പ്രകൃതി കനിഞ്ഞനുഗ്രഹിച്ച അപൂര്‍വം ധാതുക്കളുടെയും എണ്ണയുടെയും ശേഖരമാണ് ബലൂചിസ്ഥാനിലുള്ളത്. എന്നാല്‍ ഇതൊന്നും ആ നാട്ടുകാരുടെ ജീവിതത്തില്‍ നേരിയ പുരോഗതി പോലും സൃഷ്ടിക്കാന്‍ ഇടയാക്കിയിട്ടില്ല. പാക്കിസ്ഥാന്റെ മറ്റ് പ്രവിശ്യകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബലൂചിസ്ഥാന്‍ ഇന്നും വെറും ദരിദ്ര സമൂഹമാണ്. ഇതു തന്നെയാണ് അവിടെയുള്ളവരെ തോക്കെടുക്കാന്‍ പ്രേരിപ്പിച്ചതും.
പാക്കിസ്ഥാന്‍ ഭാഗത്തുള്ള പഞ്ചാബിലെ പ്രമാണികള്‍ തങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുകയാണെന്ന് ബലൂചിസ്ഥാനികള്‍ വിശ്വസിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും വിഭജിക്കപ്പെട്ട ശേഷം കുറച്ചുനാള്‍ സ്വതന്ത്രരാജ്യമായി നിലനിന്നശേഷമാണ് ബലൂചിസ്ഥാന്‍ പാക്കിസ്ഥാന്റെ ഭാഗമാകുന്നത്. അന്നുമുതല്‍ ആ നാടിന്റെ പതനവും തുടങ്ങി.
ബലൂചിസ്ഥാനെ സ്വതന്ത്രമാക്കുകയെന്ന ലക്ഷ്യത്തോടെ നിലവില്‍ വന്ന സംഘടനയാണ് ബലൂച് ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ). ഈ സംഘടന പാക്കിസ്ഥാന്‍ സൈന്യത്തിനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം വര്‍ധിച്ച അളവില്‍ ആരംഭിക്കുന്നത് 2000ത്തിന്റെ തുടക്കത്തിലാണ്.
സ്വതന്ത്ര ബലൂചിസ്ഥാനായി പോരാട്ടം നടത്തുന്നതിന് ആവശ്യത്തിന് പണവും ആയുധങ്ങളും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവര്‍ക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യയാണ് ഇതിനു പിന്നിലെന്ന് പാക്കിസ്ഥാന്‍ പലപ്പോഴും ആരോപിക്കാറുണ്ട്, മറ്റ് ലോകരാജ്യങ്ങള്‍ ഇത് മുഖവിലയ്ക്ക് എടുക്കാറില്ലെങ്കിലും.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ബലൂചിസ്ഥാന്‍ പോരാളികള്‍ വലിയ തോതില്‍ ആയുധ, സാമ്പത്തിക ശക്തിയായെന്നത് സത്യമാണ്. പാക്കിസ്ഥാന്റെ പേടിയും ഇതുതന്നെയാണ്. സ്വന്തം രാജ്യത്തു നിന്നും ബലൂചിസ്ഥാന്‍ സ്വതന്ത്രമായാല്‍ പാക്കിസ്ഥാനെന്ന രാജ്യം ഏറെക്കുറെ നാമാവശേഷമാകും.
ജനസംഖ്യാപരമായി പാക് ജനസംഖ്യയുടെ ചെറിയൊരു ഭാഗം മാത്രമാണ് ബലൂചിസ്ഥാനിലുള്ളത്. എന്നാല്‍ ഭൂമിശാസ്ത്രപരമായി ഏറെ വലുതാണ് ഈ പ്രവിശ്യ. മാത്രമല്ല പാക്കിസ്ഥാന്റെ സാമ്പത്തിക കുതിപ്പിന് വളമേകാന്‍ പാകത്തിനുള്ള നിക്ഷേപം ബലൂചിസ്ഥാന്‍ മണ്ണില്‍ ഒളിഞ്ഞു കിടപ്പുണ്ട്.
അസ്ഥിരമായ പാക് മണ്ണില്‍ നിക്ഷേപം നടത്താന്‍ ചൈനയെ പ്രേരിപ്പിക്കുന്നതും ബലൂചിസ്ഥാനിലെ നിധിയാണ്. എന്നാല്‍ തങ്ങളുടെ മണ്ണിലേക്ക് കടന്നുകയറാന്‍ ചൈനക്കാര്‍ ഒത്താശ ചെയ്യുന്നുവെന്ന തിരിച്ചറിവ് ബലൂചിസ്ഥാനികള്‍ക്കുണ്ട്. അടുത്ത കാലത്തായി ചൈനീസ് എന്‍ജിനിയര്‍മാര്‍ക്കും അവരുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിലും വലിയ ആക്രമണങ്ങള്‍ ബി.എല്‍.എ നടത്തിയിട്ടുണ്ട്.
മൂന്നുവശങ്ങളിലും ശത്രുക്കളാല്‍ ചുറ്റപ്പെട്ട അവസ്ഥയിലാണ് പാക്കിസ്ഥാനെന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല. ഒരു വശത്ത് ഇന്ത്യയും മറുവശത്ത് അഫ്ഗാനിസ്ഥാനും. അതിര്‍ത്തി പങ്കിടുന്ന ഷിയാ മുസ്ലീങ്ങളേറെയുള്ള ഇറാനും. രാജ്യത്തിനകത്താണെങ്കില്‍ ബി.എല്‍.എയും പാക്കിസ്ഥാന്‍ താലിബാന്‍ പോലെയുള്ള വിഘടനവാദികളും. ഇതിനൊപ്പം രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ചേര്‍ന്ന് പാക്കിസ്ഥാന്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വതമാണ്.
ഹമീദ് കര്‍സായിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാരിനെ വീഴ്ത്തി മതഭരണം നടത്തുന്ന താലിബാനെ അധികാരത്തിലെത്തിക്കാന്‍ പാക് ഭരണകൂടം അകമഴിഞ്ഞ സംഭാവന നല്‍കിയിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയതിനു പിന്നാലെ അഫ്ഗാനിലെ താലിബാന്‍ പാക്കിസ്ഥാനെതിരാകുന്നതാണ് കണ്ടത്. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിന്റെ വക്കോളമെത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പാക് സൈന്യവും താലിബാനും പരസ്പരം അതിര്‍ത്തി കടന്ന് വ്യോമാക്രമണം നടത്തിയ സംഭവനങ്ങളുമുണ്ടായി.
അടിക്കടിയുണ്ടാകുന്ന തീവ്രവാദ ആക്രമണങ്ങളും പ്രകൃതിദുരന്തങ്ങളും പണ്ടേ ദുര്‍ബലമായ പാക് സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടടിച്ചു. രാജ്യത്ത് അവശ്യസാധനങ്ങളുടെ വില റോക്കറ്റ് പോലെയാണ് കുതിച്ചുയരുന്നത്. ആകെയുള്ള വിദേശനിക്ഷേപം ചൈനയുടേത് മാത്രമാണ്. അവരാകട്ടെ കടംനല്‍കി തന്ത്രപ്രധാന മേഖലകളില്‍ പിടിമുറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കടന്നുവന്നിരിക്കുന്നത്.
മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അഴിമതിയില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്നത് ജനങ്ങളുടെ അസ്വസ്ഥത വര്‍ധിപ്പിച്ചിട്ടുണ്ട്. അധികം വൈകാതെ പാക്കിസ്ഥാന്‍ ആഭ്യന്തര യുദ്ധത്തിലേക്ക് എറിയപ്പെട്ടേക്കാമെന്ന മുന്നറിയിപ്പാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine