Image : Canva 
Econopolitics

അന്ന് തുടക്കമിട്ടു, ഇന്ന് പടികടക്കുന്നു! ഒപെക്കില്‍ വന്‍ വിള്ളല്‍; അമേരിക്കന്‍ തന്ത്രം ഫലിച്ചു? മഡൂറോയുടെ വീഴ്ചയ്ക്ക് പിന്നാലെ ഒപെക് വിടാന്‍ വെനസ്വേല

ഗള്‍ഫ് രാജ്യങ്ങളുടെ കുത്തകയായിരുന്ന എണ്ണവിപണിയില്‍ മാറ്റങ്ങള്‍ വരുന്നത് മിഡില്‍ ഈസ്റ്റിന്റെ സാമ്പത്തിക സ്വാധീനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും.

Dhanam News Desk

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസില്‍ (ഒപെക്) നിന്ന് പിന്മാറാനൊരുങ്ങി ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേല. 1960ല്‍ ഒപെക് രൂപവല്‍ക്കരിക്കുന്നതില്‍ മുന്നില്‍ നിന്ന അഞ്ച് രാജ്യങ്ങളിലൊന്നാണ് വെനസ്വേല. പിന്നീട് കൂടുതല്‍ രാജ്യങ്ങള്‍ ഒപെക്കിന്റെ ഭാഗമാകുകയായിരുന്നു.

ആഗോള എണ്ണ വിപണിയിലെ മാറിയ സാഹചര്യവും വെനസ്വേലന്‍ ഭരണകൂടത്തില്‍ യുഎസ് നിയന്ത്രണം ശക്തമായതുമാണ് പുതിയ നീക്കത്തിന് പിന്നിലെന്ന് സൂചന. ഒപെക് വിടുമെന്ന കാര്യത്തില്‍ രാജ്യം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അടുത്തിടെ യുഎഇയും സംഘടനയോട് വിടപറഞ്ഞികരുന്നു. ഒപെക്കിന്റെ എണ്ണ ഉത്പാദനത്തിലെ നിയന്ത്രണങ്ങള്‍ തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്നതിനാലാണ് യുഎഇ സംഘടന വിട്ടത്.

1960ല്‍ ഒപെക് രൂപീകരിക്കുന്നതില്‍ അന്നത്തെ വെനസ്വേലന്‍ എണ്ണമന്ത്രി ജുവാന്‍ പബ്ലോ പെരസ് അല്‍ഫോണ്‍സോ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 1970-കളിലെ അറബ് എണ്ണ നിരോധനം മുതല്‍ 2020ലെ കോവിഡ് മഹാമാരി കാലത്തെ ഉല്‍പാദന വെട്ടിക്കുറയ്ക്കല്‍ വരെ അന്താരാഷ്ട്ര വിപണിയെ നിയന്ത്രിക്കുന്നതില്‍ ഒപെക് വലിയ പങ്കാണ് വഹിച്ചത്. 2016ല്‍ റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഉള്‍പ്പെടുത്തി 'ഒപെക് പ്ലസ്' രൂപീകരിക്കുന്നതിലും വെനസ്വേല മുന്നില്‍ ഉണ്ടായിരുന്നു.

എങ്ങനെ ബാധിക്കും വിപണിയെ

ഒരുകാലത്ത് ലോകത്തിലെ മുന്‍നിര എണ്ണ ഉത്പാദകരായിരുന്നു വെനസ്വേല. എന്നാല്‍, തുടര്‍ച്ചയായ യുഎസിന്റെ ഉപരോധങ്ങളും ആധുനിക ടെക്‌നോളജിയുടെ അഭാവവും വെനസ്വേലന്‍ എണ്ണയുടെ വരവ് കുറച്ചു. ജൂലൈയില്‍ 1.16 മില്യണ്‍ ബാരലായിരുന്നു ലാറ്റിനമേരിക്കന്‍ രാജ്യത്തിന്റെ പ്രതിദിന ഉത്പാദനം. ഒരു ദശാബ്ദം മുമ്പ് ഉണ്ടായിരുന്നതിന്റെ പാതിമാത്രം.

വെനസ്വേലയുടെ തീരുമാനം ആഗോള എണ്ണവിപണിയില്‍ പെട്ടെന്ന് കാര്യമായ പ്രതിഫലനം ഉണ്ടാക്കില്ല. എന്നാല്‍, ഭാവിയില്‍ ഒപെക്കിന്റെ ആധിപത്യം വില നിയന്ത്രണ അധികാരത്തെ ഇത് ബാധിക്കും. കൂടുതല്‍ രാജ്യങ്ങള്‍ എണ്ണ ഉത്പാദനം ആരംഭിച്ചതോടെ വില നിയന്ത്രിക്കാനുള്ള ഒപെക്കിന്റെ സ്വാധീനം കുറഞ്ഞിരുന്നു. വെനസ്വേലന്‍ എണ്ണപ്പാടങ്ങളുടെ അവകാശം കൂടുതലായി അമേരിക്കന്‍ കമ്പനികള്‍ നേടുകയാണ്.

ഭാവിയില്‍ കൂടുതല്‍ എണ്ണ വിപണിയിലേക്ക് ഒഴുക്കാന്‍ ഇതുവഴി യുഎസിന് സ്വാധീനിക്കും. ഗള്‍ഫ് രാജ്യങ്ങളുടെ കുത്തകയായിരുന്ന എണ്ണവിപണിയില്‍ മാറ്റങ്ങള്‍ വരുന്നത് മിഡില്‍ ഈസ്റ്റിന്റെ സാമ്പത്തിക സ്വാധീനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും.

ഈ വര്‍ഷം ജനുവരി മൂന്നിന് യുഎസ് സേന നികോളാസ് മഡുറോയെ പിടികൂടിയതിനെ തുടര്‍ന്ന് ആക്ടിംഗ് പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് അധികാരമേറ്റിരുന്നു. ഇതോടെയാണ് വാഷിംഗ്ടണും കാരക്കാസും തമ്മിലുള്ള ബന്ധം ശക്തമായത്. ട്രംപ് ഭരണകൂടം ഉപരോധങ്ങളില്‍ ഇളവ് നല്‍കിയും സാമ്പത്തിക ഉപരോധങ്ങള്‍ നീക്കിയും വെനസ്വേലയുടെ എണ്ണവരുമാനത്തില്‍ സ്വാധീനം ഉറപ്പിച്ചു.

വെനസ്വേലന്‍ എണ്ണപ്പാടങ്ങളില്‍ യുഎസ് കണ്ണ്

വെനസ്വേലയിലെ കൂറ്റന്‍ എണ്ണപ്പാടങ്ങളുടെ വലിയൊരു ഭാഗം സ്വന്തമാക്കാന്‍ അമേരിക്കന്‍ ഭരണകൂടം നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. പുതിയ ഇടക്കാല ഭരണകൂടത്തിന്മേല്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ അസാധാരണ നടപടി.

ചില എണ്ണപ്പാടങ്ങള്‍ 100 വര്‍ഷത്തെ പാട്ടത്തിനെടുക്കുന്ന കാര്യം ഉള്‍പ്പെടെ ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കരാറിന്റെ വ്യവസ്ഥകളില്‍ മാറ്റം വന്നേക്കാമെന്നും വിവരമുണ്ട്. വാര്‍ത്തയോട് പ്രതികരിക്കാന്‍ വൈറ്റ് ഹൗസോ വെനസ്വേലന്‍ വാര്‍ത്താവിതരണ മന്ത്രാലയമോ തയാറായിട്ടില്ല.

അടുത്തിടെ, യുക്രെയ്‌നിലെ മിനറല്‍, എണ്ണ, പ്രകൃതിവാതക വരുമാനങ്ങള്‍ അടിസ്ഥാനമാക്കി സംയുക്ത നിക്ഷേപ ഫണ്ടും യുഎസ് രൂപീകരിച്ചിരുന്നു. ട്രംപ് ഭരണകാലത്ത് മറ്റ് രാജ്യങ്ങളുടെ സമ്പത്ത് പിടിച്ചടക്കുന്ന നീക്കത്തിന്റെ ബാക്കിപത്രമാണ് വെനസ്വേലയിലെ ഇടപെടലും.

എണ്ണവില 90കളില്‍

ആഗോള എണ്ണവില നിലവില്‍ 90ന് ഡോളറില്‍ താഴെയാണ്. ബ്രെന്റ് ക്രൂഡ് ഇന്നത്തെ വില ബാരലിന് 89 ഡോളറാണ്. മിഡില്‍ ഈസ്റ്റ് യുദ്ധം കൂടുതല്‍ ശക്തമാകാത്തതാണ് വില വലിയതോതില്‍ ഉയരാതിരിക്കാന്‍ ഇടയാക്കിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT