ഇറാനെതിരെയുള്ള യുഎസ് സൈനിക നടപടികള്‍ അവസാനിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ആഗോള എണ്ണ വിതരണ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ക്ക് മേലുള്ള ഉപരോധത്തില്‍ അമേരിക്ക താല്‍ക്കാലിക ഇളവ് വരുത്തിയതിന് പിന്നാലെയാണ് ഈ നീക്കം.
മിഡില്‍ ഈസ്റ്റിലെ ഭീകര ഭരണകൂടത്തിനെതിരെയുള്ള പോരാട്ടം ലക്ഷ്യത്തോടടുക്കുകയാണെന്നും സൈനിക നീക്കം പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെ വ്യക്തമാക്കി.
സൈനിക നടപടി അവസാനിപ്പിക്കുന്നതിന് മുന്നോടിയായി അഞ്ച് പ്രധാന ലക്ഷ്യങ്ങള്‍ കൈവരിച്ചതായും ട്രംപ് അക്കമിട്ട് നിരത്തിയിട്ടുണ്ട്.
* ഇറാന്റെ മിസൈല്‍ ശേഷി, ലോഞ്ചറുകള്‍, അവയുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളും പൂര്‍ണ്ണമായും നശിപ്പിക്കുക.
* ഇറാന്റെ പ്രതിരോധ വ്യാവസായിക അടിത്തറ തകര്‍ക്കുക.
* വിമാനവിരുദ്ധ ആയുധങ്ങള്‍ ഉള്‍പ്പെടെ അവരുടെ നാവികസേനയെയും വ്യോമസേനയെയും ഇല്ലാതാക്കുക.
* ഇറാന്‍ ഒരിക്കലും ആണവായുധ ശേഷി കൈവരിക്കില്ലെന്ന് ഉറപ്പാക്കുക. ഏതെങ്കിലും ഘട്ടത്തില്‍ അത്തരമൊരു നീക്കമുണ്ടായാല്‍ അതിവേഗം തിരിച്ചടിക്കാനുള്ള സജ്ജീകരണം അമേരിക്ക നിലനിര്‍ത്തും.
* ഇസ്രായേല്‍, സൗദി അറേബ്യ, ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈന്‍, കുവൈറ്റ് തുടങ്ങിയ മിഡില്‍ ഈസ്റ്റിലെ ഞങ്ങളുടെ സഖ്യകക്ഷികള്‍ക്ക് ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണം നല്‍കുക
ഹോര്‍മുസ് കടലിടുക്കിന്റെ (Hormuz Strait) സുരക്ഷ ഇനി മുതല്‍ അത് ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങളുടെ ഉത്തരവാദിത്തമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്ക ഈ പാത ഉപയോഗിക്കുന്നില്ലെന്നും, ഇറാന്റെ ഭീഷണി അവസാനിക്കുന്നതോടെ ഈ മേഖലയിലെ സുരക്ഷാ ചുമതലകള്‍ മറ്റ് രാജ്യങ്ങള്‍ക്ക് എളുപ്പമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആവശ്യമെങ്കില്‍ ഈ രാജ്യങ്ങളെ സഹായിക്കാന്‍ അമേരിക്ക തയ്യാറാകുമെങ്കിലും അതിന്റെ ആവശ്യം വരില്ലെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍.
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ആഗോള വിപണിയില്‍ എണ്ണവില വര്‍ധനവിനും സാമ്പത്തിക അനിശ്ചിതത്വത്തിനും കാരണമായിരുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം ഉടന്‍ അവസാനിപ്പിക്കാന്‍ ട്രംപ് എന്നതിന്റെ ഏറ്റവും ശക്തമായ സൂചനയായാണ് ഈ പോസ്റ്റിനെ കണക്കാക്കുന്നത്.
അതേസമയം, എണ്ണവില വര്‍ധനയിലും ആഗോള വിതരണക്ഷാമത്തിലും ആശങ്ക വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ക്ക് മേലുള്ള ഉപരോധത്തില്‍ അമേരിക്ക താല്‍ക്കാലിക ഇളവ് വരുത്തി.
മാര്‍ച്ച് 20-ന് മുമ്പ് കപ്പലുകളില്‍ കയറ്റിയ ഇറാന്റെ അസംസ്‌കൃത എണ്ണയുടെയും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വിതരണത്തിനും വില്‍പ്പനയ്ക്കും യുഎസ് ട്രഷറി അനുമതി നല്‍കി. ഈ ഇളവ് ഏപ്രില്‍ 19 വരെ നീണ്ടുനില്‍ക്കും. ഏകദേശം 140 ദശലക്ഷം ബാരല്‍ എണ്ണ ആഗോള വിപണിയില്‍ എത്തിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് അറിയിച്ചു.
Trump signals possible end to Iran military action after outlining key objectives, alongside easing oil sanctions to stabilize global supply.
Read DhanamOnline in English
Subscribe to Dhanam Magazine