2019-നു ശേഷം ആദ്യത്തെ സർക്കാർ സ്തംഭനത്തിലേക്ക് അമേരിക്ക എത്തി. ഒരു ഡസനിലധികം ഡിപ്പാർട്ട്മെൻ്റുകളിൽ ഇന്നു മുതൽ ജോലി നടക്കില്ല. ചില അവശ്യ വകുപ്പുകൾ മാത്രമേ പ്രവർത്തിക്കൂ. സർക്കാർ പ്രവർത്തനത്തിനു പണം അനുവദിക്കാനുള്ള ബില്ലുകൾ പാസാക്കാത്തതാണു കാരണം.
ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിനു നികുതി കിഴിവ് നൽകുന്ന 'ഒബാമ കെയർ' ആണു ബില്ലുകൾ പാസാക്കുന്നതിനു തടസം. പുതിയ ബജറ്റിലെ അഫോഡബിൾ കെയർ ആക്റ്റ് പ്രകാരം ഉള്ള ആനുകൂല്യങ്ങളേ നൽകാൻ പറ്റൂ എന്നാണു റിപ്പബ്ലിക്കൻ നിലപാട്.
നിയമവിധേയമായി രാജ്യത്തുള്ള എല്ലാവർക്കും കിഴിവ് അനുവദിക്കണമെന്നു ഡെമോക്രാറ്റുകൾ വാദിക്കുന്നു. അനധികൃത കുടിയേറ്റക്കാർക്കു വേണ്ടിയാണു ഡെമോക്രാറ്റുകൾ വാശി പിടിക്കുന്നതെന്നു റിപ്പബ്ലിക്കന്മാർ ആരോപിക്കുന്നു..
സർക്കാരിൻ്റെ പ്രവർത്തനത്തിന് ആവശ്യമായ തുക അനുവദിച്ചില്ലെങ്കിൽ ലക്ഷക്കണക്കിനു ജീവനക്കാരെ പിരിച്ചുവിടും എന്നു പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സാധാരണ എട്ടുപത്തു ദിവസം വരെ സ്തംഭനം നീളാറുണ്ട്. 2019 ലെ സ്തംഭനം (അന്നും ട്രംപ് ആയിരുന്നു പ്രസിഡൻ്റ്) 35 ദിവസം നീണ്ടു നിന്നു. ഇത്തവണ വിയോജിപ്പ് കൂടുതൽ ആഴത്തിലുള്ളതും തീവ്രവുമാണ്. അതിനാൽ പെട്ടെന്നു ധാരണ എളുപ്പമല്ല. എന്നാൽ വാരാന്ത്യത്തോടെ പ്രശ്നം തീരുമെന്നു ചില റിപബ്ലിക്കന്മാർ പറയുന്നുണ്ട്.
സ്തംഭനത്തിൻ്റെ മറവിൽ മുൻപു സർക്കാർ ജീവനക്കാരെ പിരിച്ചു വിട്ടിട്ടില്ല. സ്തംഭന ദിവസങ്ങളിലെ വേതനം തടയുന്നതു മാത്രമാണു സാധാരണ ഉണ്ടാകുന്ന നടപടി. 2019-ൽ പണികൾ നടക്കാത്ത വിവിധ ഡിപ്പാർട്ട്മെൻറുകളിലെ 8.5 ലക്ഷം പേർക്കു ശമ്പളം നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ ട്രംപ് ഏഴരലക്ഷം പേരെ പിരിച്ചു വിടാനാണ് ഒരുങ്ങുന്നത്.
അതുപോലെ സർക്കാരിൻ്റെ സൗജന്യങ്ങൾ ലഭിക്കുന്ന പല വിഭാഗങ്ങൾക്കും അതു നിഷേധിക്കുന്ന കാര്യവും ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്.
1980 മുതൽ 14 തവണ അമേരിക്കയിൽ സർക്കാർ പണിമുടക്കിയിട്ടുണ്ട്. നാഷണൽ പാർക്കുകളും മ്യൂസിയങ്ങളും മുതൽ വിവര ശേഖരണം വരെയുളള വകുപ്പുകൾ ആണു പണമില്ലാത്തതിനാൽ പണി മുടക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine