രാജ്യം നേരിടുന്ന മാന്ദ്യത്തിന് കാരണം ബി.ജെ.പിയുടെ നയങ്ങളാണ്. ഇക്കുറി ഉല്‍സവ സീസണിലെ ബിസിനസ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 30-40 ശതമാനം കുറഞ്ഞു.ഒട്ടേറെ  ഉല്‍പ്പാദക യൂണിറ്റുകള്‍ പൂട്ടിപ്പോയി. ആയിരക്കണക്കിനു പേര്‍ തൊഴില്‍ രഹിതരായെന്നും ലേഖനത്തില്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT