Econopolitics

അപ്രതീക്ഷിത പ്രഹരവുമായി യു.എസ്! ഇറാനിലെ ഇന്ത്യന്‍ 'വാതില്‍' അടയ്ക്കുമോ ട്രംപ്? മോദിക്ക് മുന്നില്‍ വഴിയേത്?

ഇന്ത്യ-യു.എസ് ബന്ധം വീണ്ടും പഴയപടിയാകുന്നുവെന്ന് തോന്നിച്ച സമയത്താണ് അപ്രതീക്ഷിത നീക്കവുമായി ട്രംപ് മുന്നോട്ടു വന്നിരിക്കുന്നത്

Dhanam News Desk

ഇന്ത്യയെ തീരുവ യുദ്ധത്തിലൂടെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കങ്ങള്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അടുത്തിടെ നടത്തിയിരുന്നു. 50 ശതമാനം ഇരട്ട താരിഫില്‍ ഇന്ത്യ പക്ഷേ വലിയ കൂസലില്ലാതെയാണ് മുന്നോട്ടു പോയത്. ഇപ്പോഴിതാ മറ്റൊരു പ്രഹരം കൂടി ഇന്ത്യയ്ക്കു നല്കിയിരിക്കുകയാണ് ട്രംപ്.

ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഇറാനിലെ ഛബഹര്‍ തുറമുഖത്തിനുള്ള ഉപരോധ ഇളവുകള്‍ പിന്‍വലിക്കുകയാണെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. 7 വര്‍ഷം മുമ്പ്, 2018ല്‍ ഇറാനുമേല്‍ യു.എസും സഖ്യകക്ഷികളും ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഛബഹര്‍ തുറമുഖത്തിന് ഉപാധികളോടെ ഇളവ് നല്കിയിരുന്നു. ഈ ഇളവാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

പാക്കിസ്ഥാനെ ആശ്രയിക്കാതെ മധ്യേഷ്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വാണിജ്യഗതാഗതത്തിനും വ്യാപാരത്തിനുമുള്ള വഴിയായിരുന്നു ഛബഹര്‍ തുറമുഖം. പുതിയ ഉപരോധം സെപ്റ്റംബര്‍ 29 മുതല്‍ നിലവില്‍ വരുമെന്നാണ് യു.എസ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആണവായുധ ശക്തിയാകാനുള്ള നീക്കത്തില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കാനുള്ള യു.എസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഉപരോധമെന്ന് ട്രംപ് അവകാശപ്പെട്ടു. ഇന്ത്യ-യു.എസ് ബന്ധം വീണ്ടും പഴയപടിയാകുന്നുവെന്ന് തോന്നിച്ച സമയത്താണ് അപ്രതീക്ഷിത നീക്കവുമായി ട്രംപ് മുന്നോട്ടു വന്നിരിക്കുന്നത്.

ഛബഹര്‍ ഇന്ത്യയ്ക്ക് നിര്‍ണായകം

ഇറാന്റെ ഛബഹര്‍ തുറമുഖത്തിന്റെ നടത്തിപ്പ് അവകാശം ഇന്ത്യയ്ക്ക് ലഭിക്കുന്നത് കഴിഞ്ഞ വര്‍ഷമാണ്. 2003 മുതല്‍ ചര്‍ച്ചയിലായിരുന്ന പദ്ധതിക്ക് വേഗം വന്നത് 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാന്‍ സന്ദര്‍ശനത്തോടെയായിരുന്നു.

യൂറോപ്പിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ വാണിജ്യ പാത കൂടിയാണ് ഛബഹറിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. യൂറോപ്പിലേക്കുള്ള കപ്പല്‍ യാത്രയില്‍ 20 ദിവസം ലാഭിക്കാന്‍ ഈ റൂട്ട് സഹായിക്കും. ചെലവില്‍ 30 ശതമാനത്തിന്റെ ലാഭവും ഉണ്ടാകും. കസാഖിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ മറ്റ് മധ്യേഷന്‍ രാജ്യങ്ങള്‍ എന്നിവയിലേക്ക് വാണിജ്യ ബന്ധം മെച്ചപ്പെടുത്താന്‍ ഇതുവഴി സാധിക്കും.

അഫ്ഗാനിസ്ഥാന്‍ വാണിജ്യ നീക്കത്തിന് ഇതുവരെ ഉപയോഗിച്ചിരുന്നത് പാക്കിസ്ഥാനിലെ ഗ്വാധര്‍ തുറമുഖത്തെയാണ്. പാക് ബന്ധം വഷളായതോടെ അവരുമായുള്ള ബന്ധം പരമാവധി കുറയ്ക്കാനാണ് താലിബാനും ശ്രമിക്കുന്നത്. ഛബഹറിലേക്ക് മാറുന്നത് ഗ്വാധര്‍ തുറമുഖത്തെ ആശ്രയിക്കേണ്ട അവസ്ഥ ഒഴിവാകും.

ഛബഹര്‍ തുറമുഖവും ഗ്വാധറിലെ പാക് തുറമുഖവും തമ്മില്‍ കടല്‍മാര്‍ഗം വെറും 214 കിലോമീറ്റര്‍ മാത്രമാണ് അകലമുള്ളത്.

മേഖലയിലെ രാജ്യങ്ങളെ ചൈനീസ് അനുകൂല മനോഭാവത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും ഇന്ത്യയ്ക്കൊപ്പം നിലനിര്‍ത്താനും ഛബഹറിന് സാധിക്കുമായിരുന്നു. ട്രംപിന്റെ പുതിയ ഉപരോധം ഏതുരീതിയില്‍ ഇന്ത്യന്‍ പദ്ധതികളെ ബാധിക്കുമെന്ന് കണ്ടറിയണം.

Trump's sanctions on Iran’s Chabahar port may disrupt India’s strategic trade corridor to Central Asia and Europe

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT