Image courtesy: Canva
Econopolitics

മോദിയെയും ചൈനീസ് പ്രസിഡന്റിനെയും പുകഴ്ത്തി ട്രംപ്; ലോകത്തെ ഏറ്റവും വലിയ വിപണികളെ ലക്ഷ്യമിട്ടുള്ള നീക്കത്തിന് പിന്നിലെന്ത്?

തന്റെ നേതൃത്വത്തിൽ ഇരുരാജ്യങ്ങളുമായി ന്യായമായ ബിസിനസാണ് നടത്തുന്നതെന്ന് ട്രംപ്

Dhanam News Desk

ലോകത്തെ ഏറ്റവും മികച്ച രണ്ട് നേതാക്കളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെയും വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നരേന്ദ്ര മോദിയെ "മഹാനായ നേതാവ്" എന്നാണ് ആക്സിയോസിന് (Axios) നൽകിയ അഭിമുഖത്തില്‍ ട്രംപ് വിശേഷിപ്പിച്ചത്.

ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കവെ, മുൻപ് ഭരണകൂടങ്ങൾ പെട്ടെന്ന് മാറിവന്നിരുന്ന അവസ്ഥയിൽ നിന്ന് മോദി ഇന്ത്യയിൽ വലിയ സ്ഥിരത കൊണ്ടുവന്നു. മോദി 12 വർഷത്തിലധികമായി ഉറച്ചുനിൽക്കുന്നത് മികച്ച നേട്ടമാണ്. മോദിയിൽ വലിയൊരു ശാന്തതയുണ്ടെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ അദ്ദേഹം വളരെ കഠിനനായ ഒരു നേതാവാണെന്നും (tough cookie) ട്രംപ് പറഞ്ഞു.

മോദിയുടെ വിദേശനയത്തെയും ട്രംപ് പ്രശംസിച്ചു. ഇന്ത്യ യുദ്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് ബുദ്ധിപരമായ നീക്കമാണ്. മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും അസാധാരണമായ രാഷ്ട്രീയ വ്യക്തിത്വങ്ങളായാണ്. ഇരുവരെയും കുറിച്ച് സിനിമ നിർമ്മിക്കുകയാണെങ്കിൽ ഹോളിവുഡിൽ പോലും ഇവർക്ക് പകരം വെക്കാൻ ആരെയും കണ്ടെത്താൻ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. ഫ്രാൻസിൽ നടന്ന ജി-7 ഉച്ചകോടിക്കിടെയാണ് മോദിയും ട്രംപും കൂടിക്കാഴ്ച നടത്തിയത്.

പ്രശംസക്ക് പിന്നിലെ രാഷ്ട്രീയം

അമേരിക്കയുടെ സാമ്പത്തിക, വ്യാപാര താല്പര്യങ്ങൾ: ട്രംപിന്റെ പ്രശംസകൾക്ക് പിന്നിലെ പ്രധാന ലക്ഷ്യം അമേരിക്കയുടെ സാമ്പത്തിക നേട്ടങ്ങളാണ്. മുൻപ് ഇന്ത്യയും ചൈനയും വ്യാപാര കാര്യങ്ങളിൽ അമേരിക്കയെ ചൂഷണം ചെയ്തിരുന്നുവെന്നും എന്നാൽ ഇപ്പോൾ തന്റെ നേതൃത്വത്തിൽ ഇരുരാജ്യങ്ങളുമായി കൃത്യവും ന്യായവുമായ ബിസിനസ് (Fair business) ആണ് നടത്തുന്നതെന്നും ട്രംപ് അവകാശപ്പെടുന്നു. ഇന്ത്യയുമായി പുതിയ വ്യാപാര കരാറുകൾ ഉടൻ യാഥാർഥ്യമാക്കാനുള്ള ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുകഴ്ത്തൽ.

ഭൗമരാഷ്ട്രീയ സമവാക്യങ്ങൾ (Geopolitics): റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഒന്നിക്കുന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ (SCO) പോലുള്ള കൂട്ടായ്മകൾ ശക്തമാകുമ്പോൾ, ഇന്ത്യ പൂർണമായും ചൈന-റഷ്യ സഖ്യത്തിലേക്ക് നീങ്ങാതിരിക്കാൻ മോദിയുമായി നല്ലൊരു വ്യക്തിബന്ധം നിലനിർത്തേണ്ടത് അമേരിക്കയുടെ ആവശ്യമാണ്. അതുപോലെ തന്നെ ചൈനയുമായുള്ള വ്യാപാര യുദ്ധങ്ങൾക്കിടയിലും ഷി ജിൻപിങ്ങുമായി ഒരു അനുരഞ്ജനത്തിന്റെ പാത തുറന്നിടാനും ട്രംപ് ആഗ്രഹിക്കുന്നു.

ലോകത്തെ ഏറ്റവും വലിയ വിപണികളായ ഇന്ത്യയുടെയും ചൈനയുടെയും തലവന്മാരെ പുകഴ്ത്തുന്നതിലൂടെ തന്റെ 'അമേരിക്ക ഫസ്റ്റ്' നയങ്ങൾക്ക് അനുകൂലമായ വ്യാപാര കരാറുകൾ നേടിയെടുക്കുക എന്ന തന്ത്രപരമായ ലക്ഷ്യമാണ് ഡൊണാൾഡ് ട്രംപിനുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT