ഡെൻമാർക്കിന് കീഴിലുള്ള സ്വയംഭരണ പ്രദേശവും ലോകത്തെ ഏറ്റവും വലിയ ദ്വീപുമായ ഗ്രീൻലാൻഡിന്റെ ഉടമസ്ഥത തങ്ങൾക്ക് കൈമാറണമെന്ന് ആജ്ഞാഭാവത്തിലുള്ള ആവശ്യമായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ചത്. തുടർന്നും ഗ്രീൻലാൻഡ് വിഷയത്തിൽ കടുത്ത നിലപാട് പ്രസിഡന്റ് ട്രംപ് തുടർന്നതോടെ എട്ട് പതിറ്റാണ്ടിലേറെക്കാലം ശക്തമായി നിലകൊള്ളുകയായിരുന്ന യുഎസും യൂറോപ്പും തമ്മിലുള്ള പരസ്പര വിശ്വാസത്തിലും വിള്ളൽ വീണു.
ഗ്രീൻലാൻഡിൽ നിലവിലുള്ള ഭരണക്രമം തുടർന്നാൽ മതിയെന്ന നിലപാട് ഉറക്കെ പ്രഖ്യാപിച്ച എട്ട് യൂറോപ്യൻ രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്കുമേൽ 2026 ഫെബ്രുവരി ഒന്നു മുതൽ മുന്നോട്ടുള്ള നിശ്ചിത ഇടവേളകളിൽ അധിക തീരുവ ചുമത്തുമെന്ന് കൂടി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ പ്രതിസന്ധി വീണ്ടും വഷളായി. ഇനി ട്രംപിന്റെ സമ്മർദ്ദത്തിനു വഴങ്ങേണ്ടെന്നും ശക്തമായ മറുപടി നൽകണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണും ജർമനിയുടെ ധനകാര്യ മന്ത്രി ലാർസ് ക്ലിങ്ബൈലും പോലെയുള്ളവർ പ്രതികരിച്ചതോടെ ലോകം അടുത്ത വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്കയും ഉയർന്നു കഴിഞ്ഞു.
ലോകത്തെ ഏറ്റവും വികസിത സമ്പദ്ഘടനകളായ യൂറോപ്പും യുഎസും തമ്മിലുള്ള വ്യാപാര തർക്കം ആഗോള സാമ്പത്തിക മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ളതാണ്. എന്നാൽ ഉർവശി ശാപം ഉപകാരം എന്ന പഴഞ്ചൊല്ലുപോലെ യുഎസ് - യൂറോപ്പ് വ്യാപാര യുദ്ധം ഇന്ത്യക്ക് ചില നേട്ടങ്ങളും സമ്മാനിക്കുള്ള സാധ്യതയാണ് മുന്നിലുള്ളത്. ഗ്രീൻലാൻഡ് വിഷയവുമായി ബന്ധപ്പെട്ട് ദീർഘകാല പങ്കാളിയായിരുന്ന യുഎസിന്റെ വിശ്വാസ്യതയിൽ സംശയം ഉയർന്നതോടെ തങ്ങളുടെ വ്യാപാരബന്ധം വിപുലീകരിക്കാനും വൈവിധ്യവത്കരിക്കാനും ഇനി യൂറോപ്യൻ യൂണിയൻ മുൻഗണന നൽകും.
ഈയൊരു പശ്ചാത്തലത്തിൽ സ്ഥിരതയും മരാദ്യതയുമുള്ള പങ്കാളി എന്ന മേൽവിലാസം ഇന്ത്യയ്ക്ക് തുണയേകും. കോവിഡ് കാലത്ത് ഉടലെടുത്ത വിതരണശൃംഖല പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചൈന പ്ലസ് വൺ നയം പിന്തുടരുന്നതും ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്. ഇതിനു പുറമെ ദീർഘകാലമായി പരിഗണിക്കപ്പെടുന്ന ഇന്ത്യ - യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിനായി യൂറോപ്പിന്റെ ഭാഗത്തു നിന്നും വേഗത്തിലുള്ള നടപടികൾക്കും ഉദാര വ്യവസ്ഥകൾക്ക് സന്നദ്ധമാകാനുള്ള സാധ്യതയും ഇന്ത്യയ്ക്ക് ഗുണകരമായി ഭവിക്കാവുന്നതാണ്.
സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രവർത്തനഘട്ടം യൂറോപ്യൻ യൂണിയൻ വേഗത്തിലാക്കിയാൽ ഇന്ത്യൻ കയറ്റുമതിക്കാർക്കുള്ള തീരുവ എളുപ്പത്തിൽ കുറയ്ക്കുന്നതിനും ഇന്ത്യൻ ഉത്പന്നങ്ങൾക്ക് തടസ്സങ്ങളില്ലാതെ 27 രാജ്യങ്ങളിലെ വിപണിയിലേക്കുള്ള പ്രവേശം സാധ്യമാക്കുന്നതിനും വഴിതെളിക്കും. ജനുവരി അവസാനത്തോടെ പ്രധാനപ്പെട്ട യൂറോപ്യൻ യൂണിയൻ നേതാക്കൾ ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നും ഏവരും ഉറ്റുനോക്കുന്നു.
ആഗോള വ്യാപാര മേഖലയിൽ തലപൊക്കുന്ന ഇറക്കുമതി തീരുവ സംബന്ധിച്ച തർക്കങ്ങളുടെയും വർധിച്ചുവരുന്ന സംരക്ഷണവാദങ്ങളുടെയും പശ്ചാത്തലത്തിൽ യൂറോപ്പ് പോലുള്ളൊരു സമ്പന്നവും വമ്പൻ കയറ്റുമതി വിപണിയും തുറന്നുകിട്ടുന്നത് ഇന്ത്യൻ വ്യവസായ മേഖലയ്ക്കും തുറപ്പുചീട്ടാകും. ഫാർമ, ടെക്സ്റ്റൈൽസ്, എൻജിനീയറിങ് ഉത്പന്നങ്ങൾ, കെമിക്കൽ, ഐടി അനുബന്ധ മേഖലയ്ക്കും ഇത് തുണയേകും. യുഎസുമായുള്ള വ്യാപാര കരാർ അനിശ്ചിതത്വത്തിൽ തുടരുന്ന വേളയിൽ പ്രത്യേകിച്ചും.
Read DhanamOnline in English
Subscribe to Dhanam Magazine