Facebook / Donald Trump, X.com
Econopolitics

ഇറാനില്‍ അപ്രതീക്ഷിത യുഎസ് സൈനിക നീക്കം? ഗള്‍ഫ് മേഖലയില്‍ തന്ത്രപ്രധാന നീക്കങ്ങള്‍; സ്വര്‍ണം, ക്രൂഡ്ഓയില്‍ വിലയില്‍ എന്ത് സംഭവിക്കും?

ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളിലും യുഎസിന് സൈനിക സാന്നിധ്യമുണ്ട്. ആക്രമണമുണ്ടായാല്‍ ഗള്‍ഫിലെ ഈ സൈനിക കേന്ദ്രങ്ങളെ ഇറാന്‍ ആക്രമിക്കും

Dhanam News Desk

ഒരിടവേളയ്ക്കുശേഷം പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷത്തിലേക്ക്. ഇറാനില്‍ മതഭരണകൂടത്തിനെതിരേ ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭം അടിച്ചമര്‍ത്തിയെന്ന സൂചനകള്‍ വന്നിരുന്നു. എന്നാല്‍ ഇന്നലെ ദാവോസില്‍ വച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനമാണ് മധ്യേഷ്യ വീണ്ടും സംഘര്‍ഷഭൂമിയാകുന്നുവെന്ന വ്യാഖ്യാനത്തിന് വഴിയൊരുക്കുന്നത്. വലിയ സൈനികവ്യൂഹം ഇറാനെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

യുഎസ്എസ് ഏബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനി കപ്പലാണ് സൈനിക നീക്കത്തിന് നേതൃത്വം നല്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ എയര്‍ ഡിഫന്‍സ് സിസ്റ്റം മിഡില്‍ ഈസ്റ്റില്‍ വിന്യസിക്കാനുള്ള നീക്കങ്ങളും യുഎസ് ആരംഭിച്ചിട്ടുണ്ട്. ഇറാനെതിരേ ആക്രമണം ഉണ്ടാകുമെന്ന സൂചനകളാണ് ഇത് നല്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളിലും യുഎസിന് സൈനിക സാന്നിധ്യമുണ്ട്. ആക്രമണമുണ്ടായാല്‍ ഗള്‍ഫിലെ ഈ സൈനിക കേന്ദ്രങ്ങളെ ഇറാന്‍ ആക്രമിക്കും. ഇതിനു മുന്‍കൂട്ടി കണ്ടാണ് വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നത്.

എന്തുസംഭവിക്കും?

നിരന്തരം യുദ്ധഭീഷണി മുഴക്കുന്നത് ട്രംപിന്റെ ശീലമാണ്. പലപ്പോഴും വാക്കുകള്‍ കൊണ്ടുള്ള ഭീഷണിയില്‍ കാര്യങ്ങള്‍ ഒതുക്കുകയാണ് പതിവ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ സമയത്തും ഇപ്പോഴത്തെ പോലെ സൈനികവിന്യാസം നടത്തിയിരുന്നു. ഇതാണ് ആശങ്ക പരത്തുന്നത്.

ഇറാനെതിരേ സൈനികനീക്കമുണ്ടായാല്‍ മധ്യേഷ്യ വീണ്ടും സംഘര്‍ഷഭൂമിയാകും. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ഇതിന്റെ അലയൊലികള്‍ ഉണ്ടാകും. ഗള്‍ഫ് രാജ്യങ്ങളെ കൂടി യുദ്ധത്തിലേക്ക് വലിച്ചിടാന്‍ ഇറാന്‍ ശ്രമിക്കും. ഇത് മേഖലയെ കൂടുതല്‍ സംഘര്‍ഷത്തിലാക്കും.

എന്നാല്‍ കഴിഞ്ഞവര്‍ഷം ഇസ്രയേലുമായി നടത്തിയ യുദ്ധം ഇറാന്റെ ആയുധശേഖരത്തിലും സൈനികശേഷിയിലും വലിയ കുറവുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാന് വലിയ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഇറാന് വലിയതോതില്‍ ആയുധങ്ങള്‍ നല്കിയിരുന്നത് റഷ്യയും തുര്‍ക്കിയുമാണ്. യുക്രെയ്‌നുമായുള്ള യുദ്ധമുഖത്തായതിനാല്‍ റഷ്യയില്‍ നിന്നുള്ള ആയുധലഭ്യത കുറഞ്ഞിട്ടുണ്ട്. ഇത് ഇറാനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു.

എണ്ണ, സ്വര്‍ണവിലകളില്‍ കുതിപ്പോ?

സ്വര്‍ണം ഇപ്പോള്‍ തന്നെ വലിയ കുതിപ്പിലാണ്. ഗ്രീന്‍ലാന്‍ഡ് വിഷയമായിരുന്നു കഴിഞ്ഞ ദിവസം വരെ സ്വര്‍ണത്തെ മുന്നോട്ടു നയിച്ചത്. ഇനിയത് പശ്ചിമേഷ്യന്‍ സംഘര്‍ഷമായി മാറും. യുദ്ധസാധ്യത തെളിഞ്ഞാല്‍ സ്വര്‍ണം പിടിച്ചാല്‍ കിട്ടാത്ത നിലയിലാകും.

ക്രൂഡ്ഓയില്‍ വിലയിലും പശ്ചിമേഷ്യന്‍ പ്രശ്‌നം സ്വാധീനിക്കും. ഇറാന്റെ എണ്ണ ആഗോള വിപണിയില്‍ വലിയ സ്വാധീനം ചെലുത്തുന്നില്ല. യുഎസ് ഉപരോധം കാരണം ചൈനയും തുര്‍ക്കിയും ഒഴികെയുള്ള രാജ്യങ്ങള്‍ കാര്യമായി ഇറാന്‍ എണ്ണയെ ആശ്രയിക്കുന്നില്ല. അതുകൊണ്ട് ഇറാനില്‍ മാത്രമുണ്ടാകുന്ന പ്രതിസന്ധി എണ്ണയെ വലിയതോതില്‍ ബാധിക്കില്ല.

എന്നാല്‍, ഗള്‍ഫ് മേഖലയെ മുഴുവന്‍ യുദ്ധത്തിലേക്ക് വലിച്ചിടാന്‍ ഇറാന്‍ തീരുമാനിച്ചാല്‍ കാര്യങ്ങള്‍ മാറിമറിയും. ഗള്‍ഫില്‍ നിന്നുള്ള എണ്ണവിതരണം താളംതെറ്റും. ക്രൂഡ് വില കുത്തനെ ഉയരും. ഇന്ത്യയെ പോലെ ഇറക്കുമതി എണ്ണയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും ഇത്തരമൊരു സാഹചര്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT