Econopolitics

ഇറാന്‍ യുദ്ധമുഖത്തേക്ക് പോകാതിരിക്കാന്‍ പാക്കിസ്ഥാന്റെ 'കടുംകൈ' പ്രയോഗം?, അഫ്ഗാനിലെ പാക് കടന്നാക്രമണം നിരീക്ഷിച്ച് ഇന്ത്യയും

തങ്ങള്‍ അഫ്ഗാനിസ്ഥാനുമായി നിരന്തര യുദ്ധത്തിലാണെന്ന് കാണിച്ച് തലയൂരാനുള്ള തന്ത്രമാണ് പാക്കിസ്ഥാന്‍ പുറത്തെടുക്കുന്നതെന്നാണ് വിദഗ്ധ വിലയിരുത്തല്‍

Dhanam News Desk

സംഘര്‍ഷഭരിതമായി മാറിയ പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ ബന്ധം കൂടുതല്‍ രൂക്ഷമാകുന്നു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ആശുപത്രിയില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 400ലേറെ നിരപരാധികളാണ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാന്റെ കടന്നുകയറ്റത്തിന് ശക്തമായ മറുപടി നല്കുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങള്‍ പോകുമെന്നാണ് സൂചന.

പാക്കിസ്ഥാനെ അപേക്ഷിച്ച് സൈനികപരമായി ഏറെ പിന്നിലാണ് അഫ്ഗാനിസ്ഥാന്‍. സോവിയറ്റ് യൂണിയന്‍ നിര്‍മിത പഴയ ആയുധങ്ങളും യുഎസ് സേന ഉപേക്ഷിച്ചുപോയ ഉപകരണങ്ങളും മാത്രമാണ് താലിബാന്റെ കൈവശമുള്ളത്. എന്നാല്‍, അഫ്ഗാനിലെ ഭീകരവാദ സംഘടനകള്‍ക്ക് മാരകശേഷിയുള്ള ബോംബുകളും ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്താനുള്ള ശേഷിയുമുണ്ട്. പാക്കിസ്ഥാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ കടന്നെത്തി മാരകമായ ആക്രമണങ്ങള്‍ നടത്താന്‍ ഈ ഗ്രൂപ്പുകള്‍ക്ക് സാധിക്കും.

കാബൂളിലെ ആക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ധിച്ചിട്ടുണ്ട്. താലിബാന്‍ സേനയും പാക് സൈന്യവും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് അതിര്‍ത്തിയില്‍ നടക്കുന്നത്.

പാക്കിസ്ഥാന്റെ തന്ത്രമോ?

അഫ്ഗാനിസ്ഥാനില്‍ പെടുന്നനെ ആക്രമണങ്ങള്‍ വര്‍ധിപ്പിക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിക്കുന്നതിന് പിന്നില്‍ മറ്റ് കാരണങ്ങളാണെന്നാണ് വിലയിരുത്തല്‍. ഡൊണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം പാക്കിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ ശക്തമായിരുന്നു. ഇറാനുമായുള്ള യുദ്ധത്തില്‍ പാക്കിസ്ഥാന്‍ പങ്കുചേരണമെന്ന് ഏതെങ്കിലും സന്ദര്‍ഭത്തില്‍ ട്രംപ് ആവശ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇറാനുമായി കിലോമീറ്ററുകളോളം പാക്കിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്.

ഇറാനുമായി മോശമല്ലാത്ത ബന്ധവും ഇസ്ലാമാബാദിനുണ്ട്. പാക്കിസ്ഥാന്‍ മണ്ണില്‍ നിന്ന് സൈനികനീക്കം നടത്താന്‍ അമേരിക്ക തുനിഞ്ഞാല്‍ എതിര്‍ക്കാന്‍ സൈനികമേധാവി അസീം മുനീറിനോ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ സാധിക്കില്ല. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ പാക് ഭരണകൂടത്തിനെതിരേ ഷിയ മുസ്ലീങ്ങളില്‍ നിന്ന് വലിയ പ്രതിഷേധവും ആഭ്യന്തര സംഘര്‍ഷവും ഉണ്ടായേക്കാം. ഇപ്പോഴേ ദുര്‍ബലമായ പാക്കിസ്ഥാന് അത്തരമൊരു സാഹചര്യം കൂടി നേരിടാനുള്ള കരുത്തില്ല.

തങ്ങള്‍ അഫ്ഗാനിസ്ഥാനുമായി നിരന്തര യുദ്ധത്തിലാണെന്ന് കാണിച്ച് തലയൂരാനുള്ള തന്ത്രമാണ് പാക്കിസ്ഥാന്‍ പുറത്തെടുക്കുന്നതെന്നാണ് വിദഗ്ധ വിലയിരുത്തല്‍. ട്രംപിനും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തോട് കാര്യമായ മമതയില്ല. അതുകൊണ്ട് തന്നെ പാക് സൈനികനീക്കത്തോട് അനുകൂലമാണ്.

അഫ്ഗാന്റെ തിരിച്ചടി

അഫ്ഗാനുമായുള്ള പാക് ബന്ധങ്ങള്‍ കൂടുതല്‍ വഷളാകുന്ന തരത്തിലേക്ക് ഇപ്പോഴത്തെ ആക്രമണങ്ങള്‍ വഴിയൊരുക്കും. താലിബാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാക്കിസ്ഥാനുമായുള്ള ബന്ധം മോശം അവസ്ഥയിലാണ്. ഇന്ത്യയുമായി അതിര്‍ത്തി സംഘര്‍ഷം നടക്കുമ്പോള്‍ തന്നെ അഫ്ഗാന്‍ മേഖലയിലും ബന്ധം മോശമായത് പാക്കിസ്ഥാന് തിരിച്ചടിയാണ്. മേഖലയില്‍ പാക് ആധിപത്യം അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കിട്ടുന്ന അവസരം കൂടിയാണിത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT