Image courtesy: x.com/CMShehbaz, Canva
Econopolitics

ട്രംപിന് ഇപ്പോള്‍ സ്‌നേഹം പാക്കിസ്ഥാനോട്! ഇന്ത്യക്ക് പാക്കിസ്ഥാന്‍ എണ്ണ വില്‍ക്കുന്ന കാലം വരുമെന്ന് പരിഹാസം; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ അത്രയ്ക്കുണ്ട് കലിപ്പ്

ട്രംപ് പരാമർശിക്കുന്ന എണ്ണ ശേഖരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല

Dhanam News Desk

ഇന്ത്യയുമായി വ്യാപാര കരാറിലെത്താനുളള സജീവ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പാക്കിസ്ഥാനുമായി വ്യാപാര കരാര്‍ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിനെ ചരിത്രപരം എന്നാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിശേഷിപ്പിച്ചത്. കരാര്‍ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുളള പങ്കാളിത്തത്തിന്റെ അതിരുകൾ വികസിപ്പിക്കുമെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

പാക്കിസ്ഥാനില്‍ വൻതോതിലുള്ള എണ്ണ ശേഖരം യു.എസിന്റെ നേതൃത്വത്തില്‍ വികസിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ഈ പങ്കാളിത്തത്തിന് നേതൃത്വം നൽകുന്ന എണ്ണക്കമ്പനിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. അതേസമയം ട്രംപ് പരാമർശിക്കുന്ന എണ്ണ ശേഖരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഒരു ദിവസം പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വിൽക്കാനുളള സാധ്യതകളും തളളിക്കളയാനാകില്ലെന്നും ട്രംപ് പറഞ്ഞു.

റഷ്യയില്‍ നിന്ന് വാങ്ങുന്നതിലുളള എതിര്‍പ്പോ?

പാക്കിസ്ഥാൻ നിലവിൽ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മിഡിൽ ഈസ്റ്റിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുകയാണ്. സാങ്കേതിക വൈദഗ്ധ്യത്തിന്റെയും ഫണ്ടിന്റെയും അഭാവം മൂലം പര്യവേക്ഷണം ചെയ്യപ്പെടാതെ കിടക്കുന്ന വലിയ തോതിലുള്ള എണ്ണ നിക്ഷേപങ്ങള്‍ പാക്കിസ്ഥാനില്‍ ഉളളതായി റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം, ഇന്ത്യയ്ക്ക് എണ്ണ വിൽക്കാൻ പാക്കിസ്ഥാന് കഴിഞ്ഞേക്കുമെന്ന ട്രംപിന്റെ പരിഹാസത്തില്‍ കഴമ്പില്ല എന്ന അഭിപ്രായവും ഉയരുന്നുണ്ട്. റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നതിലുളള എതിര്‍പ്പാണ് ട്രംപിന്റെ പ്രസ്താവനയില്‍ നിഴലിക്കുന്നതെന്നും കരുതുന്നുണ്ട്. പാക്കിസ്ഥാനുമായുള്ള യു.എസിന്റെ എണ്ണ കരാർ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന വിലയിരുത്തലും ഉണ്ട്.

ഇന്ത്യക്ക് കൂടുതല്‍ എണ്ണ ആവശ്യം

നിലവില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാനേക്കാൾ കൂടുതൽ ക്രൂഡ് ഓയിൽ കരുതൽ ശേഖരമുണ്ട്. പ്രതിദിനം കൂടുതൽ ക്രൂഡ് ഓയിൽ ഉത്പാദിപ്പിക്കുന്നതും ഇന്ത്യയാണ്. എന്നാൽ വിപണി വളരെ വലുതായതിനാല്‍ ഇന്ത്യയ്ക്ക് കൂടുതൽ എണ്ണ ആവശ്യമായുണ്ട്. ഈ വർഷം ഇന്ത്യക്ക് എണ്ണ ആവശ്യകതയില്‍ 3,30,000 ബി.പി.ഡി (Barrels Per Day) വർദ്ധന ഉണ്ടാകുമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി (IEA) കണക്കാക്കുന്നത്.

ഇന്ത്യക്കെതിരെ കര്‍ക്കശമായ നിലപാടുകളും പാക്കിസ്ഥാനുമായി സഹകരണവും പ്രഖ്യാപിക്കുന്നതിലൂടെ യു.എസിന് അനുകൂലമായ വ്യാപാര, ബിസിനസ് ഇടപാടുകള്‍ നേടിയെടുക്കുന്നതിനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. അതേസമയം, ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇന്ത്യൻ സർക്കാർ പഠിച്ചുകൊണ്ടിരിക്കുകയാണ്. പരസ്പരം പ്രയോജനകരമായ ഉഭയകക്ഷി വ്യാപാര കരാറില്‍ എത്രയും വേഗം എത്താനുളള ശ്രമങ്ങളിലാണ് ഇന്ത്യ.

Trump's oil deal with Pakistan and remarks on India spark geopolitical and trade tension.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT