കോവിഡ് കാലത്തു സർക്കാരിനു ചെലവില്ലാത്ത ഒരു നല്ല കാര്യം നടപ്പാക്കിയത് ഒരു വർഷം കൂടി തുടരുമെന്ന് ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഇസിഎൽജിഎസ് (എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരൻ്റി സ്കീം) എന്ന പേരിൽ ഇടത്തരം -ചെറുകിട- സൂക്ഷ്മ സംരംഭങ്ങളുടെ (MSME) വായ്പകൾക്കു സർക്കാർ ഗാരൻ്റി നൽകുന്നതാണു സ്കീം. അവ എൻപിഎ (നിഷ്ക്രിയ ആസ്തി) ആകാതെ രക്ഷിച്ചു. 13.5 ലക്ഷം വായ്പാ അക്കൗണ്ടുകളാണ് ഇങ്ങനെ സംരക്ഷിച്ചത്. ഈ സ്കീം മാർച്ച് 31 -ന് അവസാനിക്കുമായിരുന്നതാണ്. ഇത് ഒരു വർഷം കൂടി നീട്ടിയതോടെ 13.5 ലക്ഷം സ്ഥാപനങ്ങൾ മാത്രമല്ല അവയെ ആശ്രയിച്ചു കഴിയുന്ന ആറു കോടി കുടുംബങ്ങളും രക്ഷപ്പെടും. ബജറ്റിൽ നിന്ന് പണമൊന്നും മുടക്കാതെ ചെറുകിട സംരംഭങ്ങളെ (അതുവഴി ബാങ്കുകളെയും) പിടിച്ചു നിർത്തിയ സ്കീമാണത്. ഇതിൽ നൽകുന്ന മൊത്തം ഗാരൻ്റി 50,000 കോടി രൂപ വർധിപ്പിച്ച് അഞ്ചു ലക്ഷം കോടിയാക്കിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine