Econopolitics

ട്രംപിന് അമേരിക്കയില്‍ ഇരട്ടപ്രഹരം; ലോകത്തിന് ആശ്വാസമോ? ഇന്ത്യയ്ക്ക് നേട്ടമോ കോട്ടമോ?

അമേരിക്കക്കാരുടെ ജീവിതച്ചെലവ് വീണ്ടും ഉയര്‍ത്തുന്ന വ്യാപാര യുദ്ധങ്ങള്‍ ഒഴിവാക്കാന്‍ വൈറ്റ് ഹൗസിനുമേല്‍ സമ്മര്‍ദം വര്‍ധിക്കുമെന്ന് പൊതുവിലയിരുത്തല്‍

Dhanam News Desk

യുഎസില്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമേറ്റ കനത്ത തിരിച്ചടി ലോകമാകെ പ്രതിഫലിച്ചേക്കും. സമ്മര്‍ദ്ദത്തിലൂടെയും സൈനികശക്തി ഉപയോഗിച്ചും വാണിജ്യ താല്‍പര്യങ്ങള്‍ അനുകൂലമാക്കുന്നതായിരുന്നു ട്രംപിന്റെ രണ്ടാം ടേമിലെ രീതി. യുഎസിന്റെ സ്ഥിരം വാണിജ്യ, സൈനിക പങ്കാളികളെ പിണക്കിയും ഭീഷണിപ്പെടുത്തിയുമാണ് ട്രംപ് മുന്നോട്ടു പോയിരുന്നത്. ഇന്ത്യ അടക്കം ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമാണ് തീരുവയിലെ കെണിയില്‍ വീഴാതിരുന്നത്.

സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റിക്കുകള്‍ ഭൂരിപക്ഷം നേടിയത് യുഎസിന്റെ നയങ്ങളില്‍ വരെ സ്വാധീനിക്കപ്പെടും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടായ കനത്ത പരാജയം ആഗോള വ്യാപാരരംഗത്തും പുതിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. ട്രംപിന്റെ ഏകപക്ഷീയമായ തീരുവ നയങ്ങള്‍ക്കും വ്യാപാര സമ്മര്‍ദ തന്ത്രങ്ങള്‍ക്കും കൂടുതല്‍ രാഷ്ട്രീയ പ്രതിരോധം നേരിടേണ്ടി വന്നാലും അത്ഭുതപ്പെടേണ്ടതില്ല. ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ഈ രാഷ്ട്രീയമാറ്റം പ്രധാനമായും നിര്‍ണായകമാകുക.

ട്രംപിന്റെ തലതിരിഞ്ഞ നയങ്ങള്‍ക്ക് വിലകൊടുക്കേണ്ടി വന്നതോടെയാണ് അമേരിക്കക്കാര്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ തെറ്റുതിരുത്തിയത്. ഇറക്കുമതി തീരുവകള്‍ തോന്നിയ പോലെ വര്‍ധിപ്പിച്ചത് ആത്യന്തികമായി അമേരിക്കന്‍ ഉപയോക്താക്കളുടെ കീശയാണ് ചോര്‍ത്തിയത്.

സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് തിരിച്ചടി

സമ്മര്‍ദ്ദമായിരുന്നു ട്രംപിന്റെ പ്രധാന ആയുധം. പ്രത്യേകിച്ച്, വാണിജ്യ രംഗത്ത്. അമേരിക്കന്‍ വിപണിയില്‍ സാധനങ്ങളും സേവനങ്ങളും കുറഞ്ഞ തീരുവയില്‍ വില്‍ക്കാന്‍ രാജ്യങ്ങള്‍ അഴിമതിക്ക് സമാനമായ നിക്ഷേപങ്ങള്‍ നടത്തേണ്ടി വന്നു. യുഎസില്‍ നിക്ഷേപം നടത്താത്ത രാജ്യങ്ങള്‍ക്കു മേലെയാണ് ഈ വലിയ തീരുവ ചുമത്തിയത്.

ജപ്പാനും ദക്ഷിണകൊറിയയും പോലെ യുഎസുമായി അടുപ്പമുണ്ടായിരുന്ന രാജ്യങ്ങള്‍ പോലും യുഎസില്‍ നിക്ഷേപം പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായി. ജപ്പാന്‍ 55,000 കോടി ഡോളറിന്റെയും ദക്ഷിണ കൊറിയ 35,000 കോടി ഡോളറിന്റെയും വാഗ്ദാനങ്ങളാണ് ട്രംപിന് നല്‍കിയത്. യുഎസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ക്ക് നിയന്ത്രണം ലഭിച്ചതോടെ ഇത്തരം വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ രാജ്യങ്ങള്‍ തയാറായേക്കും. ചില രാജ്യങ്ങളെങ്കിലും തങ്ങളുടെ വാഗ്ദാനത്തില്‍ മെല്ലെപ്പോക്കിന് തുനിഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല.

ഈ നിക്ഷേപ വാഗ്ദാനങ്ങള്‍ സഖ്യരാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തി നേടിയെടുത്തതാണെന്ന നിലപാടാണ് ഡെമോക്രാറ്റുകള്‍ക്കുള്ളതെന്ന് സിയോളിലെ സോഗാങ് സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രൊഫസര്‍ ഹിയോ യൂണ്‍ വിലയിരുത്തുന്നു. എന്നാല്‍, ഇടക്കാല തെരഞ്ഞെടുപ്പിലെ ഫലം അപകടകരമായി ഉപയോഗിക്കാന്‍ ട്രംപ് മുതിര്‍ന്നേക്കുമെന്ന് ചിലരെങ്കിലും കരുതുന്നു.

സ്വദേശത്തെ തിരിച്ചടി മറികടക്കാന്‍ ട്രംപ് വിദേശരാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ശക്തമാക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. നിക്ഷേപ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ വീണ്ടും അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയേക്കാമെന്നാണ് ചില വിദഗ്ധരുടെ മുന്നറിയിപ്പ്.

ഇന്ത്യയ്ക്ക് അവസരമോ തിരിച്ചടിയോ?

ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. യുഎസ് താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കുന്ന വ്യാപാര കരാറിനായിട്ടാണ് ട്രംപിന്റെ നീക്കം. ഇന്ത്യന്‍ ക്ഷീരമേഖലയില്‍ ഉള്‍പ്പെടെ വിപണി തുറന്നു കിട്ടാന്‍ യുഎസ് പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍, കാര്‍ഷിക മേഖലയെ ഉള്‍പ്പെടെ ബാധിക്കുന്ന വിഷയങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലെന്നാണ് ഇന്ത്യന്‍ നിലപാട്.

തിരഞ്ഞെടുപ്പ് ഫലം ഇന്ത്യയ്ക്ക് വ്യാപാര ചര്‍ച്ചകളില്‍ കൂടുതല്‍ സമയം കണ്ടെത്താനും മികച്ച വ്യവസ്ഥകള്‍ക്കായി നിലപാട് ശക്തമാക്കാനും സഹായിച്ചേക്കും. അമേരിക്കക്കാരുടെ ജീവിതച്ചെലവ് വീണ്ടും ഉയര്‍ത്തുന്ന വ്യാപാര യുദ്ധങ്ങള്‍ ഒഴിവാക്കാന്‍ വൈറ്റ് ഹൗസിനുമേല്‍ സമ്മര്‍ദം വര്‍ധിക്കുമെന്ന് പൊതുവിലയിരുത്തല്‍.

ഇത്തരമൊരു സാഹചര്യത്തില്‍ വിലക്കയറ്റത്തിലേക്ക് നയിക്കുന്ന ഏതൊരു തീരുമാനവും എടുക്കാന്‍ ട്രംപ് ഭരണകൂടം ഇനി മടികാണിച്ചേക്കാം. ഇന്ത്യയ്ക്ക് ഗുണം ചെയ്യുന്നതും ഇതു തന്നെയാണ്. എന്നാല്‍ ഡെമോക്രാറ്റുകളുടെ വിജയം ട്രംപിനെ ഇന്ത്യയോട് കൂടുതല്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിക്കണമെന്നില്ല. കാരണം, നിലപാടുകളിലെ സ്ഥിരതയില്ലായ്മയാണ് ട്രംപിന്റെ മുഖമുദ്ര.

SCROLL FOR NEXT