canva
Economy

കേരള ടൂറിസത്തിന് ഇത്തവണയും 'ചൂടുവീഴ്ചയോ'? അവധിക്കാലം ഓഫ് സീസണ്‍ ഭീഷണിയില്‍

ചൂടുകൂടിയാല്‍ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകും, നേട്ടം കൊയ്യാന്‍ കൊടൈക്കനാലും ഊട്ടിയും പിന്നെ ലങ്കയും

Lijo MG

മധ്യവേനല്‍ അവധിക്കാലം കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ ഒഴുകുന്ന സമയമാണ്. എന്നാല്‍ ആഭ്യന്തര സഞ്ചാരികള്‍ വേനല്‍ക്കാലത്ത് യാത്രകള്‍ കുറയ്ക്കുന്ന പ്രവണത കേരളത്തിന്റെ ടൂറിസം വരുമാനത്തിന് കനത്ത തിരിച്ചടിയാകുകയാണ്. കഴിഞ്ഞ വേനലില്‍ ഒട്ടുമിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും ആളൊഴിഞ്ഞ നിലയിലായിരുന്നു. ഈ ട്രെന്റ് തുടര്‍ന്നാല്‍ ലക്ഷങ്ങള്‍ വായ്പയെടുത്ത് ഹോംസ്‌റ്റേ അടക്കമുള്ള സംവിധാനങ്ങളൊരുക്കിയവര്‍ പ്രതിസന്ധിയിലാകും.

ചൂടു കൂടിയാല്‍ ആള് കുറയും

കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും ചൂട് കൂടിയാല്‍ ടൂറിസം രംഗത്തിന് കനത്ത തിരിച്ചടിയാകുമെന്ന് ഇടുക്കി രാമക്കല്‍മേട് മലയോരം ഹോംസ്‌റ്റേ മാനേജിംഗ് ഡയറക്ടര്‍ സതീഷ് സോമന്‍ ധനംഓണ്‍ലൈനോട് പറഞ്ഞു. മൂന്നാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോലും കടുത്ത ചൂട് മൂലം സഞ്ചാരികള്‍ കുറഞ്ഞു. സഞ്ചാരികള്‍ കാലാവസ്ഥ കൂടി പരിഗണിച്ച് ബുക്കിംഗ് ചെയ്യുന്ന പ്രവണത വര്‍ധിച്ചെന്നും സതീഷ് വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ 30 ഓളം ബുക്കിംഗുകള്‍ അവസാന നിമിഷം റദ്ദാക്കപ്പെട്ടതായി ഫോര്‍ട്ടുകൊച്ചിയില്‍ ഹോംസ്‌റ്റേ നടത്തുന്ന തോമസുകുട്ടി മാത്യു പറഞ്ഞു. കനത്ത ചൂടാണ് പലരെയും യാത്ര മാറ്റിവയ്ക്കാന്‍ പ്രേരിപ്പിച്ചത്. ഫോര്‍ട്ടുകൊച്ചിയിലെ മാത്രം അവസ്ഥയല്ല ഇത്. വേനല്‍ക്കാലത്ത് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ മൂന്നാറില്‍ പോലും ചൂട് പ്രശ്‌നം സൃഷ്ടിച്ചു. വേനല്‍ അവധിക്കാലത്ത് പതിവുണ്ടായിരുന്ന തിരക്ക് കഴിഞ്ഞ വര്‍ഷം മൂന്നാറിലുണ്ടായിരുന്നില്ല. ചൂട് തന്നെയാണ് മൂന്നാറിനും തിരിച്ചടിയായത്.

സഞ്ചാരികള്‍ കൂടുതലായി കൊടൈക്കനാല്‍, ഊട്ടി പോലുള്ള തണുപ്പ് കൂടിയ ഹില്‍ സ്റ്റേഷനുകളിലേക്ക് പോകാനാണ് ചൂടുകാലത്ത് താല്പര്യപ്പെടുന്നത്. ഈ ട്രെന്റ് ഇത്തവണയും തുടര്‍ന്നാല്‍ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏപ്രില്‍-മെയ് മാസങ്ങള്‍ ഓഫ് സീസണായി മാറും. കേരളത്തിലെത്തുന്നവരെ ആകര്‍ഷിച്ചിരുന്നത് ഇവിടുത്തെ പ്രകൃതിഭംഗി മാത്രമായിരുന്നില്ല. വലിയ ചൂടില്ലാത്ത കാലാവസ്ഥയും സഞ്ചാരികളെ എത്തിക്കുന്നതില്‍ പങ്കുവഹിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വേനല്‍ക്കാലത്തെ അമിത ചൂട് ടൂറിസം മേഖലയ്ക്ക് വില്ലനാകുന്നുണ്ട്.

കേരളത്തിലെ കനത്ത ചൂട് നേട്ടമാകുന്നത് കൊടൈക്കനാല്‍, ഊട്ടി പോലുള്ള അയല്‍സംസ്ഥാനങ്ങളിലെ ഹില്‍സ്‌റ്റേഷനുകള്‍ക്കാണ്. കഴിഞ്ഞ വര്‍ഷം റെക്കോഡ് സഞ്ചാരികളാണ് ഈ സമയത്ത് ഇരു വിനോദസഞ്ചാര കേന്ദ്രങ്ങളിലുമെത്തി. നിയന്ത്രിക്കാനാകാതെ വന്നതോടെ സഞ്ചാരികള്‍ക്ക് ഇ-പാസ് ഏര്‍പ്പെടുത്താന്‍ കോടതിക്ക് ഉത്തരവിടേണ്ടി വന്നു. കേരളത്തിലേക്ക് വരേണ്ടിയിരുന്ന ആയിരക്കണക്കിന് സഞ്ചാരികളാണ് ഇത്തരത്തില്‍ വഴിതിരിഞ്ഞു പോയത്.

ലങ്കന്‍ നീക്കവും തലവേദന

ദക്ഷിണേന്ത്യ ലക്ഷ്യമിടുന്ന സഞ്ചാരികളെ റാഞ്ചാന്‍ ശ്രീലങ്കന്‍ ടൂറിസം നടത്തുന്ന നീക്കം കേരളത്തിന് തിരിച്ചടിയാകുന്നുണ്ട്. വയനാട് പ്രകൃതിക്ഷോഭം ടൂറിസം രംഗത്തെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. സമാനമായ പ്രതിസന്ധികള്‍ കേരളത്തിലേക്ക് എത്തേണ്ട ടൂറിസ്റ്റുകളെ ശ്രീലങ്കയിലേക്ക് അടുപ്പിക്കുകയാണ്. കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയുമായും വലിയ സാമ്യമുള്ളതാണ് ലങ്കയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളും. ഇവിടെയാണ് ലങ്കയുടെ ബുദ്ധിപരമായ ഇടപെടല്‍. വിദേശ പൗരന്മാരെ കൂടുതലായി ആകര്‍ഷിക്കാന്‍ അവര്‍ ആവുന്നതെല്ലാം ചെയ്യുന്നു. ലങ്കയിലെ പുതിയ സര്‍ക്കാര്‍ ടൂറിസം വികസനത്തിനായി വലിയ പദ്ധതികളും കൊണ്ടുവരുന്നുണ്ട്. ഭാവിയില്‍ കേരള ടൂറിസം വലിയ വെല്ലുവിളി നേരിടാന്‍ പോകുന്നത് ലങ്കയില്‍ നിന്നാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT