പശ്ചിമേഷ്യയിലെ യുദ്ധം നീണ്ടുനിന്നാൽ ഗൾഫ് രാജ്യങ്ങളെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടാമെന്ന് ആഗോള നിക്ഷേപക സ്ഥാപനങ്ങളിലൊന്നായ ഗോൾഡ്മാൻ സാക്സ്. ഇറാന്റെ ഭാഗത്തു നിന്നുമുള്ള ആക്രമണം ഏപ്രിൽ മാസത്തിൽ കൂടി തുടരുകയും തത്ഫലമായി ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡോയിൽ നീക്കം രണ്ട് മാസത്തിലേറെ തടസ്സപ്പെടുകയും ചെയ്താൽ ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ ഇളകുമെന്നാണ് മുന്നറിയിപ്പ്. 1990-കളിലെ യുദ്ധത്തിന് ശേഷം ഗൾഫ് രാജ്യങ്ങളുടെ സമ്പദ്ഘടനകൾ നേരിടുന്ന കടുത്ത അഗ്നിപരീക്ഷണമാണ് ഇപ്പോഴത്തേത് എന്നും ഗോൾഡ്മാൻ സാക്സിന്റെ അനലിസ്റ്റ് സൂചിപ്പിച്ചു.
ആഗോള തലത്തിൽ സമുദ്രം മുഖേന കയറ്റുമതി ചെയ്യുന്ന ക്രൂഡോയിലിന്റെ 20 ശതമാനവും ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇതുവഴിയുള്ള കപ്പൽ ഗതാഗതം നിലച്ചതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡോയിൽ, പ്രകൃതി വാതക കയറ്റുമതിയും വിതരണവും തടസ്സപ്പെട്ടു. ഇതോടെ സൗദി അറേബ്യയും യു.എ.ഇ.യും ക്രൂഡോയിൽ ഉത്പാദനം വെട്ടിച്ചുരുക്കി. ഖത്തറിന്റെ ദ്രവീകൃത പ്രകൃതി വാതക (എൽ.എൻ.ജി) കയറ്റുമതി അപ്പാടെ തകർന്നു. ഇതോടെ ആഗോള എണ്ണ വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വഴിമാറി. ക്രൂഡോയിൽ വില 100 ഡോളർ നിലവാരം മറികടന്നു. എണ്ണ വില കയറിയെങ്കിലും ഉത്പാദനവും വിതരണവും തടസ്സപ്പെട്ടതാണ് ഗൾഫ് രാജ്യങ്ങൾക്ക് തലവേദനയേകുന്നത്.
ഖത്തറിനേയും കുവൈറ്റിനേയും ആകും പശ്ചിമേഷ്യയിലെ യുദ്ധം കാരണമുള്ള സാമ്പത്തികാഘാതം കൂടുതൽ പരിക്കേൽപ്പിക്കുക. ഈ രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2026-ൽ 14 ശതമാനം വരെ ഇടിവ് നേരിടാമെന്നാണ് ഗോൾഡ്മാൻ സാക്സിന്റെ അനുമാനം. ഇറാൻ യുദ്ധം നീണ്ടുനിന്നാൽ ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നായ സൗദി അറേബ്യയുടെ ജിഡിപിയിൽ 3 ശതമാനവും യുഎഇയുടെ ജിഡിപിയിൽ 5 ശതമാനം വീതവും ഈ വർഷം ഇടിവ് നേരിടാമെന്നാണ് ഗോൾഡ്മാൻ സാക്സിന്റെ നിഗമനം.
ഹോർമുസ് കടലിടുക്ക് ഒഴിവാക്കിക്കൊണ്ട് പൈപ്പ്‍ലൈൻ മുഖേന പുറങ്കടലിലേക്ക് ക്രൂഡോയിൽ കപ്പലിലേക്ക് എത്തിക്കാൻ സധിക്കുമെന്നതാണ് സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും സാമ്പത്തിക തിരിച്ചടിയുടെ ആഘാതം കുറയ്ക്കാൻ സഹായിക്കുന്നത്. എന്നിരുന്നാലും കോവിഡ് കാലഘട്ടത്തിനു ശേഷം ഈ സമ്പദ്ഘടനകളിൽ നേരിടാവുന്ന കനത്ത തിരിച്ചടിക്കുള്ള സാധ്യതയാണ് ഇറാൻ യുദ്ധം കാരണം ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
പശ്ചിമേഷ്യൻ യുദ്ധം ഗൾഫ് രാജ്യങ്ങളുടെ സമ്പദ്ഘടനയെ മൊത്തത്തിൽ പ്രതികൂലമായി സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ഗോൾഡ്മാൻ സാക്സിന്റെ അനലിസ്റ്റ് സൂചിപ്പിച്ചു. പ്രധാന വരുമാന മാർഗമായ പെട്രോളിയം കയറ്റുമതിയിൽ നിന്നുള്ള വരുമാനം നഷ്ടമാകുന്നതിന് പുറമെ, എണ്ണയിതര മേഖലയിലും ഗൾഫ് രാജ്യങ്ങൾക്ക് തിരിച്ചടി നേരിടാവുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്.
ഇറാനിൽ നിന്നുള്ള ഡ്രോണുകളുടെ കൂട്ടയാക്രമണം കാരണം സുരക്ഷയ്ക്കും സമാധാനത്തിനും പ്രശസ്തിയാർജിച്ചിരുന്ന ഗൾഫ് രാജ്യങ്ങളുടെ റിയൽ എസ്റ്റേറ്റ്, ടൂറിസം, നിക്ഷേപ മേഖലകളിലും തിരിച്ചടി പ്രകടമായി തുടങ്ങിയിട്ടുണ്ട്. അതിനാൽ നേരത്തെ പ്രതീക്ഷിച്ചിരുന്നതിലും കൂടുതൽ കാലം ഇറാൻ യുദ്ധം നീണ്ടുനിന്നാൽ ഗൾഫ് രാജ്യങ്ങളുടെ സമ്പദ്ഘടനകളെ മുഴുവനായി തന്നെ, പ്രതിസന്ധി ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും ഗോൾഡ്മാൻ സാക്സ് പറയുന്നു.
ഉപജീവനമാർഗം തേടി 20-35 ലക്ഷം മലയാളികൾ ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറിയ പ്രവാസികളിൽ 80 ശതമാനത്തിലധികവും ഗൾഫിലാണ് താമസിക്കുന്നത്. ഏറ്റവും കൂടുതൽ മലയാളി പ്രവാസികൾ ഉള്ളത് യുഎഇയിലാണ്. പിന്നാലെ സൗദി അറേബ്യയും ഖത്തറും. ഇവിടുത്തെ നിർമാണ, സേവന, ആരോഗ്യ മേഖലകളിൽ മലയാളികളുടെ സാന്നിധ്യം ശക്തമാണ്.
അതേസമയം ഗൾഫിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിർത്തുന്നത്. പ്രതിവർഷം 1.94 ലക്ഷം കോടി രൂപ ഗൾഫിൽ നിന്നും നാട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇത് സംസ്ഥാന ജിഡിപിയിലേക്ക് 17 ശതമാനം സംഭാവന ചെയ്യുന്നു. ചുരുക്കത്തിൽ ഗൾഫ് രാജ്യങ്ങളെ ബാധിക്കുന്ന ഏതൊരു പ്രതിസന്ധിക്കും കേരളത്തിലും ശക്തമായ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുമെന്ന് സാരം.
Read DhanamOnline in English
Subscribe to Dhanam Magazine