Courtesy: whitehouse.gov, en.kremlin.ru, x.com/PMOIndia
Econopolitics

ഡല്‍ഹിയില്‍ നിന്ന് മോസ്‌കോ വഴി ബീജിംഗിലേക്ക് യു.എസ് വിരുദ്ധ ചേരി? മോദിക്കും ഇന്ത്യയ്ക്കും പരീക്ഷണ കാലഘട്ടം

ഒരുകാലത്ത് ഏവരെയും ആശ്രിതരാക്കി നിര്‍ത്തിയിരുന്ന യു.എസിന് ഭാവിയില്‍ വലിയ തിരിച്ചടി കിട്ടിയേക്കാവുന്ന നയങ്ങളാണ് ട്രംപില്‍ നിന്ന് തുടര്‍ച്ചയായി വരുന്നത്

Dhanam News Desk

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 11 വര്‍ഷത്തെ ഭരണ കാലയളവില്‍ പലവിധ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. രാഷ്ട്രീയവും സൈനികവുമായ ഇത്തരം പ്രതിബന്ധങ്ങള്‍ മറികടക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഒരിക്കല്‍ അടുത്ത സുഹൃത്തായിരുന്ന യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനാല്‍ വല്ലാത്തൊരു അവസ്ഥയിലാണ് മോദിയും ഇന്ത്യയും. രാജ്യത്തിന്റെ കയറ്റുമതി മൂല്യത്തിന്റെ വലിയൊരു പങ്കിനെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ് ട്രംപിന്റെ ഇരട്ട ഷോക്ക്.

25 ശതമാനം താരിഫ് ഇന്ത്യയ്ക്കുമേല്‍ ആദ്യം ചുമത്തിയ ട്രംപ് പിന്നീട് 25 ശതമാനം കൂടി ഉയര്‍ത്തിയിട്ടുണ്ട്. റഷ്യയുടെ കൈയില്‍ നിന്ന് ക്രൂഡ്ഓയില്‍ വാങ്ങുന്നതിന്റെ പേരിലാണ് അധികചുങ്കം. ഇതോടെ ഇന്ത്യയില്‍ നിന്ന് യു.എസിലേക്കുള്ള കയറ്റുമതിക്ക് 50 ശതമാനം നികുതി ഒടുക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍.

വിട്ടുവീഴ്ച്ചയില്ലാതെ ഇന്ത്യ

ട്രംപിന്റെ നീക്കങ്ങളോട് യു.എസില്‍ തന്നെ എതിര്‍പ്പുണ്ട്. ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുയെന്നതാണ് ട്രംപിന്റെ കൈവിട്ട കളിയുടെ ഫലം. ട്രംപ് ഭരണകൂടത്തിന് കൂടുതല്‍ നികുതി വരുമാനം ലഭിക്കുമെങ്കിലും യു.എസ് വിപണിയില്‍ ഇറക്കുമതി സാധനങ്ങള്‍ക്ക് വിലകൂടുന്നത് ജനങ്ങള്‍ക്ക് അത്ര രസിക്കില്ല. മാത്രമല്ല, ഒരുവിധം രാജ്യങ്ങള്‍ക്കെല്ലാം തീരുവ ചുമത്തിയിരിക്കുന്നതിനാല്‍ ഇന്ത്യയെ മാത്രമായി ഈ പ്രതിസന്ധി ബാധിക്കുകയുമില്ല.

ഇരട്ട താരിഫ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തു വന്നുവെന്നത് ശ്രദ്ധേയമാണ്. ന്യൂഡല്‍ഹിയില്‍ എം.എസ് സ്വാമിനാഥന്‍ അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യവെയാണ് ഇന്ത്യന്‍ നിലപാട് മോദി വ്യക്തമാക്കിയത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നും ഇന്ത്യന്‍ വിപണി അമേരിക്കന്‍ വന്‍കിട കമ്പനികള്‍ക്കായി സൗജന്യമായി തുറന്നു കൊടുക്കില്ലെന്നുമാണ് പ്രധാനമന്ത്രി പറയാതെ പറഞ്ഞത്.

കര്‍ഷകര്‍ക്ക് ദോഷം ചെയ്യുന്ന ഒരു കരാറിനോടും ഇന്ത്യ അനുരഞ്ജനപ്പെടില്ലെന്നും വ്യക്തിപരമായി തനിക്ക് ഒരുപാട് നഷ്ടങ്ങളുണ്ടായാലും രാജ്യതാല്പര്യത്തിന് മാത്രമാകും പ്രഥമ പരിഗണനയെന്നും മോദി പറഞ്ഞു. ട്രംപിന്റെ തീരുവ നിലപാടുകള്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന സൂചന തന്നെയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.

ഇന്ത്യ-റഷ്യ-ചൈന ചേരി?

ചെറുതും വലുതുമായ ഒട്ടുമിക്ക രാജ്യങ്ങളെയും പിണക്കാന്‍ മത്സരിക്കുകയാണ് ട്രംപ്. ഒരുകാലത്ത് ഒപ്പംനിന്നിരുന്ന രാജ്യങ്ങളെ വിട്ട് പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് കൂടുതല്‍ അടുക്കുന്ന സമീപനമാണ് ട്രംപിന്റേത്. ഐക്യരാഷ്ട്ര സഭയിലെ മുന്‍ യു.എസ് അംബാസിഡറും റിപ്പബ്ലിക്കന്‍ നേതാവുമായ നിക്കി ഹേലി ഇക്കാര്യത്തില്‍ കഴിഞ്ഞദിവസം മുന്നറിയിപ്പും നല്കിയിരുന്നു. ഇന്ത്യയെ പോലെ അടുത്ത സുഹൃദ് രാഷ്ട്രത്തെ പിണക്കുന്നത് ഭാവിയില്‍ യു.എസിന് തിരിച്ചടിയാകുമെന്നാണ് അവരുടെ വാദം.

ഇന്ത്യയും ചൈനയും റഷ്യയും ഒരുമിച്ചുള്ള ശാക്തിക ചേരി രൂപപ്പെട്ടാല്‍ യു.എസിനത് വലിയ തലവേദനയാകും. ഏഷ്യയില്‍ മറ്റ് സൗഹൃദ രാഷ്ട്രങ്ങളുണ്ടെങ്കിലും ചൈനയുടെ മുന്നേറ്റം തടുക്കുന്നതില്‍ ഇന്ത്യയുടെ പങ്കാളിത്തം യു.എസിന് അനിവാര്യമാണ്. ചൈനയും ഇന്ത്യയും റഷ്യയ്‌ക്കൊപ്പം ചേര്‍ന്നു മുന്നോട്ടു പോയാല്‍ യു.എസിന്റെ ദക്ഷിണേഷ്യയിലെ വാണിജ്യ, സൈനിക ആഗ്രഹങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കും.

2018നുശേഷം മോദിയുടെ ആദ്യ ചൈന സന്ദര്‍ശനം ഈ മാസം നടന്നേക്കുമെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. ഷാങായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (SCO) സമ്മിറ്റിനായാണ് മോദിയുടെ യാത്രയെങ്കിലും ലക്ഷ്യം വ്യക്തമാണ്. റഷ്യ കൂടി അംഗമായ സമ്മിറ്റില്‍ പങ്കെടുക്കുക വഴി പ്ലാന്‍ ബിയില്‍ കൂടിയാകും ഇന്ത്യ മുന്നോട്ടു പോകുകയെന്ന സന്ദേശം യു.എസിന് നല്കുന്നതാകും യാത്ര.

എക്കാലത്തും ഇന്ത്യയുടെ വിശ്വസ്ത രാഷ്ട്രമാണ് റഷ്യ. പുതിയ ലോകക്രമത്തില്‍ റഷ്യയ്ക്ക് ഇന്ത്യയോടുള്ള സൗഹൃദം വര്‍ധിച്ചിട്ടുണ്ട്. യുക്രൈയ്ന്‍ യുദ്ധംമൂലം തകര്‍ന്നു തരിപ്പണമായ റഷ്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇന്ത്യ നല്കുന്ന പിന്തുണ വളരെ വലുതാണ്. റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യ കൂടി പിന്മാറിയിരുന്നെങ്കില്‍ മോസ്‌കോയ്ക്ക് അതു വലിയ തിരിച്ചടിയായി മാറിയേനെ.

യൂറോപ്യന്‍ യൂണിയന്‍ മുതല്‍ അയല്‍പക്കമായ കാനഡയോടു വരെ ശത്രുതാപരമായ സമീപനമാണ് ട്രംപിന്റേത്. ഒരുകാലത്ത് ഏവരെയും ആശ്രിതരാക്കി നിര്‍ത്തിയിരുന്ന യു.എസിന് ഭാവിയില്‍ വലിയ തിരിച്ചടി കിട്ടിയേക്കാവുന്ന നയങ്ങളാണ് ട്രംപില്‍ നിന്ന് തുടര്‍ച്ചയായി വരുന്നത്. യു.എസ് വിരുദ്ധ ചേരി വികാസം പ്രാപിക്കുന്നത് വാഷിംട്ഗടണിന് അത്ര ഗുണകരമാകില്ലെന്നുറപ്പാണ്.

Trump’s tariff shock pushes India closer to Russia-China bloc, signaling a shift in global alliances

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT