'അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ നല്ല പുരോഗതി ഉണ്ടെങ്കിലും പലപ്പോഴും അതിന്റെ വേഗത പ്രശ്നമാകുന്നുണ്ട്. മാസങ്ങളോളും ഒരു റോഡിന്റെ പണി നടക്കുന്നത് വലിയ ഗതാഗതകുരുക്കും മറ്റു അസൗകര്യങ്ങളും ഉണ്ടാക്കുന്നു.' കേരളത്തിലെ സംരംഭകര്‍ പിണറായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന മൂന്നു കാര്യങ്ങളില്‍ ഇന്ന് നയം വ്യക്തമാക്കുന്നത് മലബാര്‍ ഇന്നവേഷന്‍ & എന്‍ട്രപ്രണര്‍ഷിപ്പ് സോണ്‍ (മൈസോണ്‍) മാനേജിംഗ് ഡയറക്റ്റര്‍, സുഭാഷ് ബാബു കെ. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പിണറായി സര്‍ക്കാര്‍ ചെയ്ത മൂന്നു നല്ല കാര്യങ്ങളും ഉടനടി ചെയ്യേണ്ട 3 നിര്‍ദേശങ്ങളും കാണാം.
മുഖ്യമന്ത്രി ചെയ്ത 3 നല്ല കാര്യങ്ങള്‍
- മികച്ച സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം കൊണ്ടു വരുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. ഇതുമായി ബന്ധപ്പെട്ട പല നയങ്ങളും രാജ്യത്തു തന്നെ മികച്ചതാണ്. സ്റ്റാര്‍ട്ടപ്പുകള്‍ ടെക്‌നോളജി ബിസിനസില്‍ മാത്രം ഒതുങ്ങാതെ കേരളത്തിന് അനുയോജ്യമായ പരമ്പരാഗത വ്യവസായങ്ങളില്‍ പോലും വന്നത് ആ മേഖലയുടെ വികസനത്തിനും സ്‌കെയിലിംഗ് അപ്പിനും സഹായകമായി.
- കേരളത്തിലേക്ക് നിക്ഷേപം എത്തിക്കുന്നതിലും ജോലി സാധ്യതകള്‍ വളര്‍ത്താനും ഉതകുന്ന തരത്തില്‍ നിക്ഷേപകരെയും ആശയങ്ങളുമായി എത്തുന്നവരെയും ഒരുമിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. സ്വര്‍ണത്തിനും റിയല്‍ എസ്‌റ്റേറ്റിനും അപ്പുറത്തേക്ക് നിക്ഷേപം നടത്താന്‍ പ്രവാസി മലയാളികള്‍ക്ക് ആത്മവിശ്വാസം നല്‍കി.
- കെഎഫ്‌സിയിലൂടെ പുതിയ വായ്പകള്‍ അവതരിപ്പിച്ചത് എംഎസ്എംഇ മേഖലയ്ക്ക് വലിയ താങ്ങായി. സൂക്ഷ്മ, ചെറുകിട സംരംഭകര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭിക്കാനും കോവിഡ് കാലത്ത് ബിസിനസ് നിലനിര്‍ത്താനും പല സംരംഭകര്‍ക്കും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.
ഉടനടി ചെയ്യേണ്ട 3 കാര്യങ്ങള്‍
- ഈസ് ഓഫ് ഡൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് ഏകജാലക സംവിധാനം കൊണ്ടുവന്നെങ്കിലും ഇപ്പോഴും പൂര്‍ണഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല. പുതിയ സംരംഭകര്‍ ഇപ്പോഴും പ്രയാസം അനുഭവിക്കുന്നുണ്ട്. അതുപോലെ ഈ നിയമത്തിന്റെ ആനുകൂല്യം ദുരുപയോഗം ചെയ്യുന്നത് പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പഴുതുകളെല്ലാമടച്ച ഫലപ്രദമായൊരു സംവിധാനം ഈ രംഗത്ത് ഉണ്ടാവണം.
- പ്രാദേശിക തലത്തില്‍ ബിസിനസ് ഇന്‍ഫോര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിക്കണം. അതാതിടത്തെ സംരംഭക കൂട്ടായ്മകളുടെ സഹായത്തോടെ ഇത് ചെയ്യാനാവും. സംരംഭകര്‍ക്ക് ആവശ്യമായ പിന്തുണയും ഉപദേശവും റിസോഴ്‌സുമെല്ലാം നല്‍കാന്‍ ഇതിലൂടെ കഴിയും. ഇതുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ വിപണന, പഠന സാധ്യതകള്‍ പ്രയോജനപ്പെടുത്താവുന്ന തരത്തിലുള്ള സംവിധാനങ്ങളും ഒരുക്കണം.
- അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ നല്ല പുരോഗതി ഉണ്ടെങ്കിലും പലപ്പോഴും അതിന്റെ വേഗത പ്രശ്നമാകുന്നുണ്ട്. മാസങ്ങളോളും ഒരു റോഡിന്റെ പണി നടക്കുന്നത് വലിയ ഗതാഗതകുരുക്കും മറ്റു അസൗകര്യങ്ങളും ഉണ്ടാക്കുന്നു. പ്രവൃത്തികളുടെ വേഗത വര്‍ധിക്കണം. മാത്രമല്ല, വാട്ടര്‍ അഥോറിറ്റി, ടെലികോം കമ്പനികള്‍ എന്നിവയുമായെല്ലാം ഏകോപിച്ച് മികച്ച രീതിയില്‍ പണി പൂര്‍ത്തിയാക്കാനുമാകണം. തിരുവനന്തപുരത്ത് നടപ്പിലാക്കിയതു പോലെ മികച്ച പൊതുഗതാഗത സംവിധാനം സംസ്ഥാനത്ത് എല്ലായിടത്തും നടപ്പിലാക്കണം.