english.www.gov.cn
Econopolitics

ചൈനയില്‍ ഭരണതലത്തില്‍ നിഗൂഡ നീക്കങ്ങള്‍! ഷീ ചിന്‍ പിങ് അജ്ഞാത വാസത്തിലോ? അധികാരത്തില്‍ നിന്ന് പുറത്തേക്ക്?

തായ്‌വാനെ ബലമായി പിടിച്ചെടുക്കാന്‍ ബീജിംഗ് ശ്രമിച്ചേക്കുമെന്ന ആശങ്ക കുറച്ചു നാളായി നിലനില്‍ക്കുന്നുണ്ട്. ഇത്തരമൊരു ലക്ഷ്യത്തിലേക്ക് നീങ്ങാനാണ് ഷീയുടെ പതുങ്ങലെന്ന വിലയിരുത്തലുകളും വരുന്നുണ്ട്

Dhanam News Desk

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് അധികാരത്തില്‍ നിന്ന് പുറത്തേക്കുള്ള വഴിയിലാണോ? മാവോ സേതുംഗിന് ശേഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഏറ്റവും ശക്തനായ നേതാവെന്ന തലയെടുപ്പോടെ നിന്ന ഷീ കഴിഞ്ഞ ദിവസം നടന്ന ബ്രിക്‌സ് രാജ്യങ്ങളുടെ നിര്‍ണായക യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതാണ് ചൈനയില്‍ എന്തൊക്കെയോ പുകഞ്ഞു കൊണ്ടിരിക്കുന്നുവെന്ന സംശയത്തിലേക്ക് ലോകത്തെ നയിക്കുന്നത്.

കഴിഞ്ഞ കുറച്ചുനാളുകളായി ഷീ പൊതുപരിപാടികളില്‍ സജീവമല്ല. കൃത്യമായി പറഞ്ഞാല്‍ മെയ് മാസം മുതല്‍. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിന് കാര്യമായ വിശദീകരണം പാര്‍ട്ടിയോ സര്‍ക്കാര്‍ സംവിധാനങ്ങളോ നല്കിയിട്ടുമില്ല.

ആജീവനാന്ത പ്രസിഡന്റ് എന്നാണ് പാശ്ചാത്യ മാധ്യമങ്ങളും ഷീയുടെ എതിരാളികളും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. പ്രസിഡന്റുമാര്‍ 5 വര്‍ഷം വീതം രണ്ടുവട്ടം പൂര്‍ത്തിയാക്കിയാല്‍ വിരമിക്കണമെന്നായിരുന്നു ചൈനീസ് നിയമം. എന്നാല്‍ ഷീ അധികാരത്തിലെത്തിയ ശേഷം ഈ നിയമം ഭരണഘടനാ ഭേദഗതിയിലൂടെ നീക്കി. അതിനുശേഷം പാര്‍ട്ടിയും സര്‍ക്കാരും സൈന്യവുമെല്ലാം ഷീയുടെ സര്‍വാധിപത്യത്തിലാണ്. എതിര്‍ശബ്ദമുയര്‍ത്തുന്നവരെ തുറങ്കിലടയ്ക്കുകയും അധികാര സ്ഥാനങ്ങളില്‍ നിന്ന് നീക്കുകയും ചെയ്യുന്നതാണ് ഈ 72കാരന്റെ രീതി.

13 വര്‍ഷത്തെ ഏകാധിപത്യം

അധികാരത്തിന്റെ രുചി ആസ്വദിച്ച് 13 വര്‍ഷമാകുമ്പോള്‍ ഷീ ചൈനയെ സാമ്പത്തികരംഗത്ത് വലിയ നിലയിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്ത് സമ്പദ് വ്യവസ്ഥയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതും എതിരാളികള്‍ സംഘടിതരായതും ഷീക്ക് തലവേദയായിട്ടുണ്ട്. ജൂണ്‍ 30ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ യോഗം ചേര്‍ന്നിരുന്നതായും നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

അധികാര കൈമാറ്റം അധികം വൈകാതെ ഉണ്ടാകുമെന്ന സൂചനകളും വരുന്നുണ്ട്. ഷീക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന ഊഹാപോഹം മുമ്പേ കേട്ടുതുടങ്ങിയതാണ്. ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ സ്വാധീനം കുറഞ്ഞു വരുന്നതായി ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോവിഡിനു ശേഷം ചൈനീസ് സാമ്പത്തികവളര്‍ച്ച കുറഞ്ഞതും തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതും അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്.

അതേസമയം, ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരെ ഏല്പിച്ച് കൂടുതല്‍ വലിയ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഷീ ശ്രമിക്കുന്നതെന്ന വാദവും ശക്തമാണ്. തായ്‌വാനെ ബലമായി പിടിച്ചെടുക്കാന്‍ ബീജിംഗ് ശ്രമിച്ചേക്കുമെന്ന ആശങ്ക കുറച്ചു നാളായി നിലനില്‍ക്കുന്നുണ്ട്. ഇത്തരമൊരു ലക്ഷ്യത്തിലേക്ക് നീങ്ങാനാണ് ഷീയുടെ പതുങ്ങലെന്ന വിലയിരുത്തലുകളും വരുന്നുണ്ട്.

Speculation rises over Xi Jinping's political future amid his absence from key public events and growing internal pressures in China

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT