റഷ്യ-യുക്രൈയ്ന്‍ യുദ്ധം തീര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയതാണ് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. തീരാത്തതിന് അരിശം മുഴുവന്‍ ഇന്ത്യയോടാണ്. യുദ്ധം തീര്‍ത്ത് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടുകയാണ് അദ്ദേഹത്തിന്റെ മനസിലിരുപ്പ്.
ഇന്ത്യയുടെ പരോക്ഷ ഇടപെടലാണ് യുദ്ധം അവസാനിപ്പിക്കുന്നതിന് വിഘാതമെന്നാണ് യു.എസിന്റെ കുറ്റപ്പെടുത്തല്‍. ഒരേസമയം, റഷ്യയുടെയും യുക്രൈയ്‌ന്റെയും സുഹൃത്തായ ഇന്ത്യ യുദ്ധത്തില്‍ ഒരുപക്ഷത്തെയും പിന്താങ്ങുന്നില്ല. എങ്കില്‍പ്പോലും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി ഇന്ത്യ യുദ്ധത്തില്‍ പക്ഷംപിടിക്കുന്നുവെന്നാണ് ട്രംപിന്റെ പരാതി.
ഇന്ത്യയ്‌ക്കെതിരേ ഇരട്ട തീരുവ ചുമത്തുന്നതിലേക്ക് ട്രംപിനെ നയിച്ചതും ഈ എണ്ണവാങ്ങലാണ്. തീരുവ ചുമത്തിയതുകൊണ്ട് പേടിക്കില്ലെന്നും എണ്ണവാങ്ങലില്‍ നിന്ന് പിന്മാറില്ലെന്നും ന്യൂഡല്‍ഹി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ നാലുതവണയാണ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഒരിക്കല്‍പ്പോലും ട്രംപിന് ചെവികൊടുക്കാന്‍ മോദി തയാറായില്ല. യു.എസിന്റെ അജന്‍ഡയ്ക്ക് നിന്നുകൊടുക്കാന്‍ ഇന്ത്യ തയാറല്ലെന്ന കൃത്യമായ സൂചനയാണ് മോദിയില്‍ നിന്നുണ്ടായത്.
ഇന്ത്യയ്ക്ക് യു.എസിനെ ആവശ്യമുള്ളതിനേക്കാള്‍ ആ രാജ്യത്തിന് ഇന്ത്യയെ ആവശ്യമുണ്ട്. ചൈനയുടെ നീക്കങ്ങളെ സംശയത്തോടെ നിരീക്ഷിക്കുന്ന രാജ്യമാണ് യു.എസ്. ചൈന സാമ്പത്തികവും സൈനികപരമായും മുന്നേറുന്നത് യു.എസ് താല്പര്യങ്ങള്‍ക്ക് തിരിച്ചടിയാണ്. ഇന്ത്യയെ കൂട്ടുപിടിച്ചാണ് ഇത്രയുംകാലം യു.എസ് ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ നടത്തിയിരുന്നത്. ഈ അവസരത്തില്‍ ഇന്ത്യയും ചൈനയും റഷ്യയും കൈകോര്‍ക്കുന്നത് വലിയ പ്രതിസന്ധിയാകും ട്രംപ് ഭരണകൂടത്തിനുണ്ടാക്കുക.
ഇന്ത്യയെ കൂടെനിര്‍ത്താതെ യു.എസിന് ഏഷ്യയില്‍ അവരുടെ താല്പര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കില്ല. ഭരണമേറ്റെടുത്തത് മുതല്‍ ഇന്ത്യന്‍ താല്പര്യങ്ങള്‍ക്ക് ആദ്യ പരിഗണന നല്കുന്ന നയമാണ് മോദി സ്വീകരിച്ചു പോരുന്നത്. റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ മാത്രമല്ല പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ പോലും അതുതന്നെയായിരുന്നു നിലപാട്.
യുക്രൈയ്‌നെതിരായ റഷ്യന്‍ അധിനിവേശത്തിനു മുമ്പ് ഇന്ത്യയുടെ എണ്ണ വാങ്ങല്‍ ഏറെയും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായിരുന്നു. മൊത്തം ആവശ്യകതയുടെ ചെറിയ പങ്ക് മാത്രമായിരുന്നു റഷ്യയില്‍ നിന്ന്. ദൂരക്കൂടുതലും അധികചെലവും കാരണമായിരുന്നു എണ്ണവാങ്ങലില്‍ റഷ്യയില്‍ നിന്ന് അകംപാലിച്ചത്. യുക്രൈയ്ന്‍ യുദ്ധത്തിന് പിന്നാലെ യു.എസിന്റെയും യൂറോപ്പിന്റെയും ബഹിഷ്‌കരണം വന്നതോടെ ഇന്ത്യയ്ക്ക് വിലകുറച്ച് എണ്ണ വില്ക്കാന്‍ റഷ്യ തീരുമാനിക്കുകയായിരുന്നു.
യു.എസിന്റെ തീരുവ ഭയന്ന് റഷ്യന്‍ എണ്ണയില്‍ നിന്ന് ഇന്ത്യ അകലംപാലിച്ചുവെന്ന് കരുതുക. ഇപ്പോള്‍ 70 ഡോളറില്‍ താഴെയായ ആഗോള ക്രൂഡ്ഓയില്‍ വില 120 ഡോളറിന് മുകളിലേക്ക് പോകും. റഷ്യന്‍ എണ്ണ വിപണിയില്‍ സുലഭമായി കിട്ടുന്നതാണ് ആഗോള ക്രൂഡ് വിലയെ പിടിച്ചു നിര്‍ത്തുന്നത്.
ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറില്‍ റഷ്യന്‍ എണ്ണയുടെ വാങ്ങലില്‍ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ ഡിസ്‌കൗണ്ടില്‍ കുറവുണ്ടായതാണ് കാരണം. യുദ്ധം തുടങ്ങിയ സമയത്ത് ബാരലിന് 20-25 ഡോളര്‍ വരെ ഡിസ്‌കൗണ്ട് ലഭിച്ചിരുന്നു. ഇപ്പോള്‍ 2.50 ഡോളര്‍ മാത്രമാണ് ഡിസ്‌കൗണ്ട്. റഷ്യന്‍ ഓയിലിന് പകരക്കാരെ തേടിയാല്‍ വില ഇനിയും കൂടുമെന്നതിനാല്‍ പൂര്‍ണമായും വാങ്ങല്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ തയാറായേക്കില്ല.
ജനുവരിക്കും ജൂലൈയ്ക്കും ഇടയില്‍ പ്രതിദിനം 1.73 മില്യണ്‍ ബാരല്‍ ക്രൂഡ്ഓയിലാണ് ഇന്ത്യ മോസ്‌കോയില്‍ നിന്ന് വാങ്ങുന്നത്. ഇന്ത്യയുടെ ആകെ ആവശ്യത്തിന്റെ മൂന്നിലൊന്ന് വരുമിത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നയാര എനര്‍ജി എന്നിവരാണ് കൂടുതല്‍ എണ്ണ റഷ്യയില്‍ നിന്ന് വാങ്ങുന്ന സ്വകാര്യ റിഫൈനറികള്‍.
Read DhanamOnline in English
Subscribe to Dhanam Magazine