ദുബൈയില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ളൈദുബൈ (flydubai) വിമാനം റാഞ്ചാനുള്ള നീക്കം വലിയ സുരക്ഷ ആശങ്കകള്‍ക്കാണ് വഴിയൊരുക്കിയത്. സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം പോലൊന്നിനാണ് ഒമാന്‍ സ്വദേശിയായ പൈലറ്റ് ശ്രമിച്ചതെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. ഇതില്‍ വ്യക്തത വന്നിട്ടില്ലെങ്കിലും ഇസ്രയേല്‍-യുഎഇ ബന്ധത്തെ ബാധിക്കുമോയെന്ന ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്.
അറബ് ലോകത്തു നിന്ന് ഇസ്രയേലുമായി ആദ്യം കൈകൊടുത്തത് യുഎഇയായിരുന്നു. ഇന്ന് ബിസിനസിനപ്പുറം പ്രതിരോധ സഹകരണത്തിലേക്ക് വരെ ഇസ്രയേല്‍-യുഎഇ ബന്ധം വളര്‍ന്നിരിക്കുന്നു. ഒരുകാലത്ത് വിരുദ്ധ ധ്രുവങ്ങളിലായിരുന്ന രാജ്യങ്ങള്‍ എങ്ങനെയാണ് വീണ്ടും അടുത്തതെന്ന് നോക്കാം.
2020ല്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച അബ്രഹാം കരാറാണ് യുഎഇ-ഇസ്രയേല്‍ ബന്ധങ്ങള്‍ക്ക് പുതിയ വഴിതുറന്നത്. നയതന്ത്ര ബന്ധം സാധാരണ നിലയിലായതോടെ വിമാന സര്‍വീസുകളും വിനോദസഞ്ചാരവും വാണിജ്യ ഇടപാടുകളും വര്‍ധിച്ചു.
ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം, 2024ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക വ്യാപാരം 300 കോടി ഡോളര്‍ കടന്നു. ചില ഘട്ടങ്ങളില്‍ പ്രതിദിന വിമാന സര്‍വീസുകളുടെ എണ്ണം 25 വരെ എത്തിയിരുന്നു. യുഎഇയില്‍ താമസിക്കുന്ന ഇസ്രയേലികളുടെ എണ്ണവും വര്‍ധിച്ചു.
ബേക്കറികള്‍ മുതല്‍ ഫിന്‍ടെക് കമ്പനികള്‍ വരെ വിവിധ മേഖലകളില്‍ നിരവധി ഇസ്രയേല്‍ സംരംഭങ്ങള്‍ യുഎഇയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദുബൈയിലെ ആഡംബര ഹോട്ടലുകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഇസ്രയേല്‍ സഞ്ചാരികളുടെ വരവും ബന്ധം ശക്തമാക്കുന്നതില്‍ പങ്കുവഹിച്ചു.
ഒരുകാലത്ത് യുഎഇ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളോട് ഇസ്രയേലിനോ അവിടുത്തെ പൗരന്മാര്‍ക്കോ താല്പര്യമില്ലായിരുന്നു. എന്നാല്‍, 2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് തീവ്രവാദി ആക്രമണത്തിനും തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ക്കും ശേഷം കാര്യങ്ങള്‍ മാറി. ഹമാസ് ആക്രമണത്തിനുശേഷം നിരവധി വിദേശ വിമാന കമ്പനികള്‍ ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ യുഎഇയിലെ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ തുടരുകയാണുണ്ടായത്. ഇതോടെ ഇസ്രയേലുകാരുടെ വിദേശയാത്രകളില്‍ യുഎഇ പ്രധാന കേന്ദ്രമായി മാറി.
കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളുള്ള യുഎഇയില്‍ അവധിക്കാലം ചെലവഴിക്കുന്നത് സുരക്ഷിതമാണെന്ന ധാരണയും പല ഇസ്രയേലികളില്‍ ശക്തമായിരുന്നു. വിമാനത്തിനുള്ളിലെ പുതിയ സംഭവം ഈ വിശ്വാസത്തിന് തിരിച്ചടിയാകുമോ എന്നതാണ് വിനോദസഞ്ചാര മേഖലയിലെ പ്രധാന ആശങ്ക. ഇസ്രയേല്‍ക്കാര്‍ കൂടുതലായി എത്തുന്നത് യുഎഇയുടെ ടൂറിസം മേഖലയ്ക്കും ഗുണകരമാണ്.
ഗാസ യുദ്ധവും പശ്ചിമേഷ്യയിലെ തുടര്‍ച്ചയായ സംഘര്‍ഷങ്ങളും യുഎഇ-ഇസ്രയേല്‍ ബന്ധത്തെ സമ്മര്‍ദത്തിലാക്കിയെങ്കിലും സഹകരണം തുടരുകയാണ്. പ്രതിരോധം, സാങ്കേതികവിദ്യ, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലേക്ക് ബന്ധം വികസിപ്പിക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടുത്തിടെ അബുദാബിയിലെത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയെന്നതും ശ്രദ്ധേയമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കുമെന്ന സൂചനകളാണ് ഈ സന്ദര്‍ശനം നല്‍കുന്നത്. ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം അടക്കം യുഎഇയ്ക്ക് നല്‍ക്കുന്ന രീതിയിലേക്ക് ബന്ധം വളരാന്‍ ഇറാനില്‍ നിന്നുള്ള ഭീഷണിയും കാരണമായിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine