Image courtesy: Canva
Econopolitics

റഷ്യന്‍ എണ്ണയ്ക്ക് തീരുവ ചുമത്തണം, ഇന്ത്യയെയും ചൈനയെയും ലക്ഷ്യം വയ്ക്കാന്‍ ജി7 രാജ്യങ്ങളോട് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം

റഷ്യയുടെ മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനുള്ള സാമ്പത്തിക നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്ത് ജി7 രാജ്യങ്ങള്‍

Dhanam News Desk

റഷ്യയ്‌ക്കെതിരായ കൂടുതൽ ഉപരോധങ്ങളെക്കുറിച്ചും യുക്രെയ്‌നിലെ യുദ്ധത്തിന് ധനസഹായം നല്‍കുന്നുവെന്ന് കരുതുന്ന രാജ്യങ്ങൾക്ക് മേൽ കൂടുതല്‍ തീരുവകള്‍ ചുമത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്ത് ഗ്രൂപ്പ് ഓഫ് സെവൻ (G7) രാജ്യങ്ങളുടെ ധനമന്ത്രിമാർ. റഷ്യൻ എണ്ണ വാങ്ങുന്നവർക്ക് മേൽ തീരുവ ചുമത്താൻ സഖ്യകക്ഷികളോട് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.

റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തലാക്കണം

ഇന്ത്യയും ചൈനയും ക്രൂഡ് ഓയില്‍ വാങ്ങുന്നത് മൂലമുളള പണം യുക്രെയ്‌ന്‍ യുദ്ധം രൂക്ഷമാക്കാന്‍ റഷ്യ ഉപയോഗിക്കുന്നതായാണ് ഡൊണള്‍ഡ് ട്രംപിന്റെ പ്രധാന ആരോപണം. റഷ്യയുടെ മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനുള്ള സാമ്പത്തിക നടപടികളെക്കുറിച്ചാണ് ജി7 രാജ്യങ്ങള്‍ ചർച്ച ചെയ്തത്. യു.എസിനെ കൂടാതെ കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യൂറോപ്യൻ യൂണിയൻ, യു.കെ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ജി7 രാജ്യങ്ങള്‍.

റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യയെയും ചൈനയെയും സമ്മർദ്ദത്തിലാക്കാൻ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ 100 ​​ശതമാനം വരെ തീരുവ ചുമത്താൻ ജി7 രാജ്യങ്ങളുടെ മേൽ യു.എസ് സമ്മർദം ചെലുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് യുക്രെയ്നുമായി സമാധാന ചർച്ചകൾക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ നിർബന്ധിതമാക്കുമെന്നാണ് ട്രംപ് ഭരണകൂടം കരുതുന്നത്.

യൂറോപ്യന്‍ യൂണിയന് വിമുഖത

ചൈനയ്ക്കും ഇന്ത്യയ്ക്കും മേല്‍ 100 ശതമാനം വരെ തീരുവ ചുമത്തണമെന്ന് ഈ ആഴ്ച ട്രംപ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ജി7 സഖ്യകക്ഷികളെ കൂടി ഇതില്‍ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ചൈനയ്ക്കും ഇന്ത്യയ്ക്കും മേൽ ദ്വിതീയ ഉപരോധം ഏർപ്പെടുത്തുന്നതിൽ യൂറോപ്യന്‍ യൂണിയന്‍ മടിക്കുന്നുണ്ട്. അതേസമയം റഷ്യയിൽ സമ്മർദ്ദം ചെലുത്തി യുക്രെയ്‌ന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാടിന് ഇ.യു പിന്തുണക്കുന്നുണ്ട്.

റഷ്യയുമായുളള ഇന്ത്യയുടെ എണ്ണ വ്യാപാരം പ്രതിസന്ധിയിലാക്കാനുളള ശ്രമത്തിന്റെ ഭാഗമായി പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇന്ത്യൻ ഇറക്കുമതികളുടെ തീരുവ 25 ശതമാനം അധിക തീരുവ ചുമത്തിയതോടെ മൊത്തം തീരുവ 50 ശതമാനമായി ഉയർന്നിരുന്നു. ഈ നീക്കം യുഎസ്-ഇന്ത്യ ബന്ധങ്ങളെ വഷളാക്കുകയും വ്യാപാര ചർച്ചകൾ സങ്കീർണ്ണമാക്കുകയും ചെയ്തു. അതേസമയം ചൈനയുമായി സൂക്ഷ്മമായ വ്യാപാര ഉടമ്പടി നിലനിർത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ചൈനീസ് ഇറക്കുമതികൾക്ക് പുതിയ താരിഫ് ചുമത്തുന്നതിൽ നിന്ന് ട്രംപ് വിട്ടുനിന്നു എന്നതും ശ്രദ്ധേയമാണ്.

US urges G7 allies to impose tariffs on Russian oil, targeting India and China over Ukraine war funding.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT