Image courtesy: x.com/drlisadcook, Canva
Econopolitics

ഫെഡ് റിസര്‍വ് വരുതിയിലാക്കാന്‍ ട്രംപിന്റെ നീക്കം, പുറത്താക്കപ്പെട്ട ലിസ കുക്ക് ആരാണ്?

ഫെഡ് ചെയർപേഴ്‌സണെ പുറത്താക്കാനുള്ള നിയമപരമായ അധികാരം ട്രംപിന് ഇല്ല

Dhanam News Desk

ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ പുറത്താക്കിയിരിക്കുകയാണ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഫെഡറൽ റിസർവ് ഗവർണറായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതയാണ് ലിസ കുക്ക്. വീട് വാങ്ങിയതില്‍ ലോണ്‍ തട്ടിപ്പ് നടത്തി എന്നതാണ് ലിസ നേരിടുന്ന ആരോപണം.

വായ്പ അപേക്ഷകളിൽ കുക്ക് തെറ്റായ പ്രസ്താവനകൾ നടത്തിയതിന് മതിയായ തെളിവുകളുണ്ടെന്നാണ് ട്രംപ് ഭരണകൂടം ആരോപിക്കുന്നത്. സാമ്പത്തിക റെഗുലേറ്റർ എന്ന നിലയിൽ ലിസയുടെ വിശ്വാസ്യതയെ ഇത് ചോദ്യം ചെയ്യുന്നതായും ട്രംപ് കുറ്റപ്പെടുത്തുന്നു. ലിസ തന്റെ രണ്ട് വസതികള്‍ പ്രാഥമിക വസതിയായി പട്ടികപ്പെടുത്തി പണയ തട്ടിപ്പ് നടത്തിയതായി യുഎസ് ഫെഡറൽ ഹൗസിംഗ് ഫിനാൻസ് ഏജൻസി ഡയറക്ടർ വില്യം പുൾട്ടെയാണ് ആരോപണവുമായി രംഗത്തെത്തിയത്. പ്രാഥമിക വസതികൾക്കുള്ള വായ്പകൾ കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കാനുളള സാധ്യതകളുണ്ടെന്നാണ് ആരോപണം.

ലിസ കുക്ക്

ഫെഡറൽ റിസർവ് ബോർഡിൽ സേവനമനുഷ്ഠിക്കുന്നതിന് മുമ്പായി മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ സാമ്പത്തിക ശാസ്ത്രത്തില്‍ അധ്യാപികയായിരുന്നു ലിസ. 2011 മുതൽ 2012 വരെ പ്രസിഡന്റ് ബരാക് ഒബാമയുടെ കീഴിൽ കൗൺസിൽ ഓഫ് ഇക്കണോമിക് അഡ്വൈസേഴ്‌സിൽ ലിസ സീനിയർ ഇക്കണോമിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തിൽ അവര്‍ പിഎച്ച്ഡി നേടിയിട്ടുളളത്.

2038 ജനുവരി 31 ന് വരെ ഫെഡറൽ റിസർവ് സിസ്റ്റത്തിന്റെ ബോർഡ് ഓഫ് ഗവർണേഴ്‌സ് അംഗമായി കാലാവധിയുളളപ്പോഴാണ് ട്രംപ് ലിസയെ പുറത്താക്കുന്നത്. യു.എസ് കേന്ദ്ര ബാങ്കായ ഫെഡ് റിസ്‍വിനെ തന്റെ നിലപാടുകള്‍ക്കനുസൃതമായി പുനഃക്രമീരിക്കാനുളള അവസരം ഇതുവഴി ട്രംപിന് ലഭിക്കുമെന്നാണ് കരുതുന്നത്.

ഫെഡ് നേതൃത്വത്തിന് എതിരെയുളള നിലപാട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടിയെ കാണുന്നത്. വളരെക്കാലമായി പലിശ നിരക്ക് കുറയ്ക്കലുകൾക്കായി ട്രംപ് സമ്മർദം ചെലുത്തുന്നുണ്ട്. അതേസമയം പണപ്പെരുപ്പത്തെ ഭയന്ന് ഫെഡ് ഉദ്യോഗസ്ഥർ ഇത് സ്ഥിരമായി നിലനിർത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഫെഡ് ചെയർപേഴ്‌സൺ ജെറോം പവലിനെ പുറത്താക്കുമെന്ന് ട്രംപ് സ്ഥിരമായി ഭീഷണി ഉന്നയിക്കാറുണ്ട്. എന്നാൽ ഫെഡ് ചെയർപേഴ്‌സണെ പുറത്താക്കാനുള്ള നിയമപരമായ അധികാരം ഇല്ലാത്തതിനാലാണ് ട്രംപ് ഇതിന് മുതിരാത്തത്.

Trump removes Fed Governor Lisa Cook amid loan fraud allegations, signaling his push to reshape the Federal Reserve.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT