Foreign direct investment Image : Canva
Economy

വിദേശ നിക്ഷേപം വരവ് കുറഞ്ഞു; ഇടിവ് 5.6 ശതമാനം; കൂടുതല്‍ മഹാരാഷ്ട്രയില്‍

കൂടുതല്‍ നിക്ഷേപമെത്തിയത് സിംഗപ്പൂരില്‍ നിന്ന്

Dhanam News Desk

ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) വരവില്‍ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഇടിവ്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) ഡാറ്റ വ്യക്തമാക്കുന്നു. 10.9 ബില്യണ്‍ ഡോളറാണ് വിദേശ നിക്ഷേപമായി എത്തിയത്. 2023-24 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 11.55 ബില്യണ്‍ ഡോളറായിരുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് നിക്ഷേപം കുറയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മുന്‍ പാദങ്ങളെക്കാള്‍ മോശം

2024-25 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും മോശം കണക്കുകളാണ് ഈ പാദത്തിലുള്ളത്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍, വരവ് മുന്‍ വര്‍ഷത്തേക്കാള്‍ ഏകദേശം 43 ശതമാനം വര്‍ധിച്ച് 13.6 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ വര്‍ധന 47.8 ശതമാനമായിരുന്നു. ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 27 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 40.67 ബില്യണ്‍ ഡോളറാണ് ഈ ഘട്ടത്തിലെ നിക്ഷേപം.

ആദ്യ ഒമ്പത് മാസങ്ങളില്‍ ഓഹരി നിക്ഷേപം, പുനര്‍നിക്ഷേപ വരുമാനം, മറ്റ് മൂലധനം എന്നിവ ഉള്‍പ്പെടുന്ന മൊത്തം എഫ്ഡിഐ 21.3 ശതമാനം വര്‍ധിച്ച് 62.48 ബില്യണ്‍ ഡോളറായി. 2023-24 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഇത് 51.5 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.

കൂടുതല്‍ സിംഗപ്പൂരില്‍ നിന്ന്

ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ സിംഗപ്പൂരില്‍ നിന്നാണ് കൂടുതല്‍ നിക്ഷേപമെത്തിയത്. 7.44 ബില്യണ്‍ ഡോളറില്‍ നിന്ന് 12 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. അമേരിക്കയില്‍ നിന്നുള്ളത് 2.83 ബില്യണ്‍ ഡോളറില്‍ നിന്ന് 3.73 ബില്യണ്‍ ഡോളറായും വര്‍ധിച്ചു. നെതര്‍ലാന്‍ഡ്സ് (4 ബില്യണ്‍ ഡോളര്‍), യുഎഇ (4.14 ബില്യണ്‍ യുഎസ് ഡോളര്‍), കേമാന്‍ ഐലന്‍ഡ്സ് (296 മില്യണ്‍ ഡോളര്‍), സൈപ്രസ് (1.18 ബില്യണ്‍ ഡോളര്‍) എന്നിങ്ങനെയാണ് പ്രധാന നിക്ഷേപങ്ങള്‍.

മഹാരാഷ്ട്ര മുന്നില്‍

ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം എത്തിയത്. 16.65 ബില്യണ്‍ ഡോളര്‍. ഗുജറാത്ത് (5.56 ബില്യണ്‍ഡോളര്‍).കര്‍ണാടക (4.5 ബില്യണ്‍ ഡോളര്‍) എന്നിവയാണ് മുന്‍നിരയിലുള്ളത്.

സേവനങ്ങള്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍, ഹാര്‍ഡ് വെയര്‍, വ്യാപാരം, ടെലികമ്മ്യൂണിക്കേഷന്‍, ഓട്ടോമൊബൈല്‍, കെമിക്കല്‍സ് എന്നീ മേഖലകളിലെ നിക്ഷേപം വര്‍ധിച്ചു. ആദ്യ ഒമ്പത് മാസങ്ങളില്‍ സേവനങ്ങളിലെ വിദേശ നിക്ഷേപം 7.22 ബില്യണ്‍ ഡോളറായി വര്‍ധിച്ചു, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 5.18 ബില്യണ്‍ ഡോളറായിരുന്നു.

പാരമ്പര്യേതര ഊര്‍ജ്ജ മേഖലയില്‍ 3.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവുമെത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT