Image : Canva 
Economy

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തിളങ്ങുമെന്ന് അമേരിക്കന്‍ ഏജന്‍സിയായ ഫിച്ച്; ചൈന തളരും

ചൈനയുടെ വളര്‍ച്ചാ അനുമാനം വെട്ടിത്താഴ്ത്തി

Dhanam News Desk

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുമെന്ന പ്രവചനവുമായി പ്രമുഖ അമേരിക്കന്‍ റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്. അടുത്ത സാമ്പത്തിക വര്‍ഷം (2024-25) ഇന്ത്യ 7 ശതമാനം ജി.ഡി.പി വളര്‍ച്ച നേടുമെന്നാണ് ഫിച്ച് പറയുന്നത്. ഫിച്ച് നേരത്തേ വിലയിരുത്തിയ 6.5 ശതമാനത്തേക്കാള്‍ 0.5 ശതമാനം അധികമാണിത്.

ആഭ്യന്തര ഉപഭോഗ വളര്‍ച്ച, നിക്ഷേപങ്ങളിലെ ഉണര്‍വ് എന്നിവയാകും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജമാവുകയെന്നും ഫിച്ച് പറയുന്നു. നേരത്തേ കേന്ദ്രസര്‍ക്കാരും ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാപ്രതീക്ഷ ആദ്യം വിലയിരുത്തിയ 7.3 ശതമാനത്തില്‍ നിന്ന് 7.6 ശതമാനമായി ഉയര്‍ത്തിയിരുന്നു.

കുതിക്കുമെന്ന് കേന്ദ്രസര്‍ക്കാരും; എതിരഭിപ്രായവുമായി സാമ്പത്തിക വിദഗ്ദ്ധര്‍

നടപ്പുവര്‍ഷവും (2023-24) അടുത്തവര്‍ഷവും (2024-25) ഇന്ത്യ 7 ശതമാനത്തില്‍ കുറയാത്ത വളര്‍ച്ച നേടുമെന്നാണ് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രാലയം പുറത്തിറക്കിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കിയത്.

കൊവിഡിന് ശേഷം തുടര്‍ച്ചയായി 4-ാം സാമ്പത്തിക വര്‍ഷവും 7 ശതമാനമോ അതിലധികമോ വളര്‍ച്ച നേടുന്നുവെന്ന റെക്കോഡുമാണ് ഇതുപ്രകാരം ഇന്ത്യ സ്വന്തമാക്കുക.

അതേസമയം, കേന്ദ്രത്തിന്റെ ഈ പ്രതീക്ഷകളെ തള്ളുന്നവാദമാണ് വിവിധ റേറ്റിംഗ്, ഗവേഷണ ഏജന്‍സികള്‍ മുന്നോട്ടുവച്ചത്. ഇന്ത്യ നടപ്പുവര്‍ഷം 6.3 മുതല്‍ 6.5 ശതമാനം വരെ മാത്രമേ വളരൂ എന്നാണ് ഒട്ടുമിക്ക ഏജന്‍സികളും അനുമാനിക്കുന്നത്. 2022-23ല്‍ ജി.ഡി.പി വളര്‍ച്ച 7.2 ശതമാനമായിരുന്നെങ്കിലും പിന്നീട് കേന്ദ്രമത് 7 ശതമാനമായി പുനര്‍നിര്‍ണയിച്ചു.

ചൈന തളരുന്നു

2024ല്‍ ആഗോള ജി.ഡി.പി 2.4 ശതമാനം വളരുമെന്ന് ഫിച്ച് പറയുന്നു. ആദ്യ വിലയിരുത്തലിനേക്കാള്‍ 0.3 ശതമാനം അധികമാണിത്. അമേരിക്കയുടെ വളര്‍ച്ചാപ്രതീക്ഷ 1.2ല്‍ നിന്ന് 2.1 ശതമാനത്തിലേക്ക് ഉയര്‍ത്തി.

അതേസമയം, ചൈന തളരുമെന്നും ഫിച്ച് ചൂണ്ടിക്കാട്ടുന്നു. ആദ്യം വിലയിരുത്തിയ 4.6ല്‍ നിന്ന് 4.5 ശതമാനത്തിലേക്കാണ് ചൈനയുടെ വളര്‍ച്ചാപ്രതീക്ഷ വെട്ടിക്കുറച്ചത്. ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന പ്രതിസന്ധിയും പണച്ചുരുക്ക (Deflation) വെല്ലുവിളികളുമാണ് ചൈനയ്ക്ക് തിരിച്ചടിയാവുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT