ഒരിടവേളയ്ക്ക് ശേഷം ആർട്ടിക് മേഖലയിലുള്ള 80,000 ചതുരശ്ര മൈൽ വിസ്തൃതിയുള്ള ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിനുള്ള നീക്കത്തിന് വീണ്ടും ചരടുവലിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ പണം നൽകി വാങ്ങാനും തയ്യാറാണെന്നാണ് പ്രസിഡന്റ് ട്രംപ് ഇപ്പോൾ നൽകുന്ന സൂചന. ഇതിന്റെ ഭാഗമായി ഗ്രീൻലാൻഡ് വാങ്ങുന്നതിനുള്ള അണിയറ നീക്കത്തിലേക്കും യുഎസ് കടന്നുവെന്നാണ് റിപ്പോർട്ട്.
വിവിധ രംഗങ്ങളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്ന യുഎസിന്റെ ആഭ്യന്തര സമിതിയുടെ നിഗമനം അനുസരിച്ച് ഗ്രീൻലാൻഡ് പണം നൽകി വാങ്ങുന്നതിനായി 70,000 കോടി ഡോളർ വരെ ചെലവിടേണ്ടി വരാമെന്നാണ് കണക്കുക്കൂട്ടൽ. എന്നാൽ ഗ്രീൻലാൻഡിലെ പ്രകൃതി വിഭവങ്ങളുടെ മൂല്യം നോക്കിയാൽ യുഎസിന്റെ ഭാഗത്തു നിന്നുള്ള ഓഫർ തീരെ ചെറുതാണെന്നാണ് മറ്റൊരു വിഭാഗം വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഗ്രീൻലാൻഡിലെ അപൂർവ ധാതുക്കളുടെ മൂല്യം മാത്രം 4,40,000 കോടി ഡോളർ വരുമെന്നും അതിനാൽ പണം നൽകി ദ്വീപ് വാങ്ങാനാണെങ്കിൽ യുഎസിന് 2,80,000 കോടി ഡോളർ എങ്കിലും ചെലവിടേണ്ടി വരുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിന് മുൻപ് 1946-ലും ഗ്രീൻലാൻഡ് വാങ്ങുന്നതിനായുള്ള ഓഫർ യുഎസ് മുന്നോട്ട് വെച്ചിരുന്നെങ്കിലും ഡെൻമാർക്ക് അത് നിരസിക്കുകയായിരുന്നു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗ്രീൻലാൻഡ് കരസ്ഥമാക്കാനുള്ള പദ്ധതിയുമായി സഹകരിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച സൂചനകൾ അടിസ്ഥാനമാക്കി എൻബിസി ന്യൂസ് ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുദ്ധം ഒഴിവാക്കാൻ കഴിയും എന്നതിനാൽ പണം നൽകി ഗ്രീൻലാൻഡ് വാങ്ങുന്നതിനുള്ള നീക്കത്തിന് പ്രസിഡന്റ് ട്രംപ് മുൻഗണന നൽകുന്നുണ്ട്. ദ്വീപ് വാങ്ങുന്നതിനായുള്ള പദ്ധതി തയ്യാറാക്കുന്നതിനായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നിർദേശം നൽകിയിട്ടുണ്ടെന്ന വിവരം മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ സ്ഥിരകരിച്ചിട്ടുണ്ട്.
ആർട്ടിക് മേഖലയിലെ തന്ത്രപ്രധാനമായ സ്ഥാനത്താണ് ഗ്രീൻലാൻഡ് സ്ഥിതിചെയ്യുന്നത്. അതിനാൽ യുഎസിന്റെ എതിരാളികളായ റഷ്യക്കും ചൈനയ്ക്കും ഇടയിൽ ഒരു ബഫർ മേഖലയെന്ന നിലയിലും പ്രധാന ശത്രുരാജ്യങ്ങളിൽ നിന്നുള്ള ഭീഷണിക്കുള്ള പ്രതിരോധം തീർക്കുന്നതിനും മിസൈൽ ട്രാക്കിങ് ശൃംഖലകൾ മറ്റ് സ്വാധീനശക്തികളുടെ വലയിലാകാതെ എപ്പോഴും സജ്ജമായി നിലനിർത്തുന്നതിനും ഗ്രീൻലാൻഡിലെ സൈനിക താവളം മുതൽക്കൂട്ടാകുമെന്നാണ് യുഎസ് വിലയിരുത്തൽ. അതായത്, ദേശീയ സുരക്ഷ മുൻനിർത്തിയാണ് ഗ്രീൻലാൻഡ് തങ്ങളുടെ കീഴിൽ വരണമെന്ന് പ്രസിഡന്റ് ട്രംപ് ശഠിക്കുന്നതെന്ന് സാരം. യുഎസ് ഇപ്പോൾ കരസ്ഥമാക്കിയില്ലെങ്കിൽ ചൈനയോ റഷ്യയോ ഗ്രീൻലാൻഡ് വരുതിയിലാക്കിയേക്കാമെന്നും ഡൊണാൾഡ് ട്രംപ് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ യുഎസ് നിർദേശത്തെ ശക്തിയുക്തം എതിർക്കുകയാണ് ഡെൻമാർക്ക്. യുഎസിന്റെ നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നേറ്റോയിലും (NATO) യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യൻ യൂണിയനിലും (EU) ഡെൻമാർക്കും അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ പ്രദേശവും ലോകത്തെ ഏറ്റവും വലിയ ദ്വീപുമായ ഗ്രീൻലാൻഡും അംഗങ്ങളാണ്. അതിനാൽ ഗ്രീൻലാൻഡ് വിഷയത്തിൽ സൈനിക ശക്തി പ്രയോഗിച്ചാൽ അത് നേറ്റോ സഖ്യത്തിന്റെയും യൂറോപ്യൻ യൂണിയന്റേയും നിലനിൽപ്പിനും കടുത്ത വെല്ലുവിളി ഉയർത്തുന്നതായിരിക്കും. അതുകൊണ്ടാണ് പണം വാങ്ങി ഗ്രീൻലാൻഡ് കരസ്ഥമാക്കാനുള്ള ഓപ്ഷന് യുഎസ് ഭരണകൂടം മുൻഗണന നൽകുന്നത്.
Trump says he is ready to buy Greenland for money; What price will the US have to pay for this offer?
Read DhanamOnline in English
Subscribe to Dhanam Magazine