Econopolitics

കാലം മാറി, ഹാഷ്ടാഗും രാഷ്ട്രീയ പരസ്യങ്ങളായേക്കും

ഹാഷ്ടാഗുകള്‍ പരസ്യങ്ങളായി കണക്കാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമിതി

Dhanam News Desk

തെരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ ട്വിറ്റര്‍ ഹാഷ്ടാഗുകളെ രാഷ്ട്രീയ പരസ്യങ്ങളായി കണക്കാക്കാന്‍ ശുപാര്‍ശ. രാഷ്ട്രീയ പാര്‍ട്ടികളുടെ ഹാഷ്ടാഗുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ മോണിറ്ററിങ് കമ്മിറ്റി (എംസിഎംസി) യുടെ ചട്ടങ്ങള്‍ക്ക് വിധേയമാക്കണമെന്ന് വിദഗ്ദ്ധസമിതി നിര്‍ദ്ദേശിച്ചു.

വോട്ടെടുപ്പ് ചെലവ് പരിധിയും, ചെലവ് നിരീക്ഷണ സംവിധാനങ്ങളും അവലോകനം ചെയ്യുന്നതിനായി മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ഹരീഷ് കുമാറിനു കീഴില്‍ രൂപീകരിച്ച സമിതിയാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സോഷ്യല്‍ മീഡിയയിലെ രാഷ്ട്രീയ പരസ്യങ്ങളും,അവയുടെ ചെലവും നിരീക്ഷിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസില്‍ പ്രത്യേക മീഡിയ മോണിറ്ററിംഗ് സെല്‍ രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡുകള്‍ സൃഷ്ടിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഐടി സെല്ലുകള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കാറുണ്ട്. ഈ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഹാഷ്ടാഗുകള്‍ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ ഭാഗമായി കണക്കാക്കും. ഈ ചെലവിനെ തെരഞ്ഞെടുപ്പ് ചെലവിലേക്ക് ഉള്‍പ്പെടുത്തണമെന്ന് സമിതി നിര്‍ദ്ദേശിക്കുന്നു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രധാനമായും ഗൂഗിള്‍ പരസ്യങ്ങള്‍ (ഗൂഗിള്‍ ആഡ്, യൂട്യൂബ്), ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. 2019 മുതല്‍ രാഷ്ട്രീയ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ട്വിറ്റര്‍ വിലക്കിയിട്ടുണ്ടെങ്കിലും, തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ട്വിറ്റര്‍ വേദിയാകാറുണ്ട്.

സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും പ്രചരണത്തിനുള്ള ഒരു പ്രധാന വേദിയായാണ് ട്വിറ്ററിനെ കാണുന്നത്. എതിര്‍ പാര്‍ട്ടികളെ ലക്ഷ്യമിട്ടുകൊണ്ട് ഹാഷ്ടാഗുകള്‍ വഴി തങ്ങളുടെ ശക്തി പ്രകടനം നടത്താനും ട്വിറ്റര്‍ വേദിയാകാറുണ്ട്.

ഇന്ത്യയില്‍ ഏകദേശം 3.4 കോടി സജീവ ഉപയോക്താക്കളാണ് ട്വിറ്ററിനുള്ളത്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട നിരവധി വ്യക്തികളുടെ അക്കൗണ്ടുകള്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി പരിശോധിക്കാന്‍ സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

ഒരു ഹാഷ്ടാഗ് വൈറലാകുന്നത് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും തമ്മിലുള്ള വലിയ ഏകോപനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടെ പിന്‍ബലത്തില്‍ വിപുലമായി നിയമവിരുദ്ധ അക്കൗണ്ടുകള്‍ നിര്‍മ്മിക്കുകയോ ഇതുവഴി പ്രചാരണം നടത്തുകയോ ചെയ്യാതെ, ഇത്തരം ഹാഷ്ടാഗ് ട്രെന്‍ഡുകള്‍ ഉണ്ടാക്കുക സാധ്യമല്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. ഹാഷ്ടാഗുകളുടെ മറവില്‍ നടക്കുന്ന പരസ്യ പ്രചാരണത്തിന് തടയിടുകയാണ് നിര്‍ദിഷ്ട സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് സെല്ലിന്റെ ദൗത്യം.

ഫേസ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പരസ്യ ചെലവുകളും, വീഡിയോ കാണുന്നവരുടെ കണക്കുകളും പ്രസിദ്ധീകരിക്കുന്നതിലൂടെ, ഈ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള രാഷ്ട്രീയ പ്രചാരണങ്ങളുടെ ഏകദേശ വിവരങ്ങള്‍ കണക്കാക്കാന്‍ കഴിയുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതീക്ഷിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT