Econopolitics

ഗ്രീന്‍ലാന്‍ഡുകാര്‍ക്ക് ട്രംപിന്റെ കോഴ, ആളൊന്നിന് ലക്ഷം ഡോളര്‍ വരെ, ആദ്യം വെടി-ചോദ്യം പിന്നെയെന്ന് ഡെന്‍മാര്‍ക്കിന്റെ തിരിച്ചടി

ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് സൈനിക നീക്കമുണ്ടായാല്‍ ഒട്ടും വൈകാതെ തിരിച്ചടിക്കാന്‍ ഡെന്‍മാര്‍ക്ക് സൈന്യത്തിന് കര്‍ശന നിര്‍ദ്ദേശം

Dhanam News Desk

ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡിനെ ഡെന്മാര്‍ക്കില്‍ നിന്നും വേര്‍പെടുത്തി രാജ്യത്തിന്റെ ഭാഗമാക്കാന്‍ തന്ത്രപരമായ നീക്കങ്ങളുമായി അമേരിക്ക. ഗ്രീന്‍ലന്‍ഡ് നിവാസികളെ സ്വാധീനിക്കുന്നതിനായി ഓരോ വ്യക്തിക്കും 10,000 ഡോളര്‍ മുതല്‍ 1,00,000 ഡോളര്‍ (ഏകദേശം 8.5 ലക്ഷം മുതല്‍ 85 ലക്ഷം രൂപ വരെ) വരെ നേരിട്ട് പണമായി നല്‍കുന്ന 'ക്യാഷ് ഫോര്‍ ഗ്രീന്‍ലാന്‍ഡ്' (Cash-for-Greenland) പദ്ധതി അമേരിക്കന്‍ ഭരണകൂടം പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.

ഡൊണാള്‍ഡ് ട്രംപിന്റെ താല്‍പ്പര്യപ്രകാരമാണ് ഈ നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രീന്‍ലന്‍ഡിലെ ഏകദേശം 57,000 വരുന്ന താമസക്കാരെ അമേരിക്കന്‍ പക്ഷത്തേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ദ്വീപിന്റെ ഭരണം ഡെന്മാര്‍ക്കില്‍ നിന്ന് അമേരിക്കയിലേക്ക് മാറ്റുന്നതിനെ പിന്തുണയ്ക്കുന്നവര്‍ക്ക് ഈ തുക പാരിതോഷികമായി നല്‍കാനാണ് ആലോചന.

അതേസമയം, ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് സൈനിക നീക്കമുണ്ടായാല്‍ ഒട്ടും വൈകാതെ തിരിച്ചടിക്കാന്‍ ഡെന്‍മാര്‍ക്ക് സൈന്യത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. 'ആദ്യം വെടിവെക്കുക, ചോദ്യങ്ങള്‍ പിന്നീട്' (Shoot first, ask questions later) എന്ന നയമാണ് സ്വീകരിക്കേണ്ടതെന്ന് ഡെന്‍മാര്‍ക്ക് വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ഭീഷണികളെത്തുടര്‍ന്നാണ് ഈ കടുത്ത നീക്കം

റഷ്യന്‍, ചൈനീസ് കപ്പലുകള്‍ ആര്‍ട്ടിക് മേഖലയില്‍ തമ്പടിക്കുന്നത് അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, അതിനാല്‍ ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കേണ്ടത് അനിവാര്യമാണെന്നുമാണ് ട്രംപിന്റെ നിലപാട്. ഡെന്‍മാര്‍ക്കിന് ഈ മേഖലയെ സംരക്ഷിക്കാനുള്ള ശേഷിയില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ഗ്രീന്‍ലാന്‍ഡ് വില്‍ക്കാനുള്ളതല്ലെന്ന് ഡെന്മാര്‍ക്കും പ്രാദേശിക ഭരണകൂടവും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 'ഇനി ഇത്തരം കടന്നുകയറ്റ സ്വപ്നങ്ങള്‍ വേണ്ട' എന്ന് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി ജെന്‍സ്-ഫ്രെഡറിക് നീല്‍സണ്‍ പ്രതികരിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഡാനിഷ് അംബാസഡറും ഗ്രീന്‍ലന്‍ഡ് പ്രതിനിധികളും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഡെന്മാര്‍ക്ക് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

ട്രംപിന് മുന്നേ തുടങ്ങിയ ശ്രമങ്ങള്‍

ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കാന്‍ അമേരിക്ക ഇതാദ്യമായല്ല ശ്രമങ്ങള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റഷ്യയില്‍ നിന്ന് അലാസ്‌ക വാങ്ങിയതിന് പിന്നാലെ അന്നത്തെ വിദേശകാര്യ സെക്രട്ടറി വില്യം സെവാര്‍ഡ് ആണ് ഗ്രീന്‍ലാന്‍ഡിന് മേല്‍ ആദ്യമായി കണ്ണുവെച്ചത്. ഗ്രീന്‍ലന്‍ഡിലെ ധാതുസമ്പത്തും മത്സ്യസമ്പത്തും അമേരിക്കയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം വാദിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പും രാഷ്ട്രീയ സാഹചര്യങ്ങളും കാരണം ആ നീക്കം മുന്നോട്ട് പോയില്ല.

പിന്നീട് 1910ല്‍ അമേരിക്കന്‍ അംബാസഡര്‍ മൗറിസ് ഈഗന്‍ ഗ്രീന്‍ലാന്‍ഡിനായി ഒരു പുതിയ 'കൈമാറ്റ വ്യവസ്ഥ' മുന്നോട്ടുവെച്ചു. ഫിലിപ്പീന്‍സിലെ മിന്‍ഡാനാവോ ദ്വീപ് ഡെന്മാര്‍ക്കിന് നല്‍കി പകരം ഗ്രീന്‍ലാന്‍ഡും ഡാനിഷ് വെസ്റ്റ് ഇന്‍ഡീസും സ്വന്തമാക്കുക എന്നതായിരുന്നു ആ പദ്ധതി. ഡെന്മാര്‍ക്ക് ഈ നിര്‍ദ്ദേശം നിരസിച്ചതോടെ ആ ശ്രമവും പരാജയപ്പെട്ടു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1946ല്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍ 100 ദശലക്ഷം ഡോളര്‍ സ്വര്‍ണമായി നല്‍കി ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ ഔദ്യോഗികമായി തന്നെ ഡെന്മാര്‍ക്കിനെ സമീപിച്ചു. സോവിയറ്റ് യൂണിയനെ പ്രതിരോധിക്കാന്‍ ഗ്രീന്‍ലാന്‍ഡിന്റെ സ്ഥാനം അത്യന്താപേക്ഷിതമാണെന്ന് അമേരിക്ക കരുതി. എന്നാല്‍ ഡെന്മാര്‍ക്ക് ഈ വമ്പന്‍ വാഗ്ദാനവും തള്ളിക്കളഞ്ഞു.

എന്തുകൊണ്ട് ഗ്രീന്‍ലാന്‍ഡ്

ആര്‍ട്ടിക് മേഖലയിലെ വര്‍ധിച്ചുവരുന്ന ചൈനീസ്-റഷ്യന്‍ സാന്നിധ്യം പ്രതിരോധിക്കുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം. കൂടാതെ ഗ്രീന്‍ലാന്‍ഡിലെ അപൂര്‍വ്വമായ ധാതുക്കളുടെയും പ്രകൃതിവാതകത്തിന്റെയും വലിയ ശേഖരത്തിലും ട്രംപിന് കണ്ണുണ്ട്. അമേരിക്കയുടെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് തന്ത്രപ്രധാനമായ സ്ഥാനമാണ് ഗ്രീന്‍ലാന്‍ഡ് നല്‍കുന്നത്. ആഗോളതാപനം മൂലം ആര്‍ട്ടിക് മഞ്ഞുരുകുമ്പോള്‍ തുറക്കപ്പെടുന്ന പുതിയ കപ്പല്‍ പാതകളുടെ നിയന്ത്രണം ഏറ്റെടുക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് അമേരിക്ക കണക്കുകൂട്ടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT