യു.എസ്—ചൈന ബന്ധങ്ങളിൽ ദൃശ്യമാകുന്ന പുതിയ മാറ്റങ്ങൾ, ഇന്ത്യയുടെ നയതന്ത്രപരമായ സ്വാധീനത്തേയും വിദേശകാര്യ നയങ്ങളിലെ പുനർചിന്തനത്തിനും പ്രേരിപ്പിക്കുമെന്ന് വിലയിരുത്തൽ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്തോ—പസഫിക് മേഖലയിൽ ചൈനയുടെ വളർച്ചയെ പ്രതിരോധിക്കുക എന്ന അമേരിക്കൻ താത്പര്യമാണ് ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രധാന ചാലകശക്തിയായിരുന്നത്.
എന്നാൽ ഇപ്പോൾ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്ക് മുന്നോടിയായി ഉയർന്നുവന്ന ജി-2 എന്ന സംവിധാനത്തിനായുള്ള നിർദേശം, ഇന്ത്യയുടെ നയതന്ത്ര അടിത്തറയെ സമ്മർദ്ദത്തിലാക്കുന്നതായാണ് നിഗമനം. വിശദമായി നോക്കാം.
ആദ്യ ട്രംപ് ഭരണകൂടത്തിന്റെ കാലത്ത്, ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ കടുത്ത നികുതികൾ ചുമത്തുകയും 'ക്വാഡ്' (QUAD) സഖ്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്തിരുന്നു. ഇത് ആഗോള വിതരണ ശൃംഖലയിൽ (ചൈന പ്ലസ് വൺ നയം) ഇന്ത്യയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കി. എന്നാൽ നിലവിലെ സാഹചര്യം ഇന്ത്യയുടെ ഈ നേട്ടങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും ചേർന്ന് അന്താരാഷ്ട്ര കാര്യങ്ങൾ ഉഭയകക്ഷി തലത്തിൽ തീരുമാനിക്കുന്നതിനായുള്ള 'ജി-2' (G2) എന്ന അനൗദ്യോഗിക സംവിധാനം രൂപീകരിക്കുന്നതിനോട് ട്രംപ് ഭരണകൂടത്തിനുള്ള താത്പര്യം, ഇന്ത്യയുടെ നയതന്ത്ര രംഗത്തെ സ്വാധീനത്തെ ബാധിക്കുമെന്നാണ് വിദേശകാര്യ നിരീക്ഷകരുടെ പൊതുവായ വിലയിരുത്തൽ. ഇത്തരം ഉഭയകക്ഷി ധാരണകൾ ശക്തിപ്പെട്ടാൽ, ഇന്ത്യ നിർണായക പങ്കുവഹിക്കുന്ന ക്വാഡ് പോലുള്ള ബഹുരാഷ്ട്ര കൂട്ടായ്മകളുടെ പ്രസക്തി നഷ്ടപ്പെടും. ഇന്തോ—പസഫിക് മേഖലയിലെ ഇന്ത്യയുടെ തന്ത്രപരമായ പ്രാധാന്യവും വിലപേശൽ ശേഷിയും കുറയാനും ഇത് ഇടയാക്കാം എന്നാണ് വിദഗ്ധർ സൂചിപ്പിച്ചത്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ഇന്ത്യയുടെ സാമ്പത്തിക കെട്ടുറപ്പിനു നേരെയുയരുന്ന വെല്ലുവിളി, വിദേശകാര്യങ്ങളിൽ ശക്തമായ നിലപാടുകൾ എടുക്കാനുള്ള രാജ്യത്തിന്റെ കഴിവിനെ കൂടുതൽ പരിമിതപ്പെടുത്തുന്നുണ്ടെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
പണപ്പെരുപ്പം: ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലിൽ 3.48 ശതമാനമായി ഉയർന്നു. തുടർച്ചയായ ആറാം മാസമാണ് പണപ്പെരുപ്പത്തിൽ വർധന പ്രകടമാകുന്നത്. ഇതിനിടെ ക്രൂഡ് ഓയിൽ വില കൂടിയതോടെ രാജ്യത്തെ ഇന്ധനവില നിയന്ത്രിച്ചു നിർത്തിയിരിക്കുന്നത് പൊതുമേഖലാ എണ്ണക്കമ്പനികളുടെ സാമ്പത്തിക ഭദ്രതയെ വളരെയധികം ദോഷകരമായി ബാധിക്കുന്നുണ്ട്.
ധനശേഷി (Fiscal Headroom): രൂപയുടെ മൂല്യത്തകർച്ചയ്ക്ക് തടയിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്വർണ്ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ 15 ശതമാനമായി കേന്ദ്ര സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടരുന്നതിനാൽ കറന്റ് അക്കൗണ്ട് കമ്മി വർധിക്കുന്നത് പ്രതിരോധ ഉത്പാദനം, അടിസ്ഥാന സൗകര്യ വികസനം എന്നീ നിർണ്ണായക മേഖലകളിൽ നിക്ഷേപം നടത്തുന്നതിനുള്ള സർക്കാരിന്റെ സാമ്പത്തിക ശേഷിയെ പരിമിതപ്പെടുത്തുന്നു.
അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധത്തിലെ അമിത ആശ്രിതത്വം കുറയ്ക്കുന്നതിനായി ഇന്ത്യയുടെ നയതന്ത്ര അടിത്തറ വിപുലപ്പെടുത്താനുള്ള (Strategic Diversification) കഠിനമായ പരിശ്രമങ്ങൾ കേന്ദ്ര സർക്കാരിന്റെ സമീപകാല നീക്കങ്ങളിൽ നിന്നും വായിച്ചെടുക്കാനാകും. ഒരേസമയം ബ്രിക്സ് (BRICS) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് (മേയ് 14-15) ആതിഥേയത്വം വഹിക്കുന്നതും യു.എ.ഇ, നെതർലൻഡ്‌സ്, നോർവേ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ പര്യടനവും (മേയ് 15-20) ഇന്ത്യയുടെ ഈ തന്ത്രപരമായ മാറ്റത്തെ വ്യക്തമാക്കുന്നു.
ചൈനയെ പ്രതിരോധിക്കാനുള്ള ഒരു ഉപാധി എന്ന നിലയിലുള്ള പ്രസക്തിക്ക് അപ്പുറം — വ്യാവസായിക പ്രാധാന്യമുള്ള അപൂർവ ധാതുക്കൾ, പ്രതിരോധ മേഖലയിലെ സഹകരണവും ആയുധങ്ങളുടെ നിർമാണവും, സാങ്കേതികവിദ്യയിൽ ഊന്നിയുള്ള ഉത്പാദനം, നാവിക സംബന്ധമായ അടിസ്ഥാന സൗകര്യം — എന്നിവയിൽ ഇന്ത്യയ്ക്ക് സ്വന്തം നിലയിലുള്ള തന്ത്രപരമായ മൂല്യം (Autonomous Strategic Value) എത്രത്തോളം സൃഷ്ടിച്ചെടുക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യ — യുഎസ് ബന്ധത്തിന്റെ ഭാവിയെന്ന് നയതന്ത്ര രംഗത്തെ വിദഗ്ധർ സൂചിപ്പിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine