ജനുവരി രണ്ടാം വാരത്തില്‍ കേരള ത്തിലെ ഗ്രാമീണ മേഖലയിലെ പലചരക്ക് കടയില്‍ നാളികേരത്തിന് കിലോ ഗ്രാമിന് വില 63 രൂപയായിരുന്നു. അഞ്ച് ദിവസത്തിന് ശേഷം അത് 70ലെത്തി. മാസാവസാനത്തോടെ നാളികേരത്തിന് കിലോഗ്രാമിന് വില 80 രൂപയായി! മൂന്ന്, നാല് ദിവസത്തെ ഇടവേളകളില്‍ പച്ചക്കറി വിലയില്‍ കിലോഗ്രാമിന് 20-30 രൂപയുടെ വ്യതിയാനമാണ് സംഭവിക്കുന്നത്. വിപണിയിലേക്ക് പച്ചക്കറികള്‍ കൂടുതലായെത്തുമ്പോള്‍, വിലയില്‍ ചില അവസരങ്ങളില്‍ കുറവുണ്ടെങ്കിലും പലവ്യഞ്ജനത്തിന്റെ കാര്യത്തില്‍ അതില്ല. വിലകള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. പൊതുജനം ഈ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുമ്പോള്‍ അവശ്യസാധനങ്ങള്‍ പോലും നിത്യജീവിതത്തില്‍ നിന്ന് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുകയാണ്.
രാജ്യത്തെ എഫ്എംസിജി വമ്പന്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ അടുത്തിടെ പുറത്തുവിട്ട നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദ ഫലം അതിനുള്ള ഉത്തരം നല്‍കുന്നുണ്ട്. നഗര മേഖലയിലെ ഡിമാന്‍ഡിലുണ്ടായ കുറവും ഗ്രാമീണ മേഖലയില്‍ പ്രതീക്ഷിച്ചതുപോലുള്ള ഡിമാന്‍ഡ് വര്‍ധന സംഭവിക്കാത്തതും ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ പ്രകടനത്തില്‍ ഗണ്യമായി പ്രതിഫലിച്ചിട്ടുണ്ട്. അവലോകന കാലയളവില്‍ എച്ച്യുഎല്ലിന്റെ വരുമാനത്തിലുണ്ടായിരിക്കുന്നത് 1.6% വര്‍ധന മാത്രം. ''രാജ്യത്തെ കുടുംബങ്ങള്‍ വന്‍തോതില്‍ ചെലവിടല്‍ കുറച്ചിരിക്കുകയാണ്. മാത്രമല്ല, അവരുടെ വാങ്ങല്‍ രീതിയും മാറിയിരിക്കുന്നു. ചെറിയ പായ്ക്കറ്റുകളിലുള്ള അവശ്യസാധനങ്ങളും നിത്യോപയോഗ സാധനങ്ങളുമാണ് കൂടുതല്‍ വിറ്റഴിയുന്നത്. സമീപ നാളുകളില്‍ ഇതിനൊരു മാറ്റമുണ്ടാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുമില്ല'' എച്ച്യുഎല്‍ സിഇഒയും എംഡിയുമായ രോഹിത് ജാവ പങ്കുവെച്ച നിരീക്ഷണം ഇതായിരുന്നു.
കുതിച്ചുയരുന്ന വിലക്കയറ്റം, വര്‍ഷങ്ങളായി വേതന വര്‍ധനയില്ലാത്തത്, ഉയര്‍ന്ന നികുതി ഭാരം - ഇവ മൂന്നും രാജ്യത്തെ മധ്യവര്‍ഗത്തെ ശ്വാസംമുട്ടിക്കുമ്പോള്‍ മുണ്ടുമുറുക്കിയുടുക്കാതെ തരമില്ലെന്നായി. നഗര-ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ ഉപഭോഗം കുറച്ചതോടെ വിപണികളില്‍ അത് പ്രതിഫലിച്ചു തുടങ്ങി. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മുതല്‍ കോര്‍പ്പറേറ്റുകളുടെ വരെ വില്‍പ്പനയെ ഇത് സാരമായി ബാധിക്കുന്നുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ രാജ്യത്തെ എഫ്എംസിജി വമ്പന്മാരുടെ സെയ്ല്‍സ് വാല്യുവിലെ വര്‍ധന പത്ത് ശതമാനമായിരുന്നുവെങ്കില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ അതേ കാലയളവില്‍ ഇത് 5.6 ശതമാനമായി. ഇടത്തരക്കാര്‍ വില കുറഞ്ഞ സാധനങ്ങളോ അല്ലെങ്കില്‍ ബ്രാന്‍ഡഡ് അല്ലാത്തവയോ വാങ്ങുന്നു. ഇലക്ട്രോണിക്‌സ് - ഗൃഹോപകരണ വിപണിയിലും മുരടിപ്പ് പ്രകടമാണ്. റെഫ്രിജറേറ്റര്‍ വിപണിയിലെ എന്‍ട്രി ലെവല്‍ മോഡലിന്റെ വില്‍പ്പനയില്‍ കുറവുണ്ടെന്നാണ് ദേശീയതലത്തില്‍ നിന്നുള്ള സൂചന. സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എന്‍ട്രി ലെവല്‍ (10,000 രൂപയില്‍ താഴെ വിലയുള്ളവ), മാസ് മാര്‍ക്കറ്റ് (10,000 രൂപ -15,000 രൂപ വിലയുള്ളവ) കാറ്റഗറിയുടെ വില്‍പ്പനയിലും ഇടിവുണ്ടായിട്ടുണ്ട്. റിയല്‍എസ്റ്റേറ്റ് മേഖലയില്‍ പ്രീമിയം വിഭാഗത്തില്‍ വളര്‍ച്ചയുണ്ടെങ്കിലും അഫോര്‍ഡബ്ള്‍ ഹൗസിംഗ് രംഗത്തെ വില്‍പ്പന ഇടിയുന്നതായി നൈറ്റ് ഫ്രാങ്കിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2024 സെപ്റ്റംബര്‍ വരെ രാജ്യത്തെ എട്ട് നഗരങ്ങളിലെ വില്‍പ്പന പ്രവണത കണക്കിലെടുത്താണിത്. ഭക്ഷ്യ വിലപ്പെരുപ്പം 6.8 ശതമാനത്തിലെത്തി നില്‍ക്കുമ്പോള്‍ നഗരവാസികളായ ജനങ്ങളുടെ ശമ്പളത്തിലെ വര്‍ധന വെറും നാല് ശതമാനമാണ്! ഇതുകൊണ്ടാണ് പൊതുജനം വറചട്ടിയിലേക്ക് വീണിരിക്കുന്നതിന്റെ ഒരു കാരണം.
രാജ്യത്തെ മധ്യവര്‍ഗത്തിെന്റ വരുമാനത്തില്‍ വര്‍ധനയിെല്ലങ്കിലും അവര്‍ നല്‍കുന്ന നികുതിക്ക് കുറെവാന്നുമില്ല. ഇൗ കനത്ത നികുതി ഭാരമാണ് ജനങ്ങളുെട േപാക്കറ്റ് േചാര്‍ത്തുന്ന സു്രപധാന ഘടകവും. എണ്ണിച്ചുട്ട അപ്പം േപാെല കിട്ടുന്ന വരുമാനത്തിന് ഇവര്‍ നികുതി നല്‍കണം. ഒപ്പം അവര്‍ വാങ്ങുന്ന ഉല്‍പ്പന്നത്തിനും േതടുന്ന േസവനത്തിനുെമല്ലാം നികുതി നല്‍കണം. ഇന്‍കം ടാക്‌സ്, ജിഎസ്ടി, പ്രോപ്പര്‍ട്ടി ടാക്‌സ്, ആഡംബര നികുതി, വിനോദ നികുതി... ഇങ്ങനെ പലതരത്തിലും പല രൂപത്തിലും വലിയ നികുതിയാണ് പൊതുജനങ്ങള്‍ നല്‍കിവരുന്നത്. ജീവിതത്തില്‍ ഏറെ അഭിലാഷങ്ങളുള്ള, വിപണിയെ ചലിപ്പിക്കുന്ന മധ്യവര്‍ഗത്തിന്റെ വരുമാനം കുറയുന്നതിനൊപ്പം അവരെ പിഴിയുന്ന നികുതി സമ്പ്രദായം കൂടി ചേര്‍ന്നതോടെ പാവപ്പെട്ടവന്‍ കൂടുതല്‍ പാവപ്പെട്ടവനായി മാറി.
അതേസമയം കോര്‍പ്പറേറ്റ് നികുതിയിനത്തിലെ ഇളവുകള്‍ രാജ്യത്തെ ബിസിനസുകള്‍ക്ക് പ്രയോജനമാകുന്നുമുണ്ട്. സാധാരണക്കാരെ മറന്ന് നടത്തിയ നയതീരുമാനങ്ങളും ചട്ടങ്ങളുമാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് വഴിവെച്ച ഒരു ഘടകം. കേരളത്തിലെ ഗ്രാമീണ മേഖലയിലെ കുടുംബങ്ങളില്‍ വരെ രണ്ടും മൂന്നും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകള്‍ സാധാരണമാണ്. ഒരു വായ്പ തിരിച്ചടയ്ക്കാന്‍ അതിലും വലിയ മറ്റൊന്നെടുത്താണ് കുടുംബങ്ങള്‍ മുന്നോട്ട് പോകുന്നത്. ''പണ്ട് ആഴ്ചയില്‍ അഞ്ച് ദിവസം ജോലിക്ക് പോയാല്‍ സുഖമായി കുടുംബം കഴിയാമായിരുന്നു. ഇപ്പോള്‍ ഏഴ് ദിവസം പോയാലും കടവും വീടുന്നില്ല. ജീവിക്കാനും വകയില്ല,'' കെട്ടിട നിര്‍മാണ രംഗത്ത് ഫ്‌ളോറിംഗ് ജോലികള്‍ ചെയ്യുന്ന ഒരു വ്യക്തി തുറന്നുപറയുന്നു.
കടം കൂടിയതോടെ കുടുംബങ്ങളുടെ സമ്പാദ്യത്തിലും ഇടിവുണ്ടായി. നബാര്‍ ഡിന്റെ പഠനം തെളിയിക്കുന്നത് അതാണ്. ഇന്ത്യയുടെയും കേരളത്തിന്റെയും സമ്പദ്ഘടനയുടെ നട്ടെല്ല് തന്നെ മധ്യവര്‍ഗമാണ്. ഇവരുടെ വാങ്ങലും അഭിലാഷങ്ങളുമെല്ലാമാണ് വിപണിയെ ചലിപ്പിക്കുന്നതും. എല്ലാ വശത്തുനിന്നും ഇവരെ പിഴിയുമ്പോള്‍ ഉപഭോഗം കുറയ്ക്കുകയല്ലാതെ മറ്റുവഴി മുന്നിലില്ല. അതാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അനുമാനങ്ങളിലും പ്രതിഫലിക്കുന്നത്.
കോര്‍പ്പറേറ്റുകളുടെ വരുമാനത്തിലുണ്ടായ ഇടിവ് ഓഹരി വിലകളിലും പ്രതിഫലിച്ചു തുടങ്ങി. കോവിഡ് കാലത്തിനു ശേഷം തിളക്കമാര്‍ന്ന നേട്ടം നല്‍കിയ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് അതേ പ്രകടനം തുടര്‍ന്ന് പ്രതീക്ഷിക്കേണ്ട എന്ന മുന്നറിയിപ്പാണ് വിപണി നിരീക്ഷകര്‍ നല്‍കുന്നത്. അമേരിക്കയില്‍ വീണ്ടും ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതോടെ ലോകമെമ്പാടും അനിശ്ചിതത്വവും അവ്യക്തതയും പിടിമുറുക്കിയിട്ടുണ്ട്. ങമസല അാലൃശരമ ഏൃലമ േഅഴമശി അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്ന നയം മുന്നില്‍ വെച്ച് ഭരണസാരഥ്യമേറ്റിരിക്കുന്ന ട്രംപ്, അമേരിക്കന്‍ കമ്പനികളുടെ ക്ഷേമത്തിനാകും മുന്‍തൂക്കം നല്‍കുക. അമേരിക്കക്കാര്‍ക്ക് നേട്ടം നല്‍കാന്‍ ട്രംപ് എടുക്കുന്ന നയങ്ങള്‍ ഇന്ത്യയെ പോലുള്ള ഉയര്‍ന്നുവരുന്ന വിപണികളില്‍ സ്വാധീനം ചെലുത്തും. ഇതോടൊപ്പം ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങളും വിപണിയെ സ്വാധീനിക്കും.
ചൈനീസ് സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കാന്‍ അവിടത്തെ ഭരണകൂടം എടുത്ത നിലപാടുകള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളെ അങ്ങോട്ടേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. എവിടെയാണോ നേട്ടം കൂടുതല്‍ അവിടെ നിക്ഷേപം നടത്തുക എന്നതാണ് വിദേശനിക്ഷേപക സ്ഥാപനങ്ങളുടെ ശൈലി. ഇന്ത്യന്‍ വിപണിയില്‍ നിന്ന് സമീപകാലത്ത് വലിയ തോതില്‍ ഫണ്ട് പിന്‍വലിച്ച് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പോകുന്നതും അതുകൊണ്ടാണ്.
ഇന്ത്യന്‍ ഓഹരി വിപണിയുടെ മൂല്യം ഉയര്‍ന്ന തലത്തിലാണെന്നതും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ പിന്മാറ്റത്തിന് കാരണമാകുന്നുണ്ട്. ചെറുകിട നിക്ഷേപകരാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ കരുത്ത്. വരുമാനം കുറയുന്നതും നിക്ഷേപത്തിനായി പണം മാറ്റിവെയ്ക്കാന്‍ പറ്റാത്തതും രൂക്ഷമായിതുടര്‍ന്നാല്‍ മ്യൂച്വല്‍ ഫണ്ടുകളിലൂടെ വിപണിയിലേക്ക് എത്തുന്ന പണത്തിനെയും അത് ബാധിക്കും.
രൂപയുടെ വിലയിടിവാണ് മറ്റൊരു പ്രശ്‌നം. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ സംഭവിക്കുന്ന ഇടിവിന് കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും നയങ്ങളിലെ അപാകത മുതല്‍ കോര്‍പ്പറേറ്റുകളും സര്‍ക്കാരും തമ്മിലുള്ള ചങ്ങാത്ത മുതലാളിത്തം വരെ കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. വിദേശത്തുനിന്ന് ഡോളറില്‍ വന്‍തോതില്‍ വായ്പ എടുത്തിരിക്കുന്ന കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ രൂപയുടെ മൂല്യം യഥാര്‍ത്ഥമായി ഉയര്‍ത്തിനിര്‍ത്താന്‍ എടുത്ത സമീപനമാണ് ഇപ്പോഴത്തെ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
സാമ്പത്തിക രംഗത്ത് അസ്ഥിരത പടരുമ്പോള്‍ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കും. സ്വാഭാവികമായും ഇന്ത്യയുടെ അടക്കമുള്ള കറന്‍സികളുടെ മൂല്യവും കുറയും. ഇതോടെ ഇറക്കുമതിയുടെ ചെലവ് കൂടും. എണ്ണ, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങല്‍, മറ്റ് അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ വില സ്വാഭാവികമായും ഉയരും.വിദേശ വിദ്യാഭ്യാസം മുതല്‍ വിദേശത്തേക്കുള്ള വിനോദയാത്രകള്‍ വരെ ചെലവേറിയതാകും. ഇതെല്ലാം കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും. ചെലവുകള്‍ വീണ്ടും ചുരുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും.
രണ്ടാമത് നബാര്‍ഡ് ഓള്‍ ഇന്ത്യ റൂറല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ (നാഫിസ്) സര്‍വേ പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗ്രാമീണ കുടുംബങ്ങളിലെ ശരാശരി വരുമാനത്തില്‍ 57.6% വര്‍ധനയാണുണ്ടായിരിക്കുന്നത്. 2016-17ലെ 8,059 രൂപയില്‍ നിന്ന് 2021-22ല്‍ 12,698 രൂപയായി ഉയര്‍ന്നതായാണ് കണക്കുകള്‍. ഗ്രാമീണ കുടുംബങ്ങളിലെ ശരാശരി വാര്‍ഷിക സമ്പാദ്യം അഞ്ച് വര്‍ഷം മുമ്പ് 9,104 രൂപയായിരുന്നു. 2021-22ല്‍ ഇത് 13,209 രൂപയായി. 66% വര്‍ധന.
ഒരു ലക്ഷം ഗ്രാമീണ കുടുംബങ്ങളെ ഉള്‍പ്പെടുത്തി നബാര്‍ഡ് നടത്തിയ ഈ സര്‍വേ വെളിപ്പെടുത്തുന്ന മറ്റൊരു കാര്യമുണ്ട്. കേരളത്തില്‍ പകുതിയില്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ് സമ്പാദ്യമുള്ളത്! 93% കുടുംബങ്ങള്‍ക്കും സമ്പാദ്യശീലമുള്ള ഉത്തരാഖണ്ഡാണ് ഈ പട്ടികയില്‍ മുന്നില്‍. 84% പേര്‍ക്കും സമ്പാദ്യശീലമുള്ള ഉത്തര്‍പ്രദേശും ജാര്‍ഖണ്ഡും മുന്‍നിരയില്‍ തന്നെയുണ്ട്.
സമ്പാദ്യത്തില്‍ മുന്നില്‍ കാര്‍ഷിക കുടുംബങ്ങളാണ്. കാര്‍ഷികേതര കുടുംബങ്ങളില്‍ 58 ശതമാനത്തിന് മാത്രമാണ് സമ്പാദ്യമുള്ളത്. 11 സംസ്ഥാനങ്ങളില്‍ 70 ശതമാനത്തിലധികം കുടുംബങ്ങളും സമ്പാദിക്കുന്നു.
സാധാരണക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടാല്‍ മാത്രമേ സാമ്പത്തിക വളര്‍ച്ചയുണ്ടാവൂ. വരുമാനം കൂട്ടണം. വിലക്കയറ്റം പിടിച്ചുനിര്‍ത്തണം. ജോലി ലഭ്യത ഉറപ്പാക്കണം. നികുതി ഭാരം കുറയ്ക്കണം. നയങ്ങള്‍ തീരുമാനിക്കപ്പെടുന്നതില്‍ സാധാരണക്കാര്‍ക്ക് വലിയ പങ്കില്ല. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും വില കിട്ടുന്നത്. വോട്ടുറപ്പാക്കാനുള്ള സൗജന്യങ്ങള്‍ക്കപ്പുറം രാജ്യത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനുള്ള വിപ്ലവകരമായ തീരുമാനങ്ങളാണ് ഇപ്പോള്‍ വേണ്ടത്. ഇന്ത്യയില്‍ നയപരിഷ്‌കാരങ്ങള്‍ ഒട്ടേറെ സമീപവര്‍ഷങ്ങളില്‍ നടന്നിട്ടുണ്ടെങ്കിലും മധ്യവര്‍ഗത്തിന് ഗുണകരമാകുന്ന വിധത്തിലുള്ള നയങ്ങള്‍ കൂടുതല്‍ വരേണ്ടിയിരിക്കുന്നു.
നരസിംഹറാവുവിന്റെ ഭരണകാലത്ത് ഇന്ത്യയില്‍ നടന്നതുപോലെയുള്ള പൊളിച്ചെഴുത്തിനുള്ള സമയമാണിപ്പോഴെന്ന് അഭിപ്രായപ്പെടുന്നവരാണ് ബിസിനസ് സമൂഹം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയായ മെഡിസെപ്പ് മുതല്‍ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കുള്ള കാരുണ്യ പദ്ധതിയുടെ വരെ നടത്തിപ്പ് അവതാളത്തിലാകുമ്പോള്‍ സര്‍ക്കാരിന്റെ വരുമാനം കൂട്ടാനും ജനങ്ങള്‍ക്ക് ഉപകാരപ്രദവുമാകുന്ന വിധത്തിലുള്ള നടപടികള്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും എത്രമാത്രം വിപ്ലവകരമായി, ദീര്‍ഘവീക്ഷണത്തോടെ സാധാരണ ജനങ്ങളെ മുന്നില്‍ക്കണ്ട് ചുവടുവെയ്പ്പുകള്‍ നടത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നാടിന്റെ സാമ്പത്തിക ഭാവിയും.
Read DhanamOnline in English
Subscribe to Dhanam Magazine