നിയമസഭാ തെരഞ്ഞെടുപ്പ് മാസങ്ങള്‍ക്കകം നടക്കാനിരിക്കെ പുതിയ ബജറ്റ് നാളെ (ജനുവരി 29) നിയമസഭയില്‍. ബജറ്റ് പൊതുവെ ഒരു സാമ്പത്തിക വര്‍ഷത്തേക്കാണ്. എന്നാല്‍ 2026 ഏപ്രില്‍ ഒന്നു മുതല്‍ 2027 മാര്‍ച്ച് 31 വരെയുള്ള കാലത്തേക്ക് ഒരു ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലിന് കഴിയില്ല. ഏതു മുന്നണിയുമാകട്ടെ, ഇനി അധികാരത്തില്‍ വരുന്ന പുതിയ സര്‍ക്കാറിനാണ് അതിന് അവകാശം. അടുത്ത ബജറ്റ് അവതരിപ്പിക്കുന്നതു വരെയുള്ള സാമ്പത്തിക ചെലവുകള്‍ക്ക് നിയമസഭയുടെ അനുമതി തേടുന്ന വോട്ട് ഓണ്‍ അക്കൗണ്ടാണ് യഥാര്‍ഥത്തില്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കുക. ബജറ്റ് അവതരിപ്പിക്കുന്നതിനെ ആരും വിലക്കില്ല. എന്നാല്‍ അതില്‍ മുന്നോട്ടു വെക്കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ജനസമ്മിതി (Public Mandate) ഇല്ലാത്തതിനാല്‍ മുന്‍കാലങ്ങളില്‍ അതിന് സ്ഥാനമൊഴിയുന്ന സര്‍ക്കാറുകള്‍ മുതിരുകയില്ലായിരുന്നു. എന്നാല്‍ വീണ്ടും അധികാരത്തില്‍ വരും, അന്നേരം നടപ്പാക്കുമെന്ന പ്രഖ്യാപനമായി ബജറ്റിനെ മാറ്റുകയാണ് ഇപ്പോഴത്തെ നടപ്പു രീതി.
ഭരണഘടന പ്രകാരം കേന്ദ്രവും സംസ്ഥാനങ്ങളും ഓരോ സാമ്പത്തിക വര്‍ഷത്തേക്കുമുള്ള വാര്‍ഷിക ധനകാര്യ പ്രസ്താവന (ബജറ്റ്) നിയമസഭയില്‍ അവതരിപ്പിക്കണം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ ഭരണഘടനാപരമായ വിലക്കൊന്നുമില്ല. അതായത്, നിയമപരമായി ഒരു സര്‍ക്കാരിന് കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും ബജറ്റ് അവതരിപ്പിക്കാം. എന്നാല്‍ ഇവിടെ നിയമപരമായ അവകാശവും ജനാധിപത്യപരമായ രീതിയും തമ്മില്‍ വ്യത്യാസമുണ്ട്.
പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെ ഭരണ നൈരന്തര്യം ഉറപ്പാക്കാന്‍ വേണ്ടിയുള്ള ഒരു ഇടക്കാല ധനാനുമതിയാണ് വോട്ട് ഓണ്‍ അക്കൗണ്ട്. സാധാരണയായി രണ്ട് മുതല്‍ നാല് മാസം വരെ ആവശ്യമായ ചെലവുകള്‍ക്കാണ് അനുമതി തേടുന്നത്.
വോട്ട് ഓണ്‍ അക്കൗണ്ടിന്റെ പ്രധാന സവിശേഷതകള്‍ ഇവയാണ്: ശമ്പളം, പെന്‍ഷന്‍, പലിശപിരിവ്, തുടര്‍പദ്ധതികള്‍ തുടങ്ങിയ അനിവാര്യ ചെലവുകള്‍ക്ക് മാത്രം അനുമതി. പുതിയ നികുതികള്‍, വന്‍ നയമാറ്റങ്ങള്‍, ദീര്‍ഘകാല പ്രഖ്യാപനങ്ങള്‍ ഒഴിവാക്കും. പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നത് പുതിയ സര്‍ക്കാരിലേക്ക് മാറ്റിവയ്ക്കും. അതേസമയം, പൂര്‍ണ ബജറ്റാണെങ്കില്‍ നയപ്രഖ്യാപനങ്ങളും വരുമാന-ചെലവുകളുടെ സമഗ്ര രൂപരേഖയും ഉള്‍പ്പെടും.
നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്ത് പാസാക്കുകയും ചെയ്താല്‍ അത് ഭരണഘടനാപരമായി പൂര്‍ണമായും സാധുവാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയെന്ന കാരണത്താല്‍ അത് അസാധുവാകില്ല. എന്നാല്‍ രാഷ്ട്രീയവും സ്ഥാപനപരവുമായ നൈതികത ഇവിടെ നിര്‍ണായകമാണ്. കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, അടുത്ത സര്‍ക്കാരിന്റെ കൈകള്‍ ബന്ധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കരുതെന്നതാണ് പൊതുവേ അംഗീകരിക്കപ്പെട്ട കീഴ്‌വഴക്കം.
പൂര്‍ണ ബജറ്റ് അവതരിപ്പിച്ചാലും, കാലാവധി തീരാന്‍ പോകുന്ന സര്‍ക്കാരുകള്‍ക്ക് പ്രായോഗികമായി ചില നിയന്ത്രണങ്ങള്‍ ബാധകമാണ്. ദീര്‍ഘകാല ബാധ്യതകള്‍ ഒഴിവാക്കണം. ഘടനാപരമായ വലിയ പരിഷ്‌കരണങ്ങള്‍, വര്‍ഷങ്ങളോളം ചെലവ് ആവശ്യപ്പെടുന്ന പദ്ധതികള്‍ തുടങ്ങിയവ പാടില്ല. വായ്പയില്‍ സൂക്ഷ്മത വേണം. അമിതമായ കടബാധ്യതകള്‍ രാഷ്ട്രീയവും സാമ്പത്തികവുമായ ചോദ്യംചെയ്യലുകള്‍ക്ക് ഇടയാക്കും. ബജറ്റില്‍ പ്രഖ്യാപിച്ചാലും, പല തീരുമാനങ്ങളും തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ നടപ്പാക്കാനാവൂ എന്ന് തിരിച്ചറിയണം. അതുകൊണ്ടുതന്നെ, ഇത്തരം ബജറ്റുകള്‍ പലപ്പോഴും പേരില്‍ പൂര്‍ണ ബജറ്റും, ഉള്ളടക്കത്തില്‍ വിപുലമായ വോട്ട് ഓണ്‍ അക്കൗണ്ടും ആയിത്തീരുന്നു.
നയതുടര്‍ച്ചയെന്ന സന്ദേശം വോട്ടര്‍മാര്‍ക്ക് നല്‍കാനുള്ള അവസരമായി കാലാവധി തീരുന്ന സര്‍ക്കാറുകള്‍ അവസാന ബജറ്റവതരണ വേള ഉപയോഗപ്പെടുത്തുന്നു. വരുമാന-ചെലവ് സ്ഥിതിവിവരക്കണക്കുകള്‍ ഔദ്യോഗികമായി അവതരിപ്പിക്കാനുള്ള അവസരം കൂടിയാണിത്. വിപണികള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തത നല്‍കാനും ഇതുവഴി സാധിക്കും. എന്നാല്‍ വലിയ നയമാറ്റങ്ങള്‍ പുതിയ ജനവിധി നേടിയ സര്‍ക്കാരിന് വിട്ടുകൊടുക്കണമെന്നതാണ് ഭരണപരമായ കീഴ്‌വഴക്കം.
കേരളത്തില്‍ നാളെ അവതരിപ്പിക്കുന്ന ബജറ്റ് നിയമപരമായി പൂര്‍ണ ബജറ്റായിരിക്കും. എന്നാല്‍ അതിന്റെ ആത്മാവ് ഒരു ഇടക്കാല ബജറ്റിനോട് കൂടുതല്‍ ചേര്‍ന്നതാകാനാണ് സാധ്യത. പേരിലല്ല, ഉള്ളടക്കത്തിലാണ് യഥാര്‍ത്ഥ പരീക്ഷണം. നിയമപരമായ സാധുതയ്ക്കപ്പുറം, ഈ ബജറ്റ് എത്രമാത്രം നിയന്ത്രണവും ഉത്തരവാദിത്വവും പുലര്‍ത്തുന്നു എന്നതാണ് നിര്‍ണായകം.
Read DhanamOnline in English
Subscribe to Dhanam Magazine